പ്രാഥമിക സഹകരണബാങ്കുകളിലെ വായ്പാ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

moonamvazhi

നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സഹകരണ മേഖലയില്‍ വായ്പയുടെ പലിശ നിരക്കിലും മാറ്റം വരുത്തി. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിക്ഷേപത്തിന്റെ പലിശ നിരക്കിന് ആനുപാതികമായി വായ്പാനിരക്കിലും മാറ്റം വരുത്തണമെന്ന് സഹകാരികള്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഉയര്‍ന്ന നിക്ഷേപം സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു സഹകാരികള്‍ ചൂണ്ടിക്കാട്ടിയത്. സഹകരണ കോണ്‍ഗ്രസിലും ഇക്കാര്യം ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം ചേര്‍ന്ന് സഹകരണ വകുപ്പ് വായ്പാപലിശ നിരക്ക് ഉയര്‍ത്തിയത്.

 

നിലവില്‍ ഈടാക്കാവുന്ന പരമാവധി പലിശ നിരക്ക് നിലവിലുള്ള നിരക്കില്‍ നിന്നും അരശതമാനം നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് . കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലക്കുള്ള വായ്പകളുടെ പലിശ നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പ്രാഥമിക സഹകരണ സംഘങ്ങളിലെ വായ്പകളുടെ പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് വിവാഹ വായ്പ – 10.50 ശതമാനം , ചികിത്സാ വായ്പാ – 11.25 ശതമാനം, വീട് മെയിന്റനസ് വായ്പ (രണ്ട് ലക്ഷം രൂപ വരെ) 10 ശതമാനം , വീട് മെയിന്റനസ് വായ്പ (രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ 11 ശതമാനം), കണ്‍സ്യൂമര്‍ വായ്പ 12 ശതമാനം വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള വായ്പ 12 ശതമാനം , വാഹന വായ്പ 11 ശതമാനം, ഓവര്‍ ഡ്രാഫ്റ്റ് 12.25 ശതമാനം എന്നിങ്ങനെയാണ്.

ഭവന നിര്‍മ്മാണകളില്‍ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 ശതമാനം, മൂന്നുലക്ഷം രൂപയ്ക്ക് മുകളില്‍ 10.50 ശതമാമാനമാനവും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ 10ലക്ഷം രൂപവരെയുള്ള വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50 ശതമാനവുമാണ് പലിശ നിരക്ക്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു സെന്റ് വരെ ഭൂമിയുള്ള വീട് വയ്ക്കുന്നതിനുള്ള വായ്പ , ഭൂമി ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനുള്ള വായ്പയുടെയും നിലവിലുള്ള പലിശയില്‍ മാറ്റമില്ല. ഭൂമി വാങ്ങുന്നതുള്ള വായ്പ, ട്രേഡേഴ്സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 ശതമാനമായി നിശ്ചയിച്ചു. 

 

യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരളബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കല്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എല്‍.എ, കാര്‍ഷിക വികസന ബാങ്ക് അംഗ പ്രതിനിധി ഇ. ജി. മോഹനന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി , സഹകരണ സംഘം രജിസ്ട്രാര്‍ സുഭാഷ് ഐ.എ.എസ്, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പ്, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജ്യോതി പ്രസാദ്, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) എം. ജി. പ്രമീള എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News