പ്രാഥമിക സഹകരണ സംഘങ്ങൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകുമെന്ന പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി: മൂന്നുവർഷംകൊണ്ട് കേരള ബാങ്കിനെ നമ്പർവൺ ബാങ്ക് ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ ആർബിഐയുടെ നിയന്ത്രണത്തിലാകും എന്ന പ്രചരണം ശരിയല്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് കേരള ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നുവർഷംകൊണ്ട് കേരള ബാങ്കിനെ നമ്പർവൺ ബാങ്ക് ആക്കി മറ്റും. സംസ്ഥാന സഹകരണ ബാങ്കുകൾക്കും ജില്ലാ ബാങ്കുകൾക്കും നിലവിൽ ആർബിഐയുടെ നിയന്ത്രണമുണ്ട്. സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിയമത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇപ്പോഴുള്ള രീതി തുടരും. അതിൽ മാറ്റം ഉണ്ടാകില്ല. പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആർബിഐ യുടെ നിയന്ത്രണം ഉണ്ടാകില്ല എന്ന് മാത്രമല്ല ആർ ബി ഐ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒരു ഭീഷണിയും അല്ല.
കേരളത്തിന്റെ നിക്ഷേപങ്ങളും സാമ്പത്തിക സാധ്യതകളും ഫലപ്രദമായി ഉപയോഗിക്കുക എന്ന താൽപര്യത്തിൽ ആണ് കേരളബാങ്ക് രൂപീകരിച്ചിരിക്കുന്നത്. ഇത് സഹകരണമേഖലയെ ഉത്തേജിപ്പിക്കും. സഹകരണ മേഖലയ്ക്ക് ഒരു കേടുപാടും സംഭവിക്കില്ല എന്ന് മാത്രമല്ല വളരുകയേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.