മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വോട്ടവകാശമില്ലാത്ത ഓഹരികള്‍ നല്‍കാം
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വ്യവസായ-വാണിജ്യ മന്ത്രാലയം നടപ്പാക്കിയ ‘ഈസ് ഓഫ് ഡൂയിങ്’ പരിഷ്‌കാരത്തിന്റെ മാതൃക മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കായി സഹകരണ മന്ത്രാലയവും നടപ്പാക്കുകയാണ്. സംഘങ്ങള്‍ക്ക് മൂലധനം കണ്ടെത്തുന്നതിന് വോട്ടവകാശമില്ലാത്ത ഓഹരി നല്‍കാമെന്ന് കേന്ദ്രസഹകരണ മന്ത്രാലയം വ്യക്തമാക്കി.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ബൈലോയില്‍ വ്യവസ്ഥ ചെയ്ത ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏറ്റെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എങ്കിലും, കേന്ദ്രമന്ത്രാലയത്തില്‍നിന്ന് അനുമതി ആവശ്യമുള്ളവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. മന്ത്രാലയം ആവശ്യപ്പെടുന്ന രേഖകളും ഓണ്‍ലൈനായിതന്നെ നല്‍കിയാല്‍ മതി. ഓരോ അപേക്ഷയിലും കാലതാമസമുണ്ടാകാതെ തീര്‍പ്പുണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി ഫയല്‍ നീക്കം ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. പുതിയ ബിസിനസ് ആവശ്യത്തിന് ബൈലോയില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതി നടപടികളും ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മൂലധന നിക്ഷേപം കണ്ടെത്തുന്നതിനാണ് പുതിയ ഓഹരി വ്യവസ്ഥ കൊണ്ടുവന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ബിസിനസില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് വോട്ടവകാശമില്ലാത്ത ഓഹരി ഉടമകളാകാം. ഇവരുടെ നിക്ഷേപം ഓഹരിയായി കണക്കാക്കുമെങ്കിലും അത്തരം അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കേണ്ടതില്ല. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങളില്‍ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, വോട്ടവകാശമില്ലാതെ ഓഹരി ഉടമകളാക്കുന്ന രീതി നിലവില്‍ ഒരു സംസ്ഥാനത്തെയും സഹകരണ സംഘങ്ങളില്‍ നിലവിലില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് സെക്യൂരിറ്റി നിക്ഷേപങ്ങള്‍ക്കും അനുമതിയുണ്ട്. എന്നാല്‍, സുരക്ഷിതമല്ലാത്ത സെക്യുരിറ്റികളില്‍ നിക്ഷേപം പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. വായ്പ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ പ്രുഡന്‍ഷ്യല്‍ നോംസ് പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ദേശീയതലത്തിലുള്ള അപ്പക്‌സ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പാര്‍ല്ലമെന്റില്‍ വെക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണിത്.