ഭക്ഷ്യസംസ്കരണ മേഖലയിലും ഇടപെടലുകൾ നടത്താൻ സഹകരണമേഖലയ്ക്ക് സാധിക്കും.

adminmoonam

ഭക്ഷ്യസംസ്കരണ മേഖലയിലും ഇടപെടലുകൾ നടത്താൻ സഹകരണമേഖലയ്ക്ക് സാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൻറെ അതിജീവനം … ചില നിർദ്ദേശങ്ങൾ ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-29.

ഭക്ഷ്യസംസ്കരണ രംഗത്ത് കൃത്യമായ ഒരു ഇടപെടൽ നടത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് Mega Food Park Scheme എന്നത്. ഏകദേശം 50 മുതൽ 100 ഏക്കർ സ്ഥലത്ത് ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഫുഡ് പാർക്കിൽ 30-35 ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടിയിട്ടുള്ളത്. ഒരു വർഷം 450 മുതൽ 500 കോടി വരെ വിൽപ്പന പ്രതീക്ഷിക്കുന്ന ഇത്തരം പാർക്കുകളിൽ മുപ്പതിനായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരം പദ്ധതിക്കായി കേന്ദ്രസർക്കാർ സ്ഥലത്തിൻറെ വില കഴിച്ചുവരുന്ന പ്രോജക്ട് കോസ്റ്റിൻറെ 50%, അഥവാ പരമാവധി 50 കോടി രൂപ ഗ്രാൻഡ് ആയി അനുവദിക്കുന്നതാണ്. 2018 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള 12 മെഗാ ഫുഡ് പാർക്ക് കൾ പ്രവർത്തനമാരംഭിച്ചു. കൂടാതെ ,42 മെഗാ ഫുഡ് പാർക്ക്കളുടെ നിർമാണ പ്രവർത്തനം ത്വരിതഗതിയിൽ നടന്നുവരുന്നു . കേരളത്തിൽ ആലപ്പുഴയിലും പാലക്കാടും ഇത്തരത്തിലുള്ള പാർക്കുകളുടെ നിർമ്മാണം നടന്നുവരുന്നു . ഭക്ഷ്യസംസ്കരണ മേഖലയിൽ വൻതോതിൽ മാറ്റം വരുത്താൻ സാധ്യതയുള്ള ഇടപെടലാണ് ഇത്തരം പാർക്കുകൾ .ഇത് SPV( Special Purpose Vehicle) ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇത്തരം പാർക്കുകൾ കർഷകരിൽ നിന്നും ഉൽപ്പന്നം വാങ്ങി സംസ്കരിച്ച് വിപണിയിൽ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പാർക്കുകൾക്ക് പ്രധാനമായും മൂന്നു ഭാഗങ്ങളാണ് ഉണ്ടായിരിക്കുക. ഇതിൽ ആദ്യത്തേത് കർഷകരിൽ നിന്നും വിഭവങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളാണ്.

ഇത്തരം Collection Centres ( CC) ൽ ആണ് പഴവർഗങ്ങൾ, പച്ചക്കറി, മത്സ്യം ,ഇറച്ചി ,മുട്ട എന്നിവ ശേഖരിക്കുന്നത്. ഗുണമേന്മ വിലയിരുത്തിയശേഷം തരം തിരിച്ചാണ് ഇവ സൂക്ഷിക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളെയാണ് Primary Processing Centre (PPC) എന്നു വിളിക്കുന്നത് . ഇവിടെ തരംതിരിക്കുന്നതിനും, പാക്ക് ചെയ്യുന്നതിനും, പഴുപ്പിക്കുന്നതിനും, Precooling നും സൗകര്യമുണ്ടായിരിക്കും.

അടുത്തതാണ് പാർക്കിൻറെ പ്രധാന ഭാഗം. ഇതിനെ Central Processing Centre എന്നാണ് വിളിക്കുന്നത്. ഇവിടെ CA Rooms, Pressure Ventilators, Variable Humidity Stores, Steam Sterilization Unit എന്നിവ ഉണ്ടായിരിക്കും. ഇത്തരം വലിയ സംവിധാനങ്ങൾ കൂടാതെ ചെറിയ തലത്തിലും ഫുഡ് പാർക്കുകൾ ആരംഭിക്കാവുന്നതാണ്.ആണ് എന്നാൽ ഇതിന് ലഭിക്കുന്ന കേന്ദ്രസഹായം നേരത്തെ സൂചിപ്പിച്ചതിൽനിന്നും കുറവായിരിക്കും. പാലക്കാട് കഞ്ചിക്കോട് കിൻഫ്ര ആരംഭിക്കുന്ന ഫുഡ് പാർക്കിന് 120 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .ഇത്തരം പാർക്കുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരം ഒരുക്കുന്നുണ്ട്.

മത്സ്യ സംസ്കരണ രംഗത്ത് ഏറെ സഹായകരമായ ഒന്നാണ് Modified Atmospheric Storage എന്നത് .CA Rooms പോലെ തന്നെ ഇവിടെയും ഓക്സിജൻറെയും, കാർബൺഡയോക്സൈഡ്ൻറെയും, നൈട്രജൻറെയും അളവിൽ മാറ്റം വരുത്തുകയാണ് ചെയ്യുന്നത് . ഇതിനെ Gas Flushing, Reduced Oxygen Packaging എന്നും വിളിക്കാറുണ്ട് . മത്സ്യം, ഇറച്ചി ,മുട്ട എന്നിവ സൂക്ഷിക്കുന്നതിന് ഇത്തരം സൗകര്യങ്ങൾ അനുയോജ്യമാണ്. ചുരുക്കത്തിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് വലിയതോതിൽ ആരംഭിക്കാവുന്ന ഒരു പ്രവർത്തനമാണ് ഭക്ഷ്യസംസ്കരണം എന്നത് .

വിദേശത്തുനിന്നും മടങ്ങിവരുന്ന മലയാളികൾക്കോ, വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കോ ഇത്തരം സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ അനുയോജ്യമായിരിക്കും.

ഡോ. എം രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News