ഭക്ഷണത്തിന്റെ നാളം- പി.എന്‍. ദാസ്

web desk

മദ്രാസില്‍ , ദീര്‍ഘകായനും കരുത്തനുമായ ഒരു യോഗിയുണ്ടായിരുന്നു. അദ്ദേഹം രണ്ടു ദിവസം കൂടുമ്പോള്‍ മാത്രം ഒരു നേരത്തെ ഭക്ഷണം ഭിക്ഷ വാങ്ങിയാണ് കഴിച്ചിരുന്നത്. യോഗിയാവും മുമ്പ് അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അരയില്‍ ധരിച്ചിരുന്ന ചെറിയൊരു തോര്‍ത്തുമുണ്ട് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. ചെന്നെത്തുന്ന ഇടങ്ങളിലുള്ള ഏതെങ്കിലും വൃക്ഷച്ചുവട്ടിലാണ് ഉറക്കം. സംഭാഷണമോ ജിവിതത്തിന്റെ ഉപരിതലത്തിലുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കമോ തീരെ കുറവായതുകൊണ്ട് രാവും പകലും അദ്ദേഹം ആഴമേറിയ മൗനത്തിലും സമാധാനത്തിലും കഴിഞ്ഞുപോന്നു.

ഒരു നാള്‍ ഉച്ചനേരം ഭിക്ഷ യാചിച്ച് അദ്ദേഹം ഒരു വീട്ടുമുറ്റത്തെത്തി. വീട്ടുകോലായില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൃഹനാഥന്‍ അല്‍പം നീരസത്തോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. വീട്ടുടമ ചോദിച്ചു : ‘ കാഴ്ചക്ക് നല്ല ആരോഗ്യവും ശക്തിയുമുള്ള ശരീരം ദൈവം തന്നിട്ടുണ്ടല്ലോ. എന്നിട്ടും ഒരു പണിയുമെടുക്കാതെ ഓരോ വീട്ടില്‍ച്ചെന്ന് എരന്നു തിന്നാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക് ?

വീട്ടുപറമ്പിലുള്ള ഒരു വലിയ മരത്തടി ചൂണ്ടിക്കാട്ടി അദ്ദേഹം തുടര്‍ന്നു : ‘ അതു വെട്ടിക്കീറി വിറകാക്കിയിടണം.അതിനു ശേഷം ചോറു തിന്നിട്ട് പോ …. ‘.

യോഗി ഒരു വാക്കുപോലും ഉച്ചരിക്കാതെ വീട്ടുകാരന്‍ നല്‍കിയ മഴുകൊണ്ട് വിറകെല്ലാം കീറി നുറുക്കി, അവ മുഴുവനുമെടുത്ത് വിറകുപുരയില്‍ അട്ടിയിട്ട്, തന്റെ കൈയിലുള്ള മഴു വിറകിനടുത്ത് ചാരിവെച്ച് ഒന്നുമുരിയാടാതെ ഇറങ്ങിപ്പോയി.

കഴിക്കാന്‍ വെച്ച ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോകുന്ന അയാളെ തിരികെ വിളിച്ച് വീട്ടുകാരി ചോദിച്ചു : ‘ ഭക്ഷണം കഴിക്കാതെ പോകുന്നതെന്താണ് ‘ ?. യോഗി ശാന്തമായൊന്നു തിരിഞ്ഞുനോക്കി താഴ്മയോടെ പറഞ്ഞു : ‘ പണിയെടുക്കേണ്ട ഇടങ്ങളില്‍ വെച്ച് ഭിക്ഷ സ്വീകരിക്കാറില്ല. ഭക്ഷിക്കുന്ന ഇടങ്ങളില്‍ നിന്ന് പണിയെടുക്കാറുമില്ല. ക്ഷമിച്ചാലും ‘.

അങ്കുരം : സ്‌നേഹത്തോടെ നല്‍കപ്പെടുന്ന ഭിക്ഷ മാത്രം കഴിക്കുകയെന്നത് ഒരു ഭിക്ഷുവിന്റെ ഉള്ളിലെ അലിഖിത നിയമമാകുന്നു ; വ്രതമാകുന്നു.സ്‌നേഹമില്ലാതെ നല്‍കുന്ന ഭക്ഷണം എത്രയേറെ പോഷകമുള്ളതായാലും അത് കുട്ടിക്ക് ആരോഗ്യം പകരുന്നില്ല. ലോകത്തെ പൂര്‍ണമായി വിട്ട് അനാസക്തനായി പുലരുന്ന ഒരു യോഗിയും ഒരു ശിശുവിനെപ്പോലെയത്രെ. സ്‌നേഹത്തോടെ നല്‍കപ്പെടുന്ന അന്നം മാത്രമേ അയാള്‍ തിന്നുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Latest News