പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഭേദഗതി ചെയ്തു

Deepthi Vipin lal

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ടുള്ള ശമ്പള പരിഷ്‌കരണ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. 2021 ഫെബ്രുവരി 15 ലെ ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ 2021 ഏപ്രില്‍ ഇരുപതിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനും നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കു നിലവിലുള്ള ശമ്പളസ്‌കെയിലിനാനുപാതികമായി ശമ്പള സ്‌കെയില്‍ അനുവദിക്കുന്നതിനും പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്കു നിലവിലെ സ്‌കെയിലിനാനുപാതികമായി രണ്ടു ഹയര്‍ ഗ്രേഡ് സ്‌കെയില്‍ അനുവദിക്കുന്നതിനുമായാണു നേരത്തേയുള്ള സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച്, 2019 ഏപ്രില്‍ ഒന്നിനുശേഷം പ്രമോഷനോ ഹയര്‍ഗ്രേഡ് മാറ്റമോ വരുന്ന സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന സ്‌കെയിലിലെ ശമ്പളനിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലെ അടിസ്ഥാന ശമ്പളം കണക്കാക്കുമ്പോള്‍ പേഴ്‌സണല്‍ പേയും സ്റ്റാഗ്‌നേഷന്‍ ഇന്‍ക്രിമെന്റുമുള്‍പ്പെടെ പരിഗണിക്കാവുന്നതാണ്. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവു പ്രകാരം അടിസ്ഥാന ശമ്പള സ്‌കെയിലിന്റെ പരമാവധി എത്തിയാല്‍ അവസാനം വാങ്ങിയ നിരക്കില്‍ പരമാവധി അഞ്ചു ഇന്‍ക്രിമെന്റ് സ്റ്റാഗ്‌നേഷന്‍ ഇന്‍ക്രിമെന്റായി അനുവദിക്കാം. ഈ ഇന്‍ക്രിമെന്റുകളില്‍ ആദ്യത്തെ നാലെണ്ണം വാര്‍ഷികവും അഞ്ചാമത്തേതു ദ്വൈവാര്‍ഷികവു ( രണ്ടു വര്‍ഷത്തിലൊരിക്കല്‍ ) മായിരിക്കും.

കാഷ്യര്‍ തസ്തികയിലുള്ളവര്‍ക്കു പ്രതിമാസം 300 രൂപ റിസ്‌ക് അലവന്‍സ് കിട്ടും. സര്‍ക്കാര്‍ സര്‍വീസിലെ ഡ്രൈവര്‍മാര്‍ക്കു കിട്ടുന്ന നിരക്കില്‍ ടി.എ, ഡി.എ. എന്നിവയ്ക്കു അര്‍ഹതയുണ്ട്. എന്നാല്‍, ഓവര്‍ടൈം അലവന്‍സുണ്ടാവില്ല. അംഗപരിമിതരായ ജീവനക്കാര്‍ക്കു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിവരുന്ന നിരക്കിലും വ്യവസ്ഥയിലും കണ്‍വേയന്‍സ് അലവന്‍സിന് അര്‍ഹതയുണ്ടാവില്ല.

നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഹയര്‍ഗ്രേഡ് ജീവനക്കാര്‍ എന്നിവരുടെ ശമ്പള സ്‌കെയിലും പരിഷ്‌കരിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ ഉത്തരവിനൊപ്പമുള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News