മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെക്കുറിച്ച് കേന്ദ്രത്തോട് ചിലതു പറയേണ്ടതുണ്ട്

എഡിറ്റര്‍

ഓരോ ഗ്രാമത്തിലും ഒരു സഹകരണസ്ഥാപനം എന്ന നെഹ്റുവിയന്‍ സ്വപ്നത്തെ എന്നോ സാക്ഷാത്കരിച്ചവരാണു നമ്മള്‍. നാട്ടിലെ ഓരോ പ്രദേശത്തും സഹകരണസംഘങ്ങള്‍ തുടങ്ങാന്‍ മത്സരിക്കുന്നവരാണു നമ്മള്‍. ഓരോ സംഘവും ആ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയെ നിയന്ത്രിക്കുന്നുണ്ട്. നമ്മുടെ എല്ലാ വായ്പാആവശ്യങ്ങള്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന സംഘം നമ്മുടെ ജീവിതത്തിലെ ഒരവിഭാജ്യഘടകംതന്നെയായി മാറിക്കഴിഞ്ഞു. എന്നാല്‍, ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയാക്കി രൂപം കൊള്ളുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളോട് നിലവില്‍ കേരളസമൂഹത്തിന് ഒരു വിമുഖതയുണ്ട്. നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനവും സുരക്ഷ ഉറപ്പില്ലാത്ത നിക്ഷേപം സ്വീകരിക്കലുമാണ് അതിനു പ്രധാനകാരണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ നിക്ഷേപത്തിനും വായ്പയ്ക്കും നിലവില്‍ ആ സംഘങ്ങളുടെ ഭരണസമിതിയാണു പലിശനിരക്ക് നിശ്ചയിക്കുന്നത്. കേരളത്തിലെ സഹകരണസംഘങ്ങളില്‍ പലിശ നിശ്ചയിക്കുന്നതു സഹകരണസംഘം രജിസ്ട്രാറാണ്. റിസര്‍വ് ബാങ്കിന്റെ സമീപനം അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷ പരിഗണിച്ചുള്ള പലിശനിരക്കാണു രജിസ്ട്രാര്‍ നിശ്ചയിക്കുന്നത്. ഇതു സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും നിലനിര്‍ത്തുന്നതിന്റെ പ്രധാന ഘടകമാണ്. ഈ സമൂഹത്തിലേക്കാണ് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ എത്തുന്നത്. കേരളത്തില്‍ സഹകരണമേഖലയോടുള്ള ജനങ്ങളുടെ വിശ്വാസ്യത ചൂഷണം ചെയ്തു പരമാവധി നിക്ഷേപം സ്വരൂപിക്കുക എന്ന ലക്ഷ്യം ഈ മള്‍ട്ടി സംഘങ്ങള്‍ക്കുണ്ട്. ഇതു സംസ്ഥാനങ്ങളിലെ സഹകരണരംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നതും അതുവഴി കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേരളത്തിലേക്ക് എത്താനുള്ള സാധ്യത ഉണ്ടാകുന്നതും.

സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഏതു സഹകരണസംഘത്തെയും മള്‍ട്ടിസ്റ്റേറ്റ് സംഘത്തില്‍ ലയിപ്പിക്കാമെന്നതാണു നിയമത്തിലെ വ്യവസ്ഥ. ഇതിനു സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയും വേണ്ട. ഈ വ്യവസ്ഥ കേരളത്തിലേക്കു കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെത്താനുള്ള സാധ്യത വര്‍ധിപ്പിക്കും. അതോടെ, സഹകരണരംഗം കൂടുതല്‍ പ്രശ്നങ്ങളിലേക്കും പ്രതിസന്ധിയിലേക്കും എത്തും. നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടാല്‍ അതു സഹകരണമേഖലയിലുള്ള വിശ്വാസ്യതതന്നെ ഇല്ലാതാക്കും. അതിനാല്‍, കേന്ദ്രനിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ നല്ല ജാഗ്രത ഈ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. നിയമപരമായാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ രൂപവത്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനാല്‍, അവ പാടില്ലെന്ന് ഒരു സംസ്ഥാനത്തിനും നിലപാട് സ്വീകരിക്കാനാവില്ല. പക്ഷേ, ഒരു സംസ്ഥാനത്തിലെ സാമ്പത്തികനിലയെ തകിടം മറിക്കുന്ന പ്രവര്‍ത്തനത്തിനു നിയന്ത്രണം വേണ്ടതുണ്ട്. അതിനാല്‍, സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്നതു തടയണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണം. ഒരു സംസ്ഥാനത്തു സഹകരണസംഘങ്ങളില്‍ രണ്ടുതരം പലിശനിരക്ക് തടയേണ്ടതാണ്. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയിലും കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനസംഘങ്ങളെ ലയിപ്പിക്കുന്നതു നിയന്ത്രിക്കാന്‍ സംസ്ഥാനനിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരണം. സഹകരണം സംസ്ഥാനവിഷയമായതുകൊണ്ടുതന്നെ സംസ്ഥാനനിയമത്തെ മറികടന്നു ലയനം സാധ്യമാക്കുക പ്രയാസമായിരിക്കും. അതേസമയം, കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തു മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന് ഏറെ സാധ്യതകളുമുണ്ട്. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇത്തരം സംഘങ്ങളെ കേരളത്തിന് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നതു പരിശോധിക്കേണ്ടതാണ്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രാധാന്യവും ആവശ്യകതയും കേരളം നേരത്തെ മനസ്സിലാക്കിയതിന്റെ തെളിവാണു കാംപ്കോ.

Leave a Reply

Your email address will not be published. Required fields are marked *

Latest News