ബാങ്കിങ് നിയമഭേദഗതി ബിൽ – രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് മന്ത്രി എ.സി. മൊയ്തീൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ സഹകരണസംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി.

adminmoonam

കേന്ദ്ര സർക്കാരിന്റെ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് മന്ത്രി എ.സി. മൊയ്തീൻ കുറ്റപ്പെടുത്തി. പാക്സ് അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് തൃശ്ശൂർ കിലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി രൂപീകരിക്കുമ്പോൾ തന്നെ പ്രദേശത്തെ സഹകരണസംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുൻകൈ എടുക്കുകയും സഹകരണസംഘങ്ങൾ സന്നദ്ധനരാവുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ പദ്ധതികൾ നടപ്പാക്കേണ്ടത് സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ ആകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വിദേശത്ത് തൊഴിൽ സാധ്യതകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹകരണമേഖല പ്രാധാന്യം നൽകണം. സഹകരണസംഘങ്ങൾ പുതിയ പുതിയ പദ്ധതികളിലൂടെ ഭക്ഷ്യോത്പാദന രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണം. കേന്ദ്രസർക്കാർ, പുതിയ ബാങ്കിംഗ് നിയമഭേദഗതിയിലൂടെ രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കുകയാണ്. സംഘങ്ങളിലെ സാമ്പത്തിക സ്രോതസ്സ് ലക്ഷ്യംവെച്ചാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇത് ആസൂത്രിത നീക്കമാണെന്നും മന്ത്രി പറഞ്ഞു. സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യുന്നതാണ് ബിൽ എന്നും മന്ത്രി പറഞ്ഞു.ഈ പ്രതിസന്ധിഘട്ടത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി സഹകാരികൾ ഒന്നിച്ച് ഇതിനെ പ്രതിരോധിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വി. ജോയ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജോയ് ഇളമൺ, കണ്ണൂർ ഐ സി എം ഡയറക്ടർ ഡോക്ടർ ശശികുമാർ, ബി പി പിള്ള, പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്നും നാളെയുമായി വിവിധ സെഷനുകളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമായി 150 ലധികം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News