പ്രാഥമിക ബാങ്കുകളുമായുള്ള ബന്ധം കേരള ബാങ്ക് മെച്ചപ്പെടുത്തണം – മന്ത്രി
പ്രാഥമിക സഹകരണ ബാങ്കുകളുമായി നല്ല ബന്ധം നിലനിര്‍ത്താനാവശ്യമായ നടപടി കേരള ബാങ്ക് സ്വീകരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുപോലും ഉയര്‍ന്ന ഫീസ് ചുമത്തല്‍, പലിശനിരക്കിലെ തര്‍ക്കങ്ങള്‍ എന്നിവയെല്ലാം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കേരള ബാങ്കിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകാകണം. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങള്‍ കേരള ബാങ്കില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഐ.ടി. ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് പൂര്‍ണമായും ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ബാങ്കിലുണ്ടാകും. മറ്റ് ദേശസാല്‍കൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകും – മന്ത്രി പറഞ്ഞു.
ആധുനിക ബാങ്കിങ് സേവനങ്ങള്‍ക്കുള്ള അനുമതി കേരള ബാങ്കിന് ലഭിക്കണമെങ്കില്‍ അതിന്റെ നിലവിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. നിഷ്‌ക്രിയ ആസ്തി കുറയ്ക്കുകയും മൂലധന പര്യാപ്തത കൂട്ടുകയും വേണം. കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. അതേസമയം, അത്തരം നടപടികള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാകരുത് – മന്ത്രി നിര്‍ദ്ദേശിച്ചു.
നിഷ്‌ക്രിയ ആസ്തികള്‍ കൂടുന്നത് ബാങ്കിനെ പ്രതിസന്ധിയിലാക്കും. അതിനാല്‍, ബാങ്ക് സ്വീകരിക്കുന്ന നിയമപരമായ തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ സഹായം മന്ത്രി വാഗ്ദാനം ചെയ്തു. കുടിശ്ശിക തീര്‍പ്പാക്കാനുള്ള സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അത് ബാങ്കിനു കനത്ത ബാദ്ധ്യത വരാത്ത രീതിയിലുമായിരിക്കണം. സഹകരണ ബാങ്കിങ് രംഗത്ത് വലിയ മാറ്റമാണ് കേരള ബാങ്കിലൂടെ നടപ്പാവേണ്ടത് – മന്ത്രി പറഞ്ഞു.
യോഗത്തില്‍ ബാങ്കിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹ്, സി.ഇ.ഒ. എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ഹെഡ് ഓഫീസിലെ ജനറല്‍ മാനേജര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
[mbzshare]