മള്‍ട്ടി സ്റ്റേറ്റ് സംഘം നിയമഭേദഗതി ബില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയേക്കും

moonamvazhi
ബഹു സംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് ) സഹകരണ സംഘം നിയമ ( ഭേദഗതി ) ബില്‍ – 2022 ഈ വരുന്ന വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ പരിഗണനയ്‌ക്കെടുത്തു പാസാക്കിയേക്കും. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം ഭേദഗതി ചെയ്യാനാണു പുതിയ ബില്‍.

ലോക്‌സഭയില്‍ അവതരിപ്പിച്ചു സംയുക്ത പാര്‍ലമെന്ററി സമിതികള്‍ക്കു വിട്ടതുള്‍പ്പെടെ 21 ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘനിയമ ഭേദഗതിബില്ലും ഇതില്‍പ്പെടും. 2022 ഡിസംബര്‍ ഏഴിനാണു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ ഇരുപതിനു ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടുകയും ചെയ്തു. ആഗസ്റ്റ് 11 വരെ നീളുന്ന വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കുമെന്നു ഈയിടെ ഡല്‍ഹിയില്‍ നടന്ന സഹകരണ കോണ്‍ഗ്രസ്സില്‍ മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ബില്ലിലെ നിര്‍ദിഷ്ട ഭേദഗതികളില്‍ ഭൂരിഭാഗവും ചന്ദ്രപ്രകാശ് ജോഷിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചിട്ടുണ്ട്. സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി, സഹകരണ ഓംബുഡ്‌സ്മാന്‍, സഹകരണ പുനരധിവാസഫണ്ട് തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം സമിതി അംഗീകരിച്ചവയില്‍പ്പെടും. നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ സംസ്ഥാന സഹകരണസംഘങ്ങളെ ലയിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഭരണവും സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണു ബില്‍ കൊണ്ടുവന്നതെന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News