ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ മേഖലയില്‍ പുനസ്സംഘടന അനിവാര്യം
– ഡോ.എം. രാമനുണ്ണി
(ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ലാഡര്‍.
തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ
മുന്‍ ജനറല്‍ മാനേജരും
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടറും)
(2020 ഡിസംബര്‍ ലക്കം)
ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി നടപ്പായിക്കഴിഞ്ഞ സാഹചര്യത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ ശക്തമായ പുനസ്സംഘടന അനിവാര്യമാണ്. കാലോചിതമായ പരിഷ്‌കരണവും പ്രൊഫഷണലിസവും ഈ മേഖലയില്‍ ഇനി വൈകിക്കൂടാ.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍ – 2020 പാസാക്കിയത്. തുടര്‍ന്ന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ഈ നിയമം രാജ്യത്ത് നടപ്പാവുകയും ചെയ്തു. ഇതുവഴി, 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സഹകരണ ബാങ്കുകളെ സംബന്ധിക്കുന്ന ഏതാനും വകുപ്പുകള്‍ക്ക് മാറ്റം വരികയുണ്ടായി. ഈ മാറ്റം നേരിട്ടു ബാധിയ്ക്കുന്നത് രാജ്യത്തെ 1482 അര്‍ബന്‍ സഹകരണ ബാങ്കുകളെയും 58 മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളെയുമാണ്. ഈ നിയമ നിര്‍മാണത്തെത്തുടര്‍ന്ന് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ എത്തിച്ചേരുന്നു.
നിയമ ഭേദഗതിയെത്തുടര്‍ന്ന് രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍, ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇത്തവണത്തെ സഹകരണ വാരാഘോഷത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം ബില്ല് കൊണ്ട് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകാന്‍ പോകുന്നില്ല എന്നാണ്. എന്നാല്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബില്ല് ബാധിക്കുമെന്ന് കാര്യകാരണ സഹിതം സമര്‍ഥിക്കുന്നവരും സഹകാരികള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍, ബില്ലിനെക്കുറിച്ചും അതിനു രൂപം നല്‍കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും അതുകൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കുണ്ടായിട്ടുള്ള ആശങ്കകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഈ വിഷയത്തിലും പൂര്‍ണമായ ശരിയോ പൂര്‍ണമായ തെറ്റോ ഇല്ല. നമ്മള്‍ ഏതു ഭാഗത്തുനിന്നു നോക്കുന്നുവെന്നതിനനുസരിച്ച് ശരിയും തെറ്റും മാറി മാറി വരും. അതുകൊണ്ട് തികച്ചും അക്കാദമികമായാണ് ഈ വിഷയത്തെ സമീപിക്കുന്നത്.
ഈ ബില്ലിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത് എന്താണെന്നു നോക്കാം. 1. രാജ്യത്തെ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിയ്ക്കാനാണ് ഇത്തരത്തിലൊരു നിയമ ഭേദഗതി എന്നാണ് ആര്‍.ബി.ഐ സമര്‍ഥിക്കുന്നത്. 2. സഹകരണ ബാങ്കിങ്് മേഖലയില്‍ റിസര്‍വ്് ബാങ്കിന്റെ മേല്‍നോട്ടം ശക്തമാവുകയും അതുവഴി ധനപരമായ കെടുകാര്യസ്ഥതകളും കൃത്രിമങ്ങളും ഒഴിവാക്കാനുമാവുന്നു. 3. രാജ്യത്ത് ധനകാര്യ മേഖലയില്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം കൊണ്ടുവരുന്നതിന് റിസര്‍വ് ബാങ്കിന് അവസരം ലഭി്ക്കുന്നു. ( ഈ ബില്ല് നിലവില്‍ വരുന്നതിനുമുമ്പ് സഹകരണ സ്ഥാപനങ്ങളില്‍ കൃത്രിമം നടന്നാല്‍ ആര്‍.ബി.ഐ.ക്ക് നേരിട്ട് ഇടപെടാന്‍ അവസരമില്ലായിരുന്നു.) ഇത്തരത്തിലുള്ള ഇടപെടലിലൂടെ സഹകരണ ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താനാകുമെന്നാണ് ആര്‍.ബി.ഐ.യുടെ ഭാഷ്യം.
റിസര്‍വ് ബാങ്കിന്റെ അവകാശവാദം
ഈ നിയമ ഭേദഗതിയിലൂടെ റിസര്‍വ് ബാങ്ക് ഇനി പറയുന്ന നാലു പ്രത്യേകതകളാണ് അവകാശപ്പെടുന്നത്. 1. ഏതെങ്കിലും അര്‍ബന്‍ ബാങ്കിലോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലോ സാമ്പത്തികത്തകര്‍ച്ച ഉണ്ടായാല്‍ അവയെ മറ്റ് ബാങ്കുകളുമായി നേരിട്ട് ലയിപ്പിക്കുന്നതിനും ആവശ്യമെങ്കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ആര്‍.ബി.ഐ.ക്ക് അധികാരം ലഭിക്കുന്നു. 2. ഇതുവഴി നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം തിരികെ എടുക്കുന്നതിലുള്ള കാലതാമസം ഒഴിവാകുന്നു. സഹകരണ ബാങ്കുകളുടെ ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കാനും അതുവഴി കൂടുതല്‍ നിക്ഷേപം ഓഹരിയിനത്തില്‍ സമാഹരിക്കാനും കഴിയുന്നു. നിലവില്‍ സഹകരണ ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സഹകാരികളില്‍ നിന്നുമാത്രമേ ഓഹരി ശേഖരിക്കാനാകൂ. ഇതു കാരണം മൂലധന പര്യാപ്തത ഉറപ്പാക്കാന്‍ പ്രയാസം നേരിടാറുണ്ട്. 3. ഏതെങ്കിലും കാരണവശാല്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറിയോ ദൂര്‍ഭരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഭരണസമിതി പിരിച്ചുവിടുന്നതിനുള്ള അധികാരം ആര്‍.ബി.ഐ.ക്ക് ലഭിയ്ക്കുന്നു. ഇതുകൂടാതെ, ഈ ബാങ്കുകളുടെ ഓഡിറ്റ് സമയാസമയങ്ങളില്‍ നടത്തുന്നതിനും പോരായ്മകള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ പരിഹാര നടപടികള്‍ സ്വീകരി്ക്കുന്നതിനും ആവശ്യമെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും ആര്‍.ബി.ഐ.ക്ക് അധികാരം ലഭിക്കുന്നു. 4. സഹകരണ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ യോഗ്യതകള്‍ നിശ്ചയിക്കുന്നതിനും ബോര്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തി്ക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്മെന്റിലേയ്ക്ക് പ്രൊഫഷണലുകളെ നിയോഗിയ്ക്കുന്നതിനും ആര്‍.ബി.ഐ.ക്ക് അവസരം ലഭിക്കുന്നു.
സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വൃതിചലിക്കാതിരിക്കാനുള്ള അവകാശം ഭരണസമിതിയിലും അംഗങ്ങളിലും നിയമം നിക്ഷിപ്തമാക്കുന്നു. ബാങ്കിന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിനോ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ ആര്‍.ബി.ഐ.യുടെ അനുമതി ആവശ്യമില്ല. ചുരുക്കത്തില്‍, ധനകാര്യ മേഖലയില്‍, പ്രത്യേകിച്ച് സഹകരണ ബാങ്കിങ് മേഖലയില്‍, കൂടുതല്‍ സാമ്പത്തിക ചിട്ടയും അച്ചടക്കവും നിയന്ത്രണവും കൊണ്ടുവരികയെന്നതാണ് ആര്‍.ബി.ഐ. ഇതിലൂടെ ലക്ഷ്യമിടുന്നത്. തന്നെയുമല്ല, സഹകരണ ബാങ്കിങ് മേഖലയുടെ പ്രൊഫഷണലിസവും മൂലധനം സംഭരിക്കാനുള്ള ശേഷിയും ഇതുവഴി വര്‍ധിപ്പിക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പറയുന്നത്.
എന്തുകൊണ്ട് ബില്‍ ആവശ്യമായി വന്നു ?
ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനിടയാക്കിയ സാഹചര്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം. 1984 ഫെബ്രുവരി 13 ന് കേവലം ഒരു ബ്രാഞ്ചിലൂടെ പ്രവര്‍ത്തനമാരംഭിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീബ് ബാങ്ക് ( പി.എം.സി. ബാങ്ക് ) പിന്നീട് മഹാരാഷ്ട്ര, ഡെല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുകയും മള്‍ട്ടി സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന നിലയിലേയ്ക്ക് വളരുകയും ചെയ്തു. 2000-ലാണ് ഈ ബാങ്കിന് ഷെഡ്യൂള്‍ഡ് കോമേഴ്‌സ്യല്‍ ബാങ്ക് എന്ന അംഗീകാരം ലഭിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സഹകരണ വകുപ്പും അതോടൊപ്പം തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും നിരന്തരമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇത് നമ്മുടെ നാട്ടിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളെപ്പോലെ ജനകീയ സ്വഭാവം നിലനിര്‍ത്തുന്ന ഒരു സ്ഥാപനമല്ല. 35 വര്‍ഷം കൊണ്ട് 137 ബ്രാഞ്ചുകളിലായി ഇതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കപ്പെട്ടു. ബാങ്കിന്റെ നിക്ഷേപത്തിന്റെ 70 ശതമാനവും വായ്പയായി വാങ്ങിയിരുന്നത് HDIL ( ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ) ഗ്രൂപ്പാണ്. നിര്‍മാണ മേഖലയിലെ പ്രധാന സാന്നിധ്യമായിരുന്ന ദിവാന്‍ ഫൈനാന്‍സിയേഴ്സ് പോലുള്ള സ്ഥാപനങ്ങള്‍ HDIL ന്റെ ഭാഗമാണ്. പി.എം.സി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 73 ശതമാനമായി വര്‍ധിച്ച സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് HDIL എന്ന സ്ഥാപനത്തിന് 4355 കോടി രൂപ വായ്പ നല്‍കിയതായി കണ്ടെത്തിയത്. 21,049 ബാങ്ക്് അക്കൗണ്ടുകള്‍ ഇതിനായി ആരംഭിക്കുകയും 44 വായ്പകളിലായി ഈ തുക അനുവദിക്കുകയുമാണ് ചെയ്തിരുന്നത്. ബാങ്കിന്റെ സോഫ്റ്റ്‌വെയറില്‍ കൃത്രിമം വരുത്തി ഈ തിരിമറി മറച്ചുവെച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഒഉകഘ ഗ്രൂപ്പിന്റെ മേധാവികളെ അറസ്റ്റ് ചെയ്യുകയും അവരുടെ 3500 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. ബാങ്കിലെ നിക്ഷേപകരുടെ പണം പിന്‍വലിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു തവണ കേവലം 1000 രൂപ മാത്രമേ പിന്‍വലിയ്ക്കാവൂ എന്നു തുടക്കത്തില്‍ നിബന്ധന കൊണ്ടുവന്നെങ്കിലും പിന്നീട് നിക്ഷേപകരുടെ പ്രതിഷേധം ശക്തമായപ്പോള്‍ തുക 10,000 ആക്കി വര്‍ധിപ്പിച്ചു.
ഉയരുന്ന ചോദ്യങ്ങള്‍
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. 1. പി.എം.സി. ബാങ്ക് ഒരു ഷെഡ്യൂള്‍ഡ് ബാങ്കാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദൈനംദിനം പരിശോധിക്കേണ്ട ഉത്തരവാദിത്തം നിയമഭേദഗതിയില്ലാതെതന്നെ ആര്‍.ബി.ഐ.യ്ക്കും കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്കും കിട്ടിയിരുന്നു. ഈ ഉത്തരവാദിത്തം അവര്‍ യഥാര്‍ഥത്തില്‍ നിര്‍വ്വഹിച്ചിരുന്നോ?
2. ഈ ബാങ്കിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നില്ല. മറിച്ച്, ഉലഹീശേേല പോലുള്ള വലിയ കമ്പനികളില്‍ ജോലി ചെയ്തു പരിചയസമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ലഖ്ഡവാല ആന്റ് കമ്പനിയായിരുന്നു. ഇവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ബന്ധപ്പെട്ട ഏജന്‍സികള്‍ ഇവരുടെ പ്രവര്‍ത്തനം സസൂക്ഷ്മം നീരിക്ഷിച്ചില്ല ? 3. പണാപഹരണവും കൃത്രിമവും നടത്തിയത് ബാങ്കിലെ ഡയരക്ടര്‍മാരാണ്. അങ്ങനെയെങ്കില്‍ ഇത്തരത്തിലൊരു നിയമനിര്‍മാണത്തിലൂടെ ഇതിനുള്ള അവസരങ്ങള്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്യാന്‍ ഭാവിയിലും കഴിയുമോ? 4. റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ യെസ് ബാങ്കിലുണ്ടായതിനു സമാനമായ കൃത്രിമങ്ങള്‍ പി.എം.സി. ബാങ്കില്‍ സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ നിയമനിര്‍മാണവും അതുവഴി ആര്‍.ബി.ഐ.യുടെ നിയന്ത്രണവും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകുന്നതെങ്ങനെ ? 5. നിയമനിര്‍മാണത്തിന്റെ ഭാഗമായി റിസര്‍വ്് ബാങ്കിന് ലഭിക്കുന്നത് നിയന്ത്രണങ്ങളില്ലാത്ത അധികാരങ്ങളാണ്. ഇത് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഹിതകരവും അനുകരണീയവുമാണോ ? 6. സഹകരണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന ഒരു വിഷയമായിരിക്കെ അതിലേ ്ക്ക് ഇടപെടാനുള്ള റിസര്‍വ് ബാങ്കിന്റെ അധികാരം ഫെഡറല്‍ തത്വങ്ങളുടെ ലംഘനത്തിന് വഴിയൊരുക്കില്ലേ? 7. സഹകരണ ബാങ്കുകള്‍ക്ക് മൂലധനം വര്‍ധിപ്പിക്കാന്‍ പൊതുവിപണിയെ സമീപിക്കാമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായ നീക്കമാണ്. എന്നാല്‍, പ്രവര്‍ത്തന പരിധി്ക്ക് വെളിയില്‍ നിന്നും മൂലധനം സ്വീകരിക്കാന്‍ അവകാശമില്ലെന്നിരിക്കെ ഈ വ്യവസ്ഥ വഴി എന്തു ഗുണമാണ് സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുക? 8. നിലവിലുള്ള സഹകരണ നിയമ പ്രകാരം ഓഹരി ഉടമകള്‍ക്ക് തങ്ങളുടെ മൂലധനം തിരികെ വാങ്ങാന്‍ അവസരമുണ്ട്. എന്നാല്‍, ഈ നിയമഭേദഗതിയിലൂടെ ഈ അവസരം ഇല്ലാതാവുമോ ?
ചുരുക്കത്തില്‍, ഗുണദോഷങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ബില്ലിലൂടെ ഗുണത്തേക്കാളേറെ ദോഷങ്ങള്‍ ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യെസ് ബാങ്കിലും മറ്റ് ബാങ്കുകളിലും സാമ്പത്തികത്തകര്‍ച്ചയും കെടുകാര്യസ്ഥതയും കൃത്രിമവും റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ അത് കണ്ടെത്താന്‍ ആര്‍.ബി.ഐ.യുടെ ഭാഗത്തു നിന്നു കാലതാമസമുണ്ടായി എന്നത്് വ്യക്തമാണ്. ഈ സാഹചര്യത്തില്‍, ആയിരത്തിയഞ്ഞൂറിലേറെ സഹകരണ ബാങ്കുകളില്‍ക്കൂടി പരിശോധനാ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് എത്ര കണ്ട് കഴിയുമെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ ബില്ലിന് പുറകില്‍ പതുങ്ങിയിരിക്കുന്ന ദുഷ്ടലാക്കിനെക്കുറിച്ച് സംശയം ജനിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളെ, പ്രത്യേകിച്ചും കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ, നിയന്ത്രിക്കാന്‍ ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരുന്ന റിസര്‍വ്് ബാങ്ക് പി.എം.സി. ബാങ്കിലെ പ്രശ്‌നങ്ങള്‍ ഒരവസരമായി എടുത്ത് ഇടപെടാന്‍ തിടുക്കം കാട്ടി എന്നു വ്യാഖ്യാനിക്കുന്നവരെ കുറ്റം പറയാനാവില്ല.
പ്രാഥമിക സംഘങ്ങളെ എങ്ങനെ ബാധിക്കും ?
ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ( PACS ) ബാധിക്കുന്നുവെന്ന് പറയാനാവില്ല. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ പ്രധാന ബിസിനസ്സും മുഖ്യ ലക്ഷ്യവും കാര്‍ഷിക വായ്പാ വിതരണമാണെന്ന് ഈ ബില്ലില്‍ ഊന്നിപ്പറയുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ബാങ്കിങ്്, ബാങ്കര്‍ എന്നീ പദങ്ങള്‍ തങ്ങളുടെ പേരിന്റെ കൂടെ ചേര്‍ക്കാനോ ബാങ്കിങ്് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനോ പാടില്ല എന്നും പറയുന്നുണ്ട്. തന്നെയുമല്ല, റിസര്‍വ് ബാങ്കിന്റെ 2018 ലെ സര്‍ക്കുലറിലൂടെ പ്രാഥമിക സഹകരണ സംഘത്തിന്റെ അംഗത്വം സംബന്ധിച്ചുള്ള സഹകരണ നിയമത്തിലെ നിബന്ധനകളെ ചോദ്യം ചെയ്യുന്നുമുണ്ട്. ഒരു ഭാഗത്ത് കൂടി ആദായ നികുതി വകുപ്പുകാര്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ തങ്ങളുടെ പരിശോധനയും ആദായ നികുതി ഈടാക്കലും വര്‍ധിപ്പിക്കുന്ന വേളയില്‍ ഈ ബില്ലിലൂടെ കൊണ്ടുവരുന്ന നിബന്ധനകള്‍ ഒരുപക്ഷേ, പ്രാഥമിക സഹകരണ മേഖലയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കും.
യഥാര്‍ഥത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ ശക്തമായ പുനസ്സംഘടനയാണ് നടക്കേണ്ടത്. അതിനാവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നതായിരിക്കണം കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍.ബി.ഐ. യുടെയും ചുമതല. അതിനുപകരം സഹകരണ മേഖലയില്‍ കുഴപ്പമാണ്, അവിടെ കള്ളപ്പണം നിക്ഷേപിക്കാന്‍ എളുപ്പമാണ്, പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യതയില്ല, ഈ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാരുടെ കൈകളിലാണ് എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ രാജ്യത്തിനും സംസ്ഥാനത്തിനും സാധാരണക്കാര്‍ക്കും ഒട്ടുംതന്നെ ഗുണകരമല്ലായെന്ന തിരിച്ചറിവും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ടതാണ്. അതുപോലെത്തന്നെ, സംസ്ഥാന സഹകരണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനും സ്ഥാപനങ്ങളില്‍ സാങ്കേതികവിദ്യ ശക്തിപ്പെടുത്താനും പ്രവര്‍ത്തനത്തില്‍ സുതാരൃത ഉറപ്പ് വരുത്താനും കഴിയേണ്ടതായിട്ടുണ്ട്. കേവലം തര്‍ക്കവിതര്‍ക്കങ്ങള്‍ക്കപ്പുറത്ത് ഇക്കാര്യങ്ങളെ സമീപിക്കാന്‍ സഹകാരികളും സഹകരണ വകുപ്പും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും ആര്‍.ബി.ഐ.യും കൂട്ടായി ശ്രമിക്കേണ്ടിയിരിക്കുന്നു. അതിനു പകരം, തിടുക്കത്തില്‍ കൊണ്ടുവരുന്ന നിയമനിര്‍മാണങ്ങളും എടുത്തുചാട്ടങ്ങളും ഈ മേഖലയെ തകര്‍ക്കാനേ സഹായിക്കൂ എന്നു തിരിച്ചറിയണം. ബാങ്ക് , ബാങ്കിങ്് എന്നീ വാക്കുകള്‍ ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാകുന്നതോടെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപച്ചോര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍, കാലോചിതമായ പരിഷ്‌കരണത്തിനും പ്രൊഫഷണലിസത്തിനും ആധുനിക സാങ്കേതിക വിദ്യാ പ്രയോഗത്തിനും കാലതാമസമുണ്ടായാല്‍ ഈ മേഖല തകരുമെന്ന് ഉറപ്പാണ്. ഈ തകര്‍ച്ചക്ക് ആക്കം കൂട്ടാന്‍ ആര്‍.ബി.ഐ.യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടലുകള്‍ വഴിവെച്ചേക്കാം.
[mbzshare]