മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളിലെ തിരഞ്ഞെടുപ്പിന് കേന്ദ്ര കമ്മീഷന്‍ വരുന്നു
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പിന് പ്രത്യേക തിരഞ്ഞെടുപ്പ്
കമ്മീഷന്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭരണസമിതി തിരഞ്ഞെടുപ്പിലടക്കം
നിയന്ത്രണം കൊണ്ടു വരാനാണ് നീക്കമെന്നാണ് സൂചന. ഭരണസമിതി അംഗങ്ങളുടെ എണ്ണം പരമാവധി 21 ആയിരിക്കും. ഒരു സമിതി രൂപീകരിച്ച് അതിന്റെ നിയന്ത്രണത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അഡീഷണല്‍ സെക്രട്ടറി ചെയര്‍മാനും ജോയിന്റ് സെക്രട്ടരി വൈസ് ചെയര്‍മാനുമായിട്ടായിരിക്കും സമിതി രൂപീകരിക്കുക.
ഭരണ സമിതി അംഗങ്ങളില്‍ ഒരാള്‍ പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായിരിക്കണം.
രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം. സാമ്പത്തിക, ബാങ്കിങ് മേഖലകളില്‍ പ്രാവീണ്യമുള്ള രണ്ട് അംഗങ്ങളെ തിരഞ്ഞെടുപ്പ് കൂടാതെ ഡയറക്ടര്‍ ബോര്‍ഡില്‍
ഉള്‍പ്പെടുത്താം. എന്നാല്‍, ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. നിയമലംഘനം നടത്തുന്ന സംഘത്തില്‍ നിന്നും 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന തരത്തിലുള്ള വകുപ്പും കൊണ്ടുവരും. സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി അഞ്ച് കോടി രൂപ വരെ
അനുവദിക്കുന്ന കാര്യം പരിഗണിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന കാര്യം 97 -ാം ഭരണഘടനാഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. അതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര സര്‍ക്കാരിന് കീഴിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും
കേന്ദ്ര ഭരണപ്രദേശങ്ങളിലെ സംഘങ്ങള്‍ക്കുമാകും ഇത് ബാധകമാവുക.
പുതിയ സഹകരണനയം രൂപീകരിക്കുന്നതിന് മുന്നോടിയായി
സംസ്ഥാനങ്ങളില്‍ നിന്നും സഹകരണഫെഡറേഷനുകളില്‍ നിന്നും
കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായരൂപീകരണം നടത്തുകയാണ്.
ഇതോടൊപ്പം 2002ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമവും
കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യും.