പ്രാഥമിക സംഘങ്ങള്‍ക്കു കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനനിധി ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കാം

Deepthi Vipin lal
കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനനിധി ( അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് – AIF )  പദ്ധതിപ്രകാരം വായ്പ സ്വീകരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ( PACS ) അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിര്‍ദേശങ്ങളും രജിസ്ട്രാര്‍ നല്‍കി.

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനനിധി സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനു വിനിയോഗിക്കാനായി ഒരു കര്‍മപദ്ധതിക്കു രൂപം നല്‍കാന്‍ ജൂലായ് 21 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു സഹകരണ സംഘം രജിസ്ട്രാര്‍ ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.


നബാര്‍ഡിന്റെ സഹായത്തോടെ നാലു ശതമാനം പലിശനിരക്കില്‍ നടപ്പാക്കിവരുന്ന PACS as MSC എന്ന പദ്ധതിയെ AIF പദ്ധതിയില്‍ ലിങ്ക് ചെയ്തു മൂന്നു ശതമാനം പലിശ സബ്‌സിഡിയോടെ ലഭ്യമാക്കി ഒരു ശതമാനം പലിശനിരക്കില്‍ രണ്ടു കോടി രൂപവരെ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കു സഹകരണ മേഖലയിലൂടെ വായ്പ കിട്ടുന്നതിനാല്‍ പ്രാദേശികമായി വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ കണ്ടെത്തി ഓരോ സംഘവും ഏറ്റെടുക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സര്‍ക്കുലറിലെ മറ്റു നിര്‍ദേശങ്ങള്‍ ഇനി പറയുന്നു :

നബാര്‍ഡിന്റെ PACS as MSC എന്ന വായ്പാ പദ്ധതി നിലവില്‍ അനുവദിച്ചിരിക്കുന്നത് 2022-23 വരെയാണ്. അതിനാല്‍ എല്ലാ സംഘങ്ങളും ഈ പദ്ധതി പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വിജയകരമായി നടപ്പാക്കാവുന്ന പദ്ധതികള്‍ തയാറാക്കി www.http://agriinfra.dac.gov.in എന്ന ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. അതോടൊപ്പം വായ്പാ അപേക്ഷയും ബന്ധപ്പെട്ട രേഖകളും കേരള ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം. പ്രോജക്ട് തയാറാക്കാന്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് PMU വില്‍ നിന്നു സഹായം കിട്ടും. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സംഘങ്ങള്‍ക്കു വിദഗ്ധരുടെ സേവനവും വിനിയോഗിക്കാം. ജില്ലകളില്‍ ഈ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാരായി സഹകരണ വകുപ്പിലെ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരെ ( ഭരണം ) നിയോഗിച്ചിട്ടുണ്ട്.

AIF ഉപയോഗിച്ചുള്ള പദ്ധതിയുടെ ഭാഗമായി വിവിധ യൂണിറ്റുകള്‍ തുടങ്ങാന്‍ സ്വന്തമായി ഭൂമിയില്ലെങ്കില്‍ സംഘങ്ങള്‍ക്കു ഭൂമി വാങ്ങാനും പാട്ടത്തിന് എടുക്കാനും ക്രമപ്രകാരം നടപടിയെടുക്കാം. പദ്ധതി നടപ്പാക്കാന്‍ നിലവില്‍ ബൈലോയില്‍ വ്യവസ്ഥയില്ലാത്ത സംഘങ്ങള്‍ ജോ. രജിസ്ട്രാറില്‍ നിന്നു പ്രത്യേകാനുവാദം വാങ്ങി അപേക്ഷ സമര്‍പ്പിക്കണം. അടുത്ത പൊതുയോഗത്തില്‍ അവതരിപ്പിച്ച് ബൈലോയില്‍ ഇതിനാവശ്യമായ ഭേദഗതിയും വരുത്തണം.

AIF ഉപയോഗിച്ചുള്ള പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനായി ഭരണസമിതിയുടെ തീരുമാനപ്രകാരം സ്വന്തം ഫണ്ട് ചെലവഴിക്കാനുള്ള അപേക്ഷയില്‍ ജോ. രജിസ്ട്രാര്‍ സമയബന്ധിതമായി തത്വത്തില്‍ അംഗീകാരം നല്‍കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. പദ്ധതിക്കു നബാര്‍ഡിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്കു സംഘംഫണ്ട് ചെലവാക്കാനുള്ള അപേക്ഷ പരിശോധിച്ച് നിയമപരമാണെങ്കില്‍ അന്തിമാംഗീകാരം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News