മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പ് തുടരുന്നു
സുതാര്യതയും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി ബില്‍- 2022 വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പു തുടരുകയാണ്. നബാര്‍ഡ് ( നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ) , NAFCARD ( നാഷണല്‍ കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്‌സ് ഫെഡറേഷന്‍ ), NCCF ( നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ), NCDC ( നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളില്‍ നിന്നാണു സമിതി തിങ്കളാഴ്ച തെളിവെടുത്തതെന്നു ‘ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘ റിപ്പോര്‍ട്ട് ചെയ്തു. 2022 ഡിസംബര്‍ ഏഴിനു ലോക്‌സഭയില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഭേദഗതിബില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണു സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടത്.
ലോക്‌സഭയില്‍ നിന്നു ഇരുപത്തിയൊന്നും രാജ്യസഭയില്‍ നിന്നു പത്തും അംഗങ്ങളാണു സമിതിയിലുള്ളത്. മാര്‍ച്ചില്‍ തുടങ്ങുന്ന രണ്ടാം ബജറ്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനാണു സമിതിക്കു ലഭിച്ചിട്ടുള്ള നിര്‍ദേശം. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ ഭരണം ശക്തിപ്പെടുത്തുക, സംഘങ്ങളിലെ തിരഞ്ഞെടുപ്പു പ്രക്രിയ പരിഷ്‌കരിക്കുക, നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ബില്‍കൊണ്ടുദ്ദേശിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നു ആരോപിച്ചാണു പ്രതിപക്ഷം ബില്ലിനെപ്പറ്റി വിശദമായി പഠിക്കണമെന്നാവശ്യപ്പെട്ടത്.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ ( PACS ) ഇല്ലാത്ത പ്രദേശങ്ങളില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം NAFCARD പ്രതിനികള്‍ ശക്തമായി മുന്നോട്ടുവെച്ചുവെന്നാണ് അറിയുന്നത്. കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവര്‍ത്തനം ലളിതമാക്കാന്‍ നബാര്‍ഡിന്റെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അവര്‍ നിര്‍ദേശിച്ചു. കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ രാജ്യത്തു പതിനാറു സംസ്ഥാനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്നതിനാല്‍ അവയുടെ വ്യാപനത്തിനായി നിയമഭേദഗതി വേണമെന്നാണു NAFCARD ന്റെ വാദം. കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ അംഗങ്ങളായതിനാല്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ ദുര്‍ബലമായിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്കു വായ്പ ഉറപ്പാക്കാന്‍ ഗ്രാമവികസന ബാങ്കുകള്‍ക്കാവുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നിഷ്‌ക്രിയ ആസ്തിക്കു പരിഹാരം കാണാനായി കടം തിരിച്ചുപിടിക്കുന്നതിനു കമേഴ്‌സ്യല്‍ ബാങ്കുകളിലുള്ളതുപോലുള്ള നാഷണല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി സഹകരണ ബാങ്കുകള്‍ക്കും രൂപവത്കരിക്കണമെന്നു NAFCARD പ്രതിനിധികള്‍ നിര്‍ദേശിച്ചു.
ഡയരക്ടര്‍ ബോര്‍ഡംഗങ്ങളുടെ വെര്‍ച്ച്വല്‍ യോഗങ്ങള്‍ക്കു അംഗീകാരം നല്‍കണമെന്നതായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ ഉയര്‍ന്ന മറ്റൊരാവശ്യം. ക്വാറം തികയാന്‍ അംഗങ്ങളുടെ ശാരീരികസാന്നിധ്യം വേണമെന്ന നിയമം എടുത്തുകളയണമെന്നാണു ഒരു പ്രതിനിധി വാദിച്ചത്. ചെലവു ചുരുക്കാനും ഡയരക്ടര്‍മാരുടെ സമയം പാഴാകുന്നതു ഒഴിവാക്കാനും ഇതു സഹായിക്കും – പ്രതിനിധി അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ സി.പി. ജോഷിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് അനക്‌സിലാണു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നത്.