ബംഗളൂരുവിന്റെ രക്ഷക്കെത്തിയത് വിനായക ഹൗസിങ് സൊസൈറ്റി
കര്‍ണാടക സര്‍ക്കാരിന്റെ വഴിതെറ്റിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി. സുന്ദര നഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബംഗളൂരുവിന്റെ രക്ഷക്കെത്തിയത് വിനായക ഹൗസിങ് സഹകരണ സംഘം. അതോടെ, നിയമഗ്രന്ഥങ്ങളില്‍ വിനായക സൊസൈറ്റിക്ക് പ്രമുഖ സ്ഥാനവും കിട്ടി. പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം. സംസ്ഥാനത്തിന്റെ ജനക്ഷേമകരമായ വികസനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെ നടപടികള്‍ ബംഗളൂരു നഗരത്തിന്റെ മുഖം വികൃതമാക്കുകയാണ് ചെയ്തതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമം വഴി വികസനത്തിനായി മാറ്റിവെച്ച ഭൂമി ഭൂമാഫിയകളുടെ കൈയില്‍ അകപ്പെട്ട ദയനീയ സ്ഥിതിയാണ് കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പൊതു ആവശ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിക്കു വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് തന്നിഷ്ടപ്രകാരം റദ്ദാക്കി മറ്റ് തല്‍പ്പര കക്ഷികള്‍ക്ക് കൈമാറി. ഭൂമാഫിയയും ഇങ്ങനെ ഭൂമി ലഭിച്ചവരില്‍പ്പെടും. ഈ അനധികൃത നടപടിയാണ് വിനായക ഹൗസിങ് സൊസൈറ്റി ചോദ്യം ചെയ്തത്. പാര്‍പ്പിട സമുച്ചയത്തിനായി തങ്ങള്‍ക്കു കിട്ടേണ്ട ഭൂമിയാണ് മറ്റുള്ളവരുടെ കൈകളില്‍ അകപ്പെട്ടതെന്ന് സൊസൈറ്റി ബോധിപ്പിച്ചു. തുടര്‍ന്നാണ് വിനായക സൊസൈറ്റിക്ക് അനുകൂലമായി വിധിയുണ്ടായത്.
നേരത്തേ ആസൂത്രണം ചെയ്ത പദ്ധതികളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതായത്, നിലവിലുള്ള പദ്ധതികള്‍ അട്ടിമറിക്കരുത്. പദ്ധതിക്കായി നീക്കിവെച്ച ഭൂമി പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വികസനത്തിനായിത്തന്നെ ഉപയോഗിക്കണം. പദ്ധതികള്‍ കീഴ്‌മേല്‍ മറിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനം ബംഗളൂരുവിന്റെ പരിസ്ഥിതിയെത്തന്നെ പ്രതികൂലമായി ബാധിച്ചു. മലിനീകരണം, ശുദ്ധജല ക്ഷാമം, നീണ്ടുനില്‍ക്കുന്ന ട്രാഫിക് തടസ്സങ്ങള്‍, ഡ്രെയിനേജ് സംവിധാനത്തിലെ അപാകങ്ങള്‍ തുടങ്ങിയവ ബംഗളൂരുവിന്റെ മുഖം വികൃതമാക്കിയിട്ടുണ്ട്. തടാകങ്ങളും പൂന്തോട്ടങ്ങളും പുല്‍മേടുകളും അപ്രത്യക്ഷമായി. സുന്ദര നഗരമായി ബംഗളൂരുവിനെ പാടിപ്പുകഴ്ത്തിക്കൊണ്ടാണ് 1987 ല്‍ ജസ്റ്റിസ്. ഒ. ചിന്നപ്പറെഡ്ഡി ഒരു കേസില്‍ വിധിയെഴുതിയത് – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ്. അബ്ദുള്‍ നസീര്‍, എം.ആര്‍. ഷാ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ( Case No. Civil Appeal 3600 / 2011 )