മലബാര്‍ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും: മില്‍മ

Deepthi Vipin lal

മലബാറിലെ ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി അധിക പാല്‍വില നല്‍കുമെന്ന് മില്‍മ. ഫെബ്രുവരി മാസത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ മില്‍മയ്ക്കു നല്‍കുന്ന പാലിന് ഗുണ നിലവാരത്തിനനുസൃതമായി ലിറ്ററിന് ഒരു രൂപ നിരക്കില്‍ അധികമായി നല്‍കാനാണ് തീരുമാനം. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധിക പാല്‍വില നല്‍കുന്നതിനായി 2.3 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന്് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.

7.6 ലക്ഷം ലിറ്റര്‍ പാലാണ് മലബാറില്‍ നിന്ന് മില്‍മ പ്രതിദിനം സംഭരിക്കുന്നത്. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഫ്) വൈക്കോലിന് കിലോഗ്രാമിന് 50 പൈസയും ചോളപ്പൊടിക്ക് കിലോഗ്രാമിന് ഒരു രൂപയും ഡിസ്‌കൗണ്ടും നല്‍കും. വര്‍ധിച്ചു വരുന്ന ക്ഷീരോത്പാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പൊതുയോഗത്തില്‍ മേഖലാ ചെയര്‍മാന്‍ കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലെ 1136 അംഗ സംഘങ്ങളിലെ ആളുകള്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പിന്നിട്ട വര്‍ഷങ്ങളില്‍ സമസ്ത മേഖലകളും പ്രതിസന്ധി നേരിട്ടപ്പോള്‍ തളരാതെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച മേഖലയാണ് കേരളത്തിലെ ക്ഷീരോത്പാദന മേഖലയെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News