ഭിന്നശേഷിക്കാര്‍ക്കു സംഘങ്ങള്‍ വഴിതൊഴില്‍ സംരംഭം തുടങ്ങാന്‍ മൂന്നു ലക്ഷം വരെ വായ്പ
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ( 2022 ഫെബ്രുവരി പത്തു മുതല്‍ മെയ് ഇരുപതുവരെ ) ഭാഗമായി കേരള ബാങ്ക് / അര്‍ബന്‍ ബാങ്കുകള്‍ / പ്രാഥമിക സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ എന്നിവ മുഖേന ഭിന്നശേഷിക്കാര്‍ക്കു ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഓരോ പ്രാഥമിക സംഘവും / ബാങ്കും പദ്ധതിയുടെ കാലയളവില്‍ കുറഞ്ഞത് അഞ്ചു പേര്‍ക്കെങ്കിലും വായ്പ അനുവദിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒരാള്‍ക്കു പരമാവധി മൂന്നു ലക്ഷം രൂപ വായ്പയായി നല്‍കണം.
സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച് ഉത്തരവിലെ മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ് :
അപേക്ഷകന്റെ ശാരീരികാവസ്ഥ പരിഗണിച്ച് അനുയോജ്യമായ പദ്ധതികള്‍ തുടങ്ങാനുള്ള വായ്പ അനുവദിക്കണം. വ്യക്തമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും അതിന്റെ പ്രായോഗികത വിലയിരുത്തിയുമാണ് വായ്പ അനുവദിക്കേണ്ടത്. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ 75 ശതമാനമോ മൂന്നു ലക്ഷം രൂപയോ ഏതാണോ കുറവ് അതായിരിക്കും പരമാവധി വായ്പത്തുക. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഗഡുക്കളായി തുക അനുവദിക്കണം. അനുവദിച്ച തുകയ്‌ക്കേ പലിശ ഈടാക്കാവൂ. വായ്പയുടെ കാലാവധി നാലു വര്‍ഷമായിരിക്കും. നിയമാനുസൃമായ ഈട് സ്വീകരിച്ചേ വായ്പ അനുവദിക്കാവൂ.
വായ്പാ പലിശ കോസ്റ്റ് ഓഫ് ഫണ്ടിനെ അധികരിക്കാന്‍ പാടില്ല. വായ്പാ കലാവധിക്കുശേഷം ബാക്കിനില്‍ക്കുന്ന തുകയ്ക്കു സാധാരണ വായ്പയുടെ നിരക്കിനു തുല്യമായ പലിശ ഈടാക്കാം. വായ്പ അനുവദിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി തുടങ്ങിയില്ലെങ്കില്‍ അനുവദിച്ച വായ്പത്തുക മൊത്തമായി തിരികെ ഈടാക്കാം. വായ്പാ അപേക്ഷക്കൊപ്പം ഭിന്നശേഷി തെളിയിക്കുന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
വായ്പാ വിതരണത്തിലെ പുരോഗതിറിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ എല്ലാ ആഴ്ചയും സമര്‍പ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു.
[mbzshare]