മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം 12 ക്ഷേത്രങ്ങളില്‍ ഔഷധസസ്യക്കൃഷി തുടങ്ങുന്നു
തൃശ്ശൂര്‍ മറ്റത്തൂരിലെ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം 12 ക്ഷേത്രങ്ങളില്‍ ഔഷധസസ്യക്കൃഷിയൊരുക്കുന്നു. കൂടല്‍മാണിക്യ ക്ഷേത്രത്തിലും ദേവസ്വത്തിനു കീഴിലെ 11 കീഴേടം ക്ഷേത്രാങ്കണങ്ങളിലുമാണ് ഔഷധസസ്യക്കൃഷി തുടങ്ങുന്നത്.
തുളസി, കുറുന്തോട്ടി, ശതാവരി, കൊടുവേലി തുടങ്ങിയ ഔഷധസസ്യങ്ങളും അശോകമുള്‍പ്പെടെയുള്ള ഔഷധവൃക്ഷങ്ങളുമാണു കൃഷി ചെയ്യുക. ഇതിനുള്ള ധാരണാപത്രം ഈ മാസം കൈമാറും. ആദ്യഘട്ടത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തോടു ചേര്‍ന്നു അഞ്ചേക്കറില്‍ കുറുന്തോട്ടിയും അയ്യങ്കാവ് ക്ഷേത്രാങ്കണത്തില്‍ തുളസിയും കൃഷി ചെയ്യും. ഇതോടൊപ്പം, എല്ലാ ക്ഷേത്രപ്പറമ്പുകളിലുമായി 1500 അശോകവൃക്ഷങ്ങളും വളര്‍ത്തും.
ഔഷധത്തെകളും വളവും സാങ്കേതികനിര്‍ദേശവും മറ്റത്തൂര്‍ സഹകരണ സംഘം നല്‍കും. ദേവസ്വമാണു നിലമൊരുക്കലും പരിപാലനവും നിര്‍വഹിക്കുക. ക്ഷേത്രം തുളസിയും മറ്റത്തൂര്‍ സംഘം ഔഷധസസ്യങ്ങളും ശേഖരിക്കും.
ഗുരുവായൂരപ്പനു വര്‍ഷങ്ങളായി നിത്യപൂജയ്ക്കു നിവേദ്യ കദളിക്കുല നല്‍കുന്നതു മറ്റത്തൂര്‍ സഹകരണ സംഘമാണ്.