പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി ശില്പശാല നടത്തി

moonamvazhi

കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) നബാര്‍ഡിന്റെ പിന്തുണയോടെ PACS as MSC/AIF പദ്ധതിയുടെ കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി ‘കയറ്റുമതി ഉല്‍പാദനവും കാര്‍ഷിക-അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിപണനവും’ എന്ന വിഷയത്തില്‍ കോട്ടയം കുമരകത്ത് രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, നബാര്‍ഡ് കേരള സി.ജി.എം ഡോ. ഗോപകുമാരന്‍ നായര്‍ ജി., കേരള ബാങ്ക് സി.ഇ.ഒ പി.എസ്.രാജന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി.സഹദേവന്‍, കോട്ടയം റീജിയണല്‍ ജനറല്‍ മാനേജര്‍, ലതാ പിള്ള, ബി.പി.സി.സി ജനറല്‍ മാനേജര്‍, പ്രീതാ കെ.മേനോന്‍, പ്രോജക്ട് സ്‌പെഷലിസ്റ്റ്, കെ.എ.രമേഷ് എന്നിവര്‍ പങ്കെടുത്തു.

കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ കേന്ദ്ര കയറ്റുമതി ഏജന്‍സിയായ APEDA, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ്, കേന്ദ്ര നാളികേര വികസന ബോര്‍ഡ്, CTCRI എന്നിവിടങ്ങളിലുള്ള വിദഗ്ദ്ധര്‍, എക്‌സ്‌പോര്‍ട്ട് വിദഗ്ദ്ധര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ശില്പശാലയില്‍ വിവിധ സെഷനുകളില്‍ വിഷയം കൈകാര്യം ചെയ്തു.”പ്രാദേശികം മുതല്‍ ആഗോളം വരെ: കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലെ അവസരങ്ങളും വെല്ലുവിളികളും” (Local to Global: Opportunities & Challenges in Agro Based Value Added Products) എന്നതായിരുന്നു ശില്പശാലയുടെ പ്രമേയം. ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, ബ്രാന്‍ഡിംഗ്, ഉല്‍പ്പന്നങ്ങളുടെ തദ്ദേശ വിപണിയും കയറ്റുമതിയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് പൊതുവായ പ്ലാറ്റ്‌ഫോം വികസിപ്പിക്കുക എന്നതായിരുന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം. കയറ്റുമതി ഉല്പാദനപ്രക്രിയകള്‍, ഗുണനിലവാരം, സര്‍ട്ടിഫിക്കേഷനുകള്‍, ഉത്പാദനത്തിനും പ്രചാരണത്തിനും വിവിധ ഏജന്‍സികളുടെ സാമ്പത്തികവും സാങ്കേതികവുമായ സഹായം, കയറ്റുമതിക്കുള്ള ധനസഹായം, കയറ്റുമതി മാര്‍ക്കറ്റിംഗ്, ഡോക്യുമെന്റേഷന്‍, ബാങ്ക് നല്‍കുന്ന ഉല്‍പാദന / കയറ്റുമതി വായ്പാ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാല വിശദമായി ചര്‍ച്ച ചെയ്തു.

പങ്കെടുക്കുന്ന PACS കള്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, വിവിധ പ്രോഡക്ടുകളുടെ ഉല്‍പാദനം, പ്രചാരണ പ്രവര്‍ത്തികള്‍ എന്നിവയെ പറ്റിയുള്ള അറിവുകളും കഴിവുകളും വര്‍ധിപ്പിക്കാനുള്ള അവസരമായാണ് ഈ ശില്പശാല ഒരുക്കിയത്. ശില്പശാലയില്‍ ചര്‍ച്ച ചെയ്ത പദ്ധതി സഹകരണ മേഖലയില്‍ നടപ്പിലാക്കുകയാണെങ്കില്‍ കാര്‍ഷിക, ചെറുകിട വ്യവസായ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. മാത്രവുമല്ല, കേരളത്തിലെ കയറ്റുമതി വരുമാനവും അതോടൊപ്പം കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News