പ്രാഥമിക ബാങ്കുകള്‍ക്ക് ഒറ്റ സോഫ്റ്റ്‌വെയര്‍തന്നെ; കേരള ബാങ്കുമായി ബന്ധിപ്പിക്കും
പ്രാഥമിക സഹകരണ ബാങ്കുകളിലെല്ലാം ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. നേരത്തെ തയ്യാറാക്കിയ ആര്‍.എഫ്.പി. അനുസരിച്ചായിരിക്കും സോഫ്റ്റ്‌വെയര്‍ ഏകീകരണം. ഇതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഒരു മോണിറ്ററിങ് കമ്മിറ്റിയും ടെക്നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് പ്രീ ബിഡ് യോഗം കഴിഞ്ഞു.
ഇപ്പോള്‍ തയ്യാറാക്കിയ ആര്‍.എഫ്.പി. അനുസരിച്ചാണെങ്കില്‍ നിലവില്‍ പ്രാഥമിക ബാങ്കുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ എല്ലാം മാറ്റേണ്ടിവരും. ആര്‍.എഫ്.പി. അനുസരിച്ച് കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയുടെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കണം. ഓരോ ബാങ്കിനും പ്രത്യേകമായി സോഫ്റ്റ്വെയര്‍ നല്‍കില്ല. പൊതു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് വരാനിരിക്കുന്നത്. സാസ് മോഡല്‍ ( സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് ) എന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ ഏകീകരണം നടപ്പാക്കാനുള്ള ആര്‍.എഫ്.പി.യാണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രാഥമിക ബാങ്കുകളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക ബാങ്കുകള്‍ക്ക് അവയുടെ ബാങ്കിങ് പ്രവര്‍ത്തനത്തിനായി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ കേരള ബാങ്കുമായി ബന്ധിപ്പിക്കും. ഇതിലൂടെ കേരള ബാങ്കിന്റെ എല്ലാ സേവനങ്ങളും പ്രാഥമിക ബാങ്കുകളിലൂടെ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. മാത്രവുമല്ല, ഭരണപരമായ നിയന്ത്രണം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് എളുപ്പവുമാകും. രജിസ്ട്രാര്‍ക്ക് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ഓരോ ബാങ്കില്‍നിന്നും ലഭ്യമാക്കാന്‍ ഈ സോഫ്റ്റ്വെയറിലൂടെ കഴിയും.
മികച്ച സോഫ്റ്റ്വെര്‍ സംവിധാനമുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഒട്ടേറെയുണ്ട്. ഈ സോഫ്റ്റ്വെയര്‍ ഒഴിവാക്കേണ്ടിവരുന്നത് ബാങ്കുകള്‍ക്കുണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും സാങ്കേതിക പ്രശ്നങ്ങളും ഏറെയാണ്. പ്രാഥമിക ബാങ്കുകളുടെ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തുകയും നല്ല സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്ന സോഫ്റ്റ്‌വെയറുകള്‍ തുടരാന്‍ അനുമതി നല്‍കുകയും വേണമെന്നതാണ് സഹകാരികളുടെ ആവശ്യം. കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തിന് അനുസരിച്ച് പ്രാഥമിക ബാങ്കുകളെ ക്രമീകരിക്കാന്‍ ഇത് തടസ്സമാകുമെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേരള ബാങ്കിന് വേണ്ടി ഏകീകൃത സോഫ്റ്റ്വെയര്‍ കൊണ്ടുവരുന്നത് പ്രാഥമിക ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്ന പ്രശ്നവും സഹകാരികള്‍ ഉന്നയിക്കുന്നുണ്ട്. ഒരു പ്രദേശത്തിന്റെ സ്വഭാവവും പ്രത്യേകതയും അനുസരിച്ചാണ് പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം. ഇത് ഏകീകൃതമല്ല. അതിനാല്‍, ഏകീകൃത മൊഡ്യൂളുമായി തയ്യാറാക്കുന്ന സോഫ്റ്റ്വെയര്‍ ഇത്തരം ബാങ്കുകളില്‍ ഉപയോഗിക്കുന്നത് അപ്രായോഗികമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ ബാങ്കിങ് ഒരു നെറ്റ്‌വര്‍ക്കിലേക്ക് കൊണ്ടുവരണമെന്നതില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. ഇതിന്, പ്രാഥമിക ബാങ്കുകളുടെയും കേരള ബാങ്കിന്റെയും സോഫ്റ്റ്‌വെയര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകോപനമാണ് വേണ്ടതെന്നാണ് സഹകാരികളുടെ നിര്‍ദേശം.