ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പ സഹകരണ മേഖലയും ബി.പി. പിള്ളയുടെ ലേഖനം..
ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പ സഹകരണ മേഖലയും ബി.പി.പിള്ളയുടെ ലേഖനം-6 തുടരുന്നു.
വകുപ്പ് 10 (ബി) പ്രകാരം ഡയരക്ടര്‍മാരില്‍ ഒരാളെ ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കേണ്ടതാണ്. പൂര്‍ണ സമയ ചെയര്‍മാനാണെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല നല്‍കേണ്ടതാണ്. ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മേല്‍നോട്ടത്തിനും വിധേയമായി ചെയര്‍മാന് അധികാരങ്ങള്‍ വിനിയോഗിക്കാം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ മുന്‍ അനുവാദത്തോടെ മാത്രമേ പാര്‍ടൈം ചെയര്‍മാനെ നിയമിക്കാന്‍ കഴിയൂ. ചെയര്‍മാന് അഞ്ചു വര്‍ഷം തുടരാന്‍ കഴിയുമെന്നു മാത്രമല്ല വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാം. ചെയര്‍മാനായും മാനേജിങ് ഡയരക്ടറായും നിയമിക്കപ്പെടുന്നവര്‍ക്ക് ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രത്യേക അറിവും പ്രായോഗിക അനുഭവസമ്പത്തും അല്ലെങ്കില്‍ ഏതെങ്കിലും ധനകാര്യസ്ഥാപനത്തിലെ പ്രവര്‍ത്തന അറിവോ അല്ലെങ്കില്‍ ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പ്രത്യേക അറിവോ ഉണ്ടായിരിക്കണം. ഏതെങ്കിലും കമ്പനിയുടെ ഡയരക്ടര്‍, വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനത്തിലെ പങ്കാളി , ഏതെങ്കിലും കമ്പനിയില്‍ താല്‍പ്പര്യമുള്ള വ്യക്തി , വാണിജ്യ, വ്യാപാര , വ്യവസായ സ്ഥാപനങ്ങളിലെ ഡയരക്ടര്‍, മാനേജര്‍ , മാനേജിങ്് ഏജന്റ് തുടങ്ങിയവര്‍ ചെയര്‍മാനോ മാനേജിങ് ഡയരക്ടറോ ആകാന്‍ യോഗ്യരല്ല. രാജി, കാലാവധി അവസാനിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ചെയര്‍മാന്‍ അല്ലാതായിത്തീര്‍ന്നാല്‍ അടുത്ത ചെയര്‍മാന്‍ ചാര്‍ജ് എടുക്കുന്നതുവരെ റിസര്‍വ് ബാങ്ക് അനുവാദത്തോടെ തല്‍സ്ഥാനത്ത് തുടരാവുന്നതാണ്. ചെയര്‍മാനോ മാനേജിങ് ഡയരക്ടറോ നിര്‍ദിഷ്ട യോഗ്യതയുള്ള വ്യക്തി യല്ലെന്ന് റിസര്‍വ് ബാങ്കിനു ബോധ്യമായാല്‍ അദ്ദേഹത്തെ നീക്കം ചെയ്ത് യോഗ്യതകളുള്ള ഒരാളെ തല്‍സ്ഥാനത്ത് നിയമിക്കാന്‍ റിസര്‍വ് ബാങ്കിന് ആവശ്യപ്പെടാം. എന്നാല്‍, റിസര്‍വ് ബാങ്ക് ഈ ആവശ്യമുന്നയിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത പക്ഷം റിസര്‍വ്ബാങ്ക് ഉത്തരവിലൂടെ നിലവിലെ ചെയര്‍മാനെ / മാനേജിങ് ഡയരക്ടറെ നീക്കി പുതിയ ആളെ നിയമിക്കും. നീക്കിയ ചെയര്‍മാന്റെ / മാനേജിങ് ഡയരക്ടറുടെ ശേഷിക്കുന്ന കാലയളവിലേക്ക് റിസര്‍വ്ബാങ്ക് നിയമിച്ച വ്യക്തിക്ക് തുടരാം. റിസര്‍വ് ബാങ്കിന്റെ ഈ നടപടിക്കെതിരെ നീക്കം ചെയ്യപ്പെട്ട ചെയര്‍മാനോ മാനേജിങ് ഡയരക്ടര്‍ക്കോ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടാകുന്നതുവരെ റിസര്‍വ് ബാങ്ക് നിയോഗിച്ച വ്യക്തിക്ക് തല്‍സ്ഥാനത്ത് തുടരാം. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല.
വകുപ്പ് 10 (സി ) പ്രകാരം ചെയര്‍മാനോ മാനേജിങ് ഡയരക്ടരോ യോഗ്യതാ ഓഹരികള്‍ എടുക്കേണ്ടതില്ലെന്നും വകുപ്പ് 10 (ഡി ) അനുസരിച്ച് നീക്കം ചെയ്യപ്പെടുന്ന ചെയര്‍മാനോ മാനേജ് ഡയരക്ടര്‍ ക്കോ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വകുപ്പ് 56 (i) പ്രകാരം റിസര്‍വ് ബാങ്കിന്റെ മുന്‍ അനുവാദത്തോടെ പൊതുജന പ്ലെയ്‌സ്‌മെന്റ്ായോ സ്വകാര്യ പ്ലെയ്‌സ്‌മെന്റായോ സ്‌പെഷ്യല്‍ ഓഹരികള്‍ , മുന്‍ഗണന ഓഹരികള്‍, ഇക്വിറ്റി ഓഹരികള്‍ എന്നിവ മുഖവിലയ്‌ക്കോ പ്രീമിയത്തിലോ നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരിക്കുന്നു. ബോണ്ടുകളും കടപ്പത്രങ്ങളും 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇവ അംഗങ്ങള്‍ക്ക് മാത്രമല്ല ബാങ്കിന്റെ പ്രവര്‍ത്തന പരിധിയ്ക്കുള്ളിലുള്ള അംഗങ്ങളല്ലാത്തവര്‍ക്കും നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് സഹകരണ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വൈരുധ്യമെന്നു പറയട്ടെ സഹകരണ ബാങ്കുകളില്‍ എടുത്തിട്ടുള്ള ഓഹരിയുടെ പണം തിരിച്ചാവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സഹകരണ നിയമ പ്രകാരം സഹകരണ സംഘത്തില്‍ ഒരംഗം എടുത്തിട്ടുള്ള ഓഹരിയുടെ തുക മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തിരികെ നല്‍കാന്‍ ബാധ്യതയുണ്ട്. കേരള ബാങ്കില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എടുത്തിട്ടുള്ള ഓഹരിയുടെ തുക ബാങ്കിങ് നിയമ പ്രകാരം തിരിച്ചാവശ്യപ്പെടാന്‍ സാധിക്കാത്തതാണ്. എന്നാല്‍, പ്രാഥമിക സംഘത്തിന്റെ അംഗങ്ങള്‍ സംഘത്തില്‍ എടുത്തിട്ടുള്ള ഓഹരികള്‍ മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും കേരള ബാങ്കിന്റെയും ഓഹരികള്‍ മടക്കിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ വ്യവസ്ഥകള്‍ ലിക്വിഡിറ്റി റിസ്‌ക്കും അസ്സറ്റ് ലയബിലിറ്റിയുടെ മെച്ചൂരിറ്റിയിലെ അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്നതാണ്. ഓഹരികള്‍ പ്രീമിയത്തില്‍ നല്‍കുന്നത് അതിന്റെ മുഖവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കു നല്‍കുന്ന സംവിധാനമാണ്. ഓഹരിയുടെ വില്‍പ്പന വിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമാണ് പ്രീമിയം എന്നു പറയുന്നത്. കമ്പനികളാണ് അവയുടെ ഓഹരികള്‍ പ്രീമിയത്തില്‍ നല്‍കുന്നത്. ഓരോ സംസ്ഥാനത്തുമുള്ള സഹകരണ നിയമങ്ങളില്‍ ഓഹരി മൂലധനത്തിനു നല്‍കാവുന്ന ലാഭവീതത്തിന് പരിധി നിര്‍ണയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഒരംഗം സഹകരണ സംഘത്തില്‍ ഓഹരി എടുക്കുന്നത് ലാഭവീതം പ്രതീക്ഷിച്ചല്ല. മറിച്ച് സേവനങ്ങള്‍ക്കു വേണ്ടിയാണ്. സഹകരണ ബാങ്കുകള്‍ക്ക് പ്രീമിയത്തില്‍ ഓഹരികള്‍ നല്‍കുന്നത് വിജയിക്കണമെങ്കില്‍ ഉയര്‍ന്ന ലാഭവീതം നല്‍കേണ്ടതുണ്ട്. ബാങ്കിന്റെ ലാഭം ഉയര്‍ന്ന ലാഭവീതമായി നല്‍കുമ്പോള്‍ സ്വതന്ത്ര കരുതലുകളിലേക്കും സ്റ്റാറ്റിയൂട്ടറി റിസര്‍വുകളിലേക്കും ലാഭത്തില്‍ നിന്നും മാറ്റി വയ്ക്കാന്‍ ലഭിക്കുന്ന ലാഭ ഭാഗം ഗണ്യമായി കുറയുകയും അതിന്റെ ഫലമായി മൂലധന പര്യാപ്തത കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമായ കാപ്പിറ്റല്‍ ഫണ്ടിലെ ചെലവില്ലാത്ത ഫണ്ടുകളുടെ അനുപാതം വളരെയേറെ കുറയുകയും ചെയ്യും.
സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ ബാങ്കിങ് നിയമത്തിലെ വകുപ്പ് 20 പ്രകാരം ഒരു സഹകരണ ബാങ്കിന് ഏതൊക്കെ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കാം , ഏതെല്ലാം കാര്യങ്ങള്‍ക്ക് വായ്പ അനുവദിച്ചുകൂടാ , ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് എത്ര രൂപ പരമാവധി വായ്പ അനുവദിക്കാം, ലെരൗൃലറ വായ്പകള്‍ക്ക് സൂക്ഷിക്കേണ്ട മാര്‍ജിന്‍, വായ്പയുടെ പലിശ നിരക്കും മറ്റു നിബന്ധനകളും തുടങ്ങിയവ റിസര്‍വ് ബാങ്കിന് നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. 24-ാം വകുപ്പിലെ ഭേദഗതിയിലൂടെ വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ അതേ വ്യാപ്തിയില്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്.
വകുപ്പ് 26 പ്രകാരമുള്ള, അവകാശിയില്ലാത്തതും കാലാവധി പൂര്‍ത്തിയാക്കിയതുമായ സ്ഥിര നിക്ഷേപങ്ങളുടെയും പത്തു വര്‍ഷമായിട്ടും കാലാവധി എത്തിയ നിക്ഷേപം ആവശ്യപ്പെട്ട് നിക്ഷേപകനോ നോമിനിയോ അവകാശികളോ വരാതെ കിടക്കുന്ന അക്കൗണ്ടുകളുടെയും പത്തുവര്‍ഷമായി ഇടപാടുകള്‍ നടത്താതെ കിടക്കുന്ന സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31 കഴിഞ്ഞാല്‍ 30 ദിവസങ്ങള്‍ക്കകം റിസര്‍വ് ബാങ്കിനെ അറിയിക്കുന്ന റിട്ടേണ്‍ നല്‍കണമെന്നും ഇങ്ങനെ അവകാശികള്‍ ഇല്ലാത്തതും ഇടപാടുകള്‍ നടക്കാത്തതുമായ അക്കൗണ്ടുകളിലുള്ള തുകകള്‍ നിശ്ചിത 10 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം റിസര്‍വ് ബാങ്കിന് കൈമാറണമെന്നുള്ള വകുപ്പ് 26 (എ) യിലെ വ്യവസ്ഥയും സഹകരണ ബാങ്കുകള്‍ക്ക് നേരത്തെത്തന്നെ ബാധകമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്റ് അവേര്‍നസ് ഫണ്ടിലേക്ക് മാറ്റുന്ന ഈ തുക സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് വകുപ്പ് 26 (എ) യില്‍ വ്യവസ്ഥ വന്നിരിക്കുന്നു.
വകുപ്പ് 30 ലെ ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളുടെ ബാക്കിപത്രവും ലാഭനഷ്ടക്കണക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്ുമാര്‍ ഓഡിറ്റ് ചെയ്യണമെന്ന് വ്യവസ്ഥ വന്നിരിക്കുന്നു. ഓഡിറ്ററുടെ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും ബാക്കി പത്രവും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ആറു മാസങ്ങള്‍ക്കകം നിര്‍ദിഷ്ട രീതിയില്‍ പ്രസിദ്ധീകരിക്കണമെന്നും അതിന്റെ മൂന്നു കോപ്പികള്‍ റിസര്‍വ് ബാങ്കിന് ആറ് മാസങ്ങള്‍ക്കകം നല്‍കണമെന്നുമുണ്ടായിരുന്ന വകുപ്പ് 31 ലെ വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഭേദഗതി ചെയ്യുകയുണ്ടായി. ആറുമാസത്തെ സമയം മൂന്നു മാസമാക്കി ചുരുക്കുകയാണ് ചെയ്തത്. ഇനിമുതല്‍ ഓരോ വര്‍ഷത്തെയും സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത ബാക്കിപത്രം ഉള്‍പ്പെടെയുള്ള വാര്‍ഷിക കണക്കുകളും ജൂണ്‍ 30 നുള്ളില്‍ പ്രസിദ്ധീകരിക്കുകയും അവയുടെ മൂന്നു കോപ്പികള്‍ ജൂണ്‍ 30 നുള്ളില്‍ റിസര്‍ബാങ്കിന്് നല്‍കുകയും വേണം. വകുപ്പ് 32 പ്രകാരം ഓഡിറ്റ് റിപ്പോര്‍ട്ട്, ബാക്കിപത്രം, മറ്റു കണക്കുകള്‍ എന്നിവയുടെ മൂന്നു കോപ്പി വീതം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കുകയും അവ ബാങ്കിന്റെ ഹെഡ് ഓഫീസിലും ശാഖകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും വേണം (വകുപ്പ് 33 ) .
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ 35 (എ) യും 35 (ബി) യും സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയിരിക്കുകയാണ്. വകുപ്പ് 35 (എ) പ്രകാരം സഹകരണ ബാങ്കിന്റെ നിക്ഷേപകരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായോ ബാങ്കിങ്് മേഖലയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായോ ഒരു സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം നടക്കുന്നത് നിരോധിക്കുന്നതിനോ അല്ലെങ്കില്‍ സഹകരണബാങ്കിന്റെ കാര്യ നിര്‍വ്വഹണം ശരിയായ വിധം നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനോ വേണ്ടി ഒരു സഹകരണ ബാങ്കിനു വേണ്ടിയോ അല്ലെങ്കില്‍ സഹകരണ ബാങ്കുകള്‍ക്ക് പൊതുവായിട്ടോ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.
തുടരും..
ബി.പി.പിള്ള
9847471798