ഫലസ്തീന്‍: പുതിയ നാടകവുമായി ട്രംപ്
2020 മാര്‍ച്ച് ലക്കം
ഫലസ്തീന്‍ രാജ്യ രൂപവത്കരണം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശം പരിഹാരത്തേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് വഴിതുറന്നത്. രാജ്യമില്ലാത്ത, പതിറ്റാണ്ടുകളായി പീഡനങ്ങളനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ കൂടുതല്‍ മുറിവേല്പിക്കുന്ന തരത്തിലാണ് ട്രംപിന്റെ ‘സമാധാന സിദ്ധാന്തം’. ദ്വിരാഷ്ട്ര വാദത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഫലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ചതിക്കുഴികളാണ് ഇതിലുള്ളതെന്നാണ് വിലയിരുത്തല്‍.
‘ പുതിയ പ്രഭാതം ‘ എന്ന മുഖവുരയോടെയാണ് ജനവരി 30 ന് ട്രംപ് തന്റെ പദ്ധതി പ്രഖ്യാപിച്ചത്. ഇസ്രായേലും ഫലസ്തീനും തമ്മിലാണല്ലോ തര്‍ക്കം നിലനില്‍ക്കുന്നത്. എന്നാല്‍, പുതിയ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഫലസ്തീനെ പങ്കെടുപ്പിച്ചില്ല എന്നതാണ് വൈരുധ്യം. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയാണ് പ്രഖ്യാപനം നടത്തിയത്. ഒമാന്‍, യു.എ.ഇ., ബഹറൈന്‍ സ്ഥാനപതിമാരെയും പങ്കെടുപ്പിച്ചിരുന്നു. രണ്ടു കക്ഷികള്‍ തമ്മിലെ തര്‍ക്കവിഷയത്തില്‍ ഒരു കക്ഷിയെ പങ്കടുപ്പിക്കാതെ ചര്‍ച്ച നടത്തി ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയെന്ന അങ്ങേയറ്റം അനൗചിത്യമുള്ള നടപടിയാണ് ട്രംപ് കൈക്കൊണ്ടത്. അതിനാല്‍ത്തന്നെ ഈ പദ്ധതിക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചത്. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതാണ് ട്രംപ് നിര്‍ദേശം. ഫലസ്തീന്റെ തലസ്ഥാനം കിഴക്കന്‍ ജറുസലേമിലെ അബു ദിസ് നഗരമായി നിശ്ചയിക്കാനാണ് നിര്‍ദേശം. ജറുസലേമിനെ ഇസ്രായേലിന് വിട്ടുകൊടുക്കാനുള്ള അടവാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
1980 ലാണ് ജറുസലേമിനെ ഇസ്രായേല്‍ സ്വന്തം രാജ്യത്തോട് അനധികൃതമായി കൂട്ടിച്ചേര്‍ത്തത്. ജറുസലേമിനെ അവര്‍ തലസ്ഥാനമായും പ്രഖ്യാപിച്ചു. എന്നാല്‍, ഐക്യരാഷ്ട്ര സഭയോ ലോകരാജ്യങ്ങളോ ഇതംഗീകരിച്ചില്ല. 2017 ല്‍ ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ചില രാജ്യങ്ങളും ഇതിനെ പിന്താങ്ങി. എന്നാല്‍, യു.എന്നും യൂറോപ്യന്‍ യൂണിയനും ഇത് തള്ളി. ഫലസ്തീന്റെ കൈവശമുണ്ടായിരുന്ന വെസ്റ്റ് ബാങ്കില്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തെക്കുറിച്ച് ഈ പദ്ധതിയിലൊന്നും പറയുന്നില്ല. ഫലത്തില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിന് സാധുത നല്‍കുന്നതാണ് ട്രംപ് പദ്ധതി. ഇതെല്ലാം കണ്ടാണ്, ട്രംപ് പ്രഖ്യാപനത്തെ ആയിരം വട്ടം തള്ളുന്നുവെന്ന് മഹമ്മൂദ് അബ്ബാസ് പറഞ്ഞത്.
രാജ്യമില്ലാത്ത ജനത
പരിഷ്‌കൃതമെന്ന് പറയുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജനാധിപത്യ യുഗത്തിലെ അങ്ങേയറ്റം ദുരിതമയമായ കാഴ്ചയാണ് ഫലസ്തീന്‍ ജനത. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ തങ്ങളുടെ ജ•സ്ഥലമാണ് ഫലസ്തീന്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നാണ് ജൂതവിഭാഗത്തിന്റെ അവകാശവാദം. റോമന്‍ സാമ്രാജ്യത്തിന്റെ ആക്രമണ ഫലമായാണ് ജൂത•ാര്‍ക്ക് അവിടെനിന്ന് പുറത്തു പോകേണ്ടി വന്നത്. തങ്ങളുടെ അധിനിവേശത്തിലുണ്ടായിരുന്ന ഫലസ്തീന്‍ പ്രദേശത്ത് ലോകത്തിന്റെ പലയിടങ്ങളിലുള്ള ജൂത•ാരെ കൊണ്ടുവന്ന് കുടിയിരുത്തിയതിനു പിന്നില്‍ ബ്രിട്ടീഷുകാരായിരുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ നടന്ന കടുത്ത ജൂതപീഡനം ഇതിന് ആക്കം കൂട്ടി. 1947 ല്‍ ഫലസ്തീന്‍, ഇസ്രായേല്‍ ദ്വിരാഷ്ട്രമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി. അറബികള്‍ അതിനെ എതിര്‍ത്തു. 1948 മേയില്‍ ഇസ്രായേല്‍ രാജ്യം നിലവില്‍വന്നു. സിറിയ, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, ലെബനന്‍ എന്നിവ ചേര്‍ന്ന അറബ് സൈന്യം 1948 ല്‍ ഇസ്രായേലിനെ ആക്രമിച്ചു. എന്നാല്‍, യുദ്ധത്തില്‍ ഇസ്രായേലിനായിരുന്നു ജയം. അവര്‍ നിലവിലുള്ളതിന്റെ 50 ശതമാനം കൂടുതല്‍ ഭൂമി പിടിച്ചെടുക്കുകയും ചെയ്തു. 1967 ല്‍ സിറിയ, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, ലെബനന്‍, അള്‍ജീരിയ എന്നിവ ചേര്‍ന്ന അറബ് സഖ്യവുമായുള്ള യുദ്ധത്തിലും ഇസ്രായേലിനായിരുന്നു ജയം. മാത്രമല്ല, നിലവിലുള്ളതിന്റെ 200 ശതമാനം ഭൂമി കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു. സിനായ്, ഗോലന്‍ കന്നുകള്‍, ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവയെല്ലാം ഇസ്രായേലിന്റെ കൈവശമായി. സിനായ് പിന്നീട് ഈജിപ്തിന് വിട്ടുകൊടുത്തു. സിറിയയുടെ ഭാഗമായിരുന്ന ഗോലന്‍ കുന്നുകളുടെ മൂന്നില്‍ രണ്ടു ഭാഗവും ഇപ്പോഴും ഇസ്രായേലിന്റെ കൈവശമാണ്. വെസ്റ്റ് ബാങ്കിന്റെ നല്ലൊരു ഭാഗവും ഇസ്രായേലിന്റെ കൈവശമാണ്. ബാക്കി ഭാഗം ഫലസ്തീന്‍ അതോറിറ്റിയുടെ ഭാഗവും. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ തങ്ങളുടെ പൗര•ാരെ കൊണ്ടുവന്ന് പാര്‍പ്പിക്കുന്ന പുതിയ കുടിയേറ്റങ്ങള്‍ നടക്കുന്നുമുണ്ട്. അതിന്റെ പേരിലാണ് പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്.
1993 ലും 95 ലും യു.എന്നിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഓസ്ലോ സമാധാന ഉടമ്പടിപ്രകാരം ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പരസ്പരം അംഗീകരിക്കാനും 1967-ലെ യുദ്ധത്തിനു മുമ്പുള്ള അതിര്‍ത്തിപ്രകാരം ഫലസ്തീന്‍ രാഷ്ട്ര രൂപവത്ക്കരണം യാഥാര്‍ഥ്യമാക്കാനുമായിരുന്നു കരാറില്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, പിന്നീട് ഇസ്രായേലില്‍ അധികാരത്തില്‍ വന്ന ബെഞ്ചമിന്‍ നെതന്യാഹു ഓസ്ലോ കരാറിനെ അപ്രസക്തമാക്കുന്നവിധം പുതിയ കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഫലസ്തീന്‍ ജനതയ്ക്ക് തങ്ങളുടെ ഭൂപ്രദേശം ചുരുങ്ങിവരികയും ചെയ്തു. 2012 ല്‍ യു.എന്‍. ഫലസ്തീന് നിരീക്ഷണ രാജ്യ പദവി നല്‍കിയിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഫലസ്തീന്‍ ജനതയുടെ ദുരിതജീവിതത്തിന് പരിഹാരമായില്ല. എപ്പോഴും ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയായി അവര്‍ തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തെന്യാഹുവിന് മാര്‍ച്ചില്‍ നടക്കുന്ന അടുത്ത വോട്ടെടുപ്പിലും ഡൊണാള്‍ഡ് ട്രംപിന് അടുത്ത യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രാഷ്ട്രീയ കുതന്ത്രമാണ് പുതിയ പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. ഇവരുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ തീരാദുരിതമനുഭവിക്കുന്നത് വലിയൊരു ജനവിഭാഗമാണെന്നതാണ് വസ്തുത.