മത്സ്യക്കൃഷിയില്‍ സനിലിന് മിന്നുംവിജയം
(2020 നവംബര്‍ ലക്കം)
കൊല്ലങ്കോട്ടെ എസ്. സനില്‍ കുമാര്‍ മുപ്പത് സെന്റില്‍ തുടങ്ങിയ മത്സ്യക്കൃഷി അമ്പതേക്കറിലേക്കു വരെ വ്യാപിപ്പിച്ചു. പച്ചക്കറി കൃഷി ചെയ്തും വിത്തുല്‍പ്പാദിപ്പിച്ചും നേട്ടം കൊയ്തു. ഇനി സ്വന്തമായി മത്സ്യക്കുഞ്ഞുല്‍പ്പാദന കേന്ദ്രം തുടങ്ങാന്‍ പോവുകയാണ് മണ്ണിന്റെ മനസ്സുള്ള ഈ കര്‍ഷകന്‍.
ആത്മാര്‍പ്പണമാണ് ഏതു തൊഴിലിന്റെയും വിജയമെന്ന് പാലക്കാട് കൊല്ലങ്കോട് കിഴക്കേത്തറ മീനിക്കോട് കളത്തില്‍ എസ്. സനില്‍കുമാര്‍ തെളിയിക്കുന്നു. മുപ്പതു സെന്റ് സ്ഥലത്തെ മത്സ്യക്കൃഷി ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ അമ്പതേക്കറിലേക്ക് വ്യാപിപ്പിച്ച ഈ നാല്‍പ്പത്തഞ്ചുകാരന്റെ സ്ഥിരോത്സാഹം കാര്‍ഷിക കേരളത്തിന് മാതൃകയാവുകയാണ്.
പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗമായതുകൊണ്ട് കുട്ടിക്കാലം മുതലേ മനസ്സില്‍ പച്ചപ്പ് പടര്‍ന്നിരുന്നു. അച്ഛന്‍ സുദര്‍ശനൊപ്പം കാര്‍ഷികവൃത്തിയെ തൊട്ടും തലോടിയും നേടിയ ബാല്യകൗതുകവും ആനന്ദവിജ്ഞാനവും സനില്‍ കുമാറിനെ സ്‌കൂള്‍ പഠന ശേഷം പൂര്‍ണസമയ കര്‍ഷകനാക്കുകയായിരുന്നു.
തുടക്കം പച്ചക്കറി കൃഷിയില്‍
വിസ്തൃതമായ സ്ഥലമുണ്ടെങ്കിലും വെള്ളത്തിന്റെ കുറവ് നെല്‍ക്കൃഷിയെ സാരമായി ബാധിക്കുന്നത് കണ്ടുകൊണ്ടാണ് സനില്‍ കുമാര്‍ കൃഷിപാഠങ്ങള്‍ പഠിച്ചത്. അതുകൊണ്ടുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്തുകൊണ്ടായിരുന്നു തുടക്കം. വിളവിന് വിലസ്ഥിരതയില്ലാത്ത കൃഷി നഷ്ടമാകുമെന്ന് ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ ബോധ്യമായി. 1996 ല്‍ സര്‍ക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിത്തുല്‍പ്പാദന രംഗത്തേക്ക് കടന്നു. ഇതിനായി രൂപവത്കരിച്ച കര്‍ഷക സംഘത്തില്‍ അംഗമായി. കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക പരിശീലനം നേടി. കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ജലസേചനം ഉറപ്പാക്കി. വിത്തുല്‍പ്പാദനവും 30 സെന്റിലാണ് ആദ്യം തുടങ്ങിയത്. അത് ഏഴ് ഏക്കറിലേക്കു വ്യാപിപ്പിച്ചു. ഉല്‍പ്പാദിപ്പിക്കുന്ന വിത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നതുകൊണ്ട് ലാഭം ഉറപ്പാണ്. ഒരേതരം പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ നഷ്ടസാധ്യത ഉണ്ടാകുമെന്നുകണ്ട് വിവിധയിനം പച്ചക്കറികള്‍ ഒരേസമയം വിളവിറക്കുന്ന രീതിയും സ്വീകരിച്ചിരുന്നു. വിത്തുല്‍പ്പാദന പദ്ധതിയുടെ മൂന്നു വര്‍ഷ കാലയളവില്‍ എല്ലാ വര്‍ഷവും ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിത്തുല്‍പ്പാദിപ്പിച്ച കര്‍ഷകനുള്ള ബഹുമതി സനില്‍ കുമാര്‍ നേടുകയും ചെയ്തു.
വിത്തുല്‍പ്പാദന പദ്ധതി തീര്‍ന്നപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം സനിലിന് മുമ്പില്‍ ഉയര്‍ന്നു വന്നു. അപ്പോഴാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി തുടങ്ങിയത്. കൃഷിയില്‍ പുതുമയും പരീക്ഷണവും ഇപ്പോഴും കൊതിക്കുന്ന സനില്‍ ഈ പദ്ധതിയും ഏറ്റെടുത്തു. ഇതിനായി പ്രത്യേക പരിശീലനവും നേടി. സ്വന്തം കൃഷിസ്ഥലത്ത് ആറേക്കര്‍ കുളമുണ്ട്. മൂന്നര ഏക്കര്‍ നെല്‍പ്പാടം കുഴിച്ച് ജലാശയമാക്കി. ഇവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് ഫിഷറീസ് വകുപ്പിന് നല്‍കി. അഞ്ചു വര്‍ഷത്തോളം മത്സ്യക്കുഞ്ഞുല്‍പ്പാദനം നടന്നു.
മത്സ്യക്കൃഷിയിലും വിജയം
സര്‍ക്കാര്‍ പദ്ധതിയുടെ കാലാവധി തീര്‍ന്നപ്പോള്‍ വീണ്ടും ഇനിയെന്തെന്ന ചോദ്യമുയര്‍ന്നു. ഓരോ ജോലിയും പുതിയ പാഠമാവുകയും ഓരോ തടസ്സവും വിജയപടവുകളായി മാറുകയും ചെയ്തുവെന്നതാണ് സനില്‍ കുമാറിന്റെ ജീവിതത്തിലെ സവിശേഷത. മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ന്ന കുളങ്ങളും പാടങ്ങളും കണ്മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. സനില്‍ അധികമാലോചിച്ചില്ല. മത്സ്യക്കൃഷി തുടങ്ങി. 2004 ല്‍ 30 സെന്റ് സ്ഥലത്തെ ജലാശയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇവയെ പരിചരിച്ച് വളരാന്‍ യോഗ്യമാക്കിയ ശേഷം മൂന്നേക്കറിലേക്കു തുറന്നു വിട്ടു. ആദായമെന്നു കണ്ടതോടെ പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്തും ആദ്യഘട്ടത്തില്‍ കൃഷി തുടങ്ങി. തുടര്‍ന്ന് അമ്പത് ഏക്കറില്‍ വരെ സനില്‍ മത്സ്യക്കൃഷി നടത്തി. ശുദ്ധജല മത്സ്യങ്ങളില്‍ മിക്കതും കൃഷി ചെയ്യുന്നുണ്ട്. വാള, സിലോപ്പിയ, കട്‌ല, റൂഹു, ഭൃഗാല തുടങ്ങി വിവിധയിനം മത്സ്യങ്ങള്‍ ഒരേസമയം വളര്‍ത്തുന്നത് കൃഷി ലാഭകരമാക്കാനാണ്. മാര്‍ക്കറ്റില്‍ ചിലയിനം മീനുകള്‍ക്ക് ഡിമാന്‍ഡ് കൂടുമ്പോള്‍ അതിന്റെ വിളവെടുപ്പ് നടത്തും. കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോഴും കൂടുതല്‍ വിളവെടുത്ത് മാര്‍ക്കറ്റിലെത്തിക്കും. ചില ആഘോഷാവസരങ്ങളിലും പ്രത്യേകമായി വിളവെടുക്കും. ആദ്യഘട്ടത്തില്‍ മീനുകളെ മാര്‍ക്കറ്റില്‍ നേരിട്ടെത്തിച്ച് വില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഏജന്റുമാര്‍ സ്ഥലത്തു വന്നു മീനുകള്‍ കൊണ്ടുപോകും.
25 ഏക്കറില്‍ നെല്‍ക്കൃഷി
മത്സ്യക്കൃഷി വ്യാപകമാക്കിയതിനൊപ്പം ഇതിനോട് ചേര്‍ന്ന് നെല്‍ക്കൃഷിയും തുടങ്ങി. മത്സ്യക്കുളങ്ങളിലെ ജലാവശിഷ്ടങ്ങള്‍ നെല്ലിന് വളമാക്കിക്കൊണ്ടുള്ള കൃഷിരീതി അവലംബിച്ചു. ഇങ്ങനെ 25 ഏക്കറില്‍ ചെയ്യുന്ന നെല്‍ക്കൃഷി നന്നായി വിളയുന്നുമുണ്ട്. ഇതിനു പുറമെ ആദ്യം തുടങ്ങിയ പച്ചക്കറിക്കൃഷി എട്ട് ഏക്കറില്‍ തുടരുന്നുണ്ട്. ലാഭസാധ്യത പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്രീയവും കാലാനുസൃതവുമായ വിള രീതികളാണ് സനില്‍ നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെ ലാഭം ഉറപ്പാണ്. എല്ലാ കൃഷിയും ഒന്നിച്ചു നോക്കിനടത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ പച്ചക്കറി രംഗം അനുജന്‍ സന്തോഷ് കുമാറിനെ ഏല്‍പിച്ചു. സന്തോഷും കാര്‍ഷിക പരിശീലനം കഴിഞ്ഞ് ഈ രംഗത്ത് വൈദഗ്ദ്യം നേടിയിട്ടുണ്ട്.
നാലിടങ്ങളിലായാണ് സനിലിന്റെ ഫാമുകള്‍. മത്സ്യക്കൃഷി 30 ഏക്കറിലാക്കി പരിമിതപ്പെടുത്തി. എല്ലായിടത്തും ജോലിക്കാരുണ്ടെങ്കിലും സനില്‍ ഇപ്പോഴും അവര്‍ക്കൊപ്പം പണി ചെയ്യും. രാവിലെ ഒമ്പതു മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ എട്ടു മണിയെങ്കിലുമാകും തിരിച്ചെത്താന്‍.
അച്ഛന്‍ സുദര്‍ശന്റെ ഉറച്ച പിന്തുണയാണ് തന്റെ കാര്‍ഷിക വിജയഗാഥക്കു പിന്നിലെന്നു സനില്‍ ഉറച്ചു വിശ്വസിക്കുന്നു. കാര്‍ഷിക രംഗത്തെ വൈവിധ്യ പരീക്ഷണത്തെ പരമ്പരാഗത കര്‍ഷകനായ അച്ഛന്‍ എതിര്‍ത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വളര്‍ച്ച നേടുമായിരുന്നില്ല. ഭാര്യ മോനിഷ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ട്. മക്കള്‍ സൂര്യഗായത്രിയും സൂര്യദേവും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇവരെ ഇപ്പോഴേ മണ്ണില്‍ ചവിട്ടി വളര്‍ത്തുന്നുണ്ട് സനില്‍. എല്ലാം പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് കൃഷിയോട് ആഭിമുഖ്യം തോന്നുമെന്ന് സനില്‍ പറയുന്നു.
മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം സ്വന്തമായി തുടങ്ങണമെന്നതാണ് അടുത്ത ആഗ്രഹം. ഇപ്പോള്‍ കൊല്‍ക്കൊത്തയില്‍ നിന്ന് നേരിട്ട് കൊണ്ടുവന്നാണ് വളര്‍ത്തി വലുതാക്കുന്നത്. ഒരു മത്സ്യത്തില്‍ നിന്ന് പതിനായിരം കുഞ്ഞുങ്ങളെ വരെ വിരിയിക്കാനാകും. പുതിയ ഇനം മത്സ്യങ്ങളെക്കൂടി വളര്‍ത്തി കൃഷി കൂടുതല്‍ ആനന്ദകരവും ആദായകരവുമാക്കാന്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് മണ്ണിന്റെ മനസ്സുള്ള ഈ കര്‍ഷകന്‍.