മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ അറ്റലാഭത്തിന്റെ ഒരു ശതമാനം കേന്ദ്രവിദ്യാഭ്യാസഫണ്ടില്‍ അടയ്ക്കണം

moonamvazhi

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ തങ്ങളുടെ അറ്റലാഭത്തിന്റെ ഒരു ശതമാനം ഓരോ വര്‍ഷവും സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്ക് അടയ്ക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം ആവശ്യപ്പെട്ടു. അതതു സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഈ തുക അടയ്ക്കണമെന്നാണു നിര്‍ദേശം. ഈ വിദ്യാഭ്യാസഫണ്ട് കൈകാര്യം ചെയ്യുന്നതു കേന്ദ്രസര്‍ക്കാരാണ്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘനിയമഭേദഗതി – 2023 പ്രകാരം രൂപം കൊണ്ട വിദ്യാഭ്യാസഫണ്ടിലേക്കു അറ്റലാഭത്തിന്റെ ഒരു ശതമാനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കുലര്‍ തിങ്കളാഴ്ചയാണു മന്ത്രാലയം പുറത്തിറക്കിയത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ( ഭേദഗതി ) നിയമം ആഗസ്റ്റ് മൂന്നിനും ചട്ടങ്ങള്‍ ആഗസ്റ്റ് നാലിനും ഗസറ്റ് വിജ്ഞാപനമായി ഇറങ്ങിയിട്ടുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു.

വിദ്യാഭ്യാസഫണ്ടിന്റെ ഏക കസ്റ്റോഡിയന്‍ തങ്ങളായിരിക്കണമെന്ന ദേശീയ സഹകരണ യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) യുടെ വാദം തള്ളിക്കൊണ്ടാണു ഫണ്ടിന്റെ പരിപാലനം കേന്ദ്രസര്‍ക്കാരിനു കീഴിലാക്കിയത്. NCUI നേതാക്കള്‍ ഈയാവശ്യമുന്നയിച്ചു കേന്ദ്രസര്‍ക്കാരിനെയും മള്‍ട്ടി സ്റ്റേറ്റ് സഹകരണനിയമ ഭേദഗതിബില്‍ പരിഗണിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഫണ്ട് ശേഖരിക്കുന്നതു സഹകരണസംഘങ്ങളില്‍നിന്നായതിനാല്‍ സര്‍ക്കാരിന് ഫണ്ടില്‍ ഒരു പങ്കുമില്ലെന്നായിരുന്നു NCUI യുടെ വാദം.

കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു സമിതിയായിരിക്കും സഹകരണ വിദ്യാഭ്യാസഫണ്ട് കൈകാര്യം ചെയ്യുക എന്നു പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തില്‍ പറയുന്നു. സഹകരണമന്ത്രാലയം സെക്രട്ടറി ചെയര്‍പേഴ്‌സണായുള്ള സമിതിയില്‍ സെന്‍ട്രല്‍ രജിസ്ട്രാര്‍, സഹകരണമന്ത്രാലയത്തിനുള്ള സാമ്പത്തികോപദേഷ്ടാവ്, ഡല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെക്രട്ടറി, എന്‍.സി.യു.ഐ. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പുണെയിലെ വൈകുണ്ഠമേത്ത ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ദേശീയ സഹകരണ സര്‍വകലാശാലാ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. സഹകരണ വിദ്യാഭ്യാസഫണ്ട് പ്രത്യേക അക്കൗണ്ടിലാകും സൂക്ഷിക്കുക. സമിതിയുടെ അംഗീകാരത്തോടെ മാത്രമേ ഫണ്ടിലെ തുക കൈകാര്യം ചെയ്യാന്‍ അനുവദിക്കുകയുള്ളു. എന്‍.സി.യു.ഐ. കൈകാര്യം ചെയ്യുന്ന സഹകരണ വിദ്യാഭ്യാസഫണ്ടില്‍ ബാക്കിനില്‍ക്കുന്ന തുക പുതിയ ഫണ്ടിലേക്കു കൈമാറണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News