ബാങ്കിങ് നിയന്ത്രണനിയമ ലംഘനം: ആറ് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന്റെ പേരില്‍ ഓക്ടോബര്‍ 30 നു റിസര്‍വ് ബാങ്ക് ആറ് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പിഴ ചുമത്തി. ഗുജറാത്തിലെ മൂന്നും ബംഗാളിലെ രണ്ടും ബാങ്കുകള്‍ക്കെതിരെയും മിസോറാമിലെ ഒരു ബാങ്കിനെതിരെയുമാണു റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. മൊത്തം 13.10 ലക്ഷം രൂപയാണ് ഈ അര്‍ബന്‍ ബാങ്കുകള്‍ പിഴയായി അടയ്‌ക്കേണ്ടത്.
ഗുജറാത്ത് വഡോദരയിലെ ഉമ സഹകരണബാങ്കിന് ഏഴു ലക്ഷം രൂപയുടെ പിഴയാണു ചുമത്തിയത്. മറ്റു ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച പരാതികളിലാണു പിഴ ചുമത്തിയത്. ഗുജറാത്തിലെത്തന്നെ ഖേര ജില്ലയിലെ പിജ് പീപ്പിള്‍സ് സഹകരണബാങ്കിനു രണ്ടു ലക്ഷം രൂപ പിഴയിട്ടപ്പോള്‍ ബനസ്‌കന്ദ ജില്ലയിലെ ഷിഹോരി നാഗരിക് സഹകാരിബാങ്കിനു ഒരു ലക്ഷം രൂപയും പിഴ വിധിച്ചു. ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പ നല്‍കിയതിനാണു ഷിഹോരി നാഗരിക് ബാങ്കിനെതിരെ നടപടിയെടുത്തത്. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബിര്‍ഭും ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്കിനു 1.10 ലക്ഷം രൂപയാണു പിഴ ചുമത്തിയത്. ബാങ്കിന്റെ ഇടപാടുകാരനെ അറിയുക എന്നതുസംബന്ധിച്ച റിസര്‍വ്ബാങ്ക് നിര്‍ദേശം ലംഘിച്ചതാണു കുറ്റം. സംസ്ഥാന സഹകരണബാങ്കുകളുടെ ഭവനനിര്‍മാണ ധനസഹായം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറികടന്നതിനു ഐസ്വാളിലെ മിസോറാം സഹകരണ അപക്‌സ് ബാങ്കിനു രണ്ടു ലക്ഷം രൂപയും റിസര്‍വ്ബാങ്ക് പിഴയിട്ടു. റിസര്‍വ്ബാങ്കിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനു ആറ് അര്‍ബന്‍ സഹകരണബാങ്കുകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.