പ്രാഥമിക സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനു 2516 കോടിയുടെ പദ്ധതിക്ക് കേന്ദ്രാംഗീകാരം

[mbzauthor]

രാജ്യത്തെ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ( PACS ) കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനു 2516 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനമെടുത്തത്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും വൈവിധ്യവത്കരണവും നടപ്പാക്കാനുമാണു കമ്പ്യൂട്ടര്‍വത്കരണം ലക്ഷ്യമിടുന്നത്. അഞ്ചു കൊല്ലം കൊണ്ടാണു കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കുകയെന്നു മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ അറിയിച്ചു. 2516 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രം 1528 കോടി രൂപ നല്‍കും. 13 കോടി കര്‍ഷകര്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയര്‍ വികസനവും സൈബര്‍ സുരക്ഷയും ഡാറ്റാ സ്റ്റോറേജുമടങ്ങുന്നതാണു പദ്ധതി. പദ്ധതിയ്ക്കായി കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ സ്ഥാപിക്കും. പ്രാഥമിക സംഘങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ പൊതുസോഫ്റ്റ്‌വെയറുമായി സംയോജിപ്പിക്കാന്‍ തയാറാണെങ്കില്‍ ഓരോ സംഘത്തിനും അര ലക്ഷം രൂപ തിരിച്ചുനല്‍കും. ഈ സംഘങ്ങളിലെ സോഫ്റ്റ്‌വെയര്‍ 2017 ഫെബ്രുവരി ഒന്നിനു ശേഷം കമ്മീഷന്‍ ചെയ്തതായിരിക്കണം.

[mbzshare]

Leave a Reply

Your email address will not be published.