പ്രവർത്തന മികവിൽ കിരീടംചൂടി കാട്ടാക്കട പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്…

adminmoonam

നെയ്യാറ്റിൻകര കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ഉണ്ടായിരുന്ന 10 വില്ലേജുകളും പാലോട് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രവർത്തന പരിധിയിൽ ഉള്ള 3 വില്ലേജുകളും ചേർത്താണ് കാട്ടാക്കട പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, കാട്ടാക്കട താലൂക്ക് രൂപീകരണത്തിന്റെ ഭാഗമായി 2016 ഫെബ്രുവരി 1 ന് രൂപംകൊള്ളുന്നത്. ബാങ്ക് രൂപീകൃതമായപ്പോൾ 16,223  ക്ലാസ് മെമ്പർമാരും239.05 ലക്ഷം രൂപയുടെ ഓഹരി മൂലധനവും3553.49 ലക്ഷം രൂപയുടെ വായ്പ നീക്കി നിൽപ്പും 2015-16 സാമ്പത്തിക വർഷത്തിൽ 683.43 ലക്ഷം രൂപയുടെ അറ്റ നഷ്ടവും ഉണ്ടായിരുന്നു. കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ചരിത്രത്തിൽ ഓർക്കപ്പെടുന്ന രീതിയിലായിരുന്നു പിന്നീടങ്ങോട്ട് ബാങ്കിന്റെ പ്രയാണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നിശ്ചയദാർഢ്യത്തോടെ ഭരണസമിതിയും ജീവനക്കാരും പ്രവർത്തിച്ചതിന്റെ ഫലമായി 2016-17 സാമ്പത്തിക വർഷത്തിൽ ഓഹരി മൂലധനം302.05 ലക്ഷവും വായ്പാ ബാക്കി നിൽപ്പ്4934.44 ലക്ഷവും അറ്റ നഷ്ടം437.75 ലക്ഷമായി കുറയ്ക്കുന്നതിന് സാധിച്ചു.

2017-18 സാമ്പത്തികവർഷം ആയപ്പോഴേക്കും ഓഹരി മൂലധനം349.10 ലക്ഷവും വായ്പാ ബാക്കി നിൽപ്പ്6064.60 ലക്ഷവും അറ്റ നഷ്ടം389.75 ലക്ഷമായി കുറയ്ക്കുന്നതിനും ബാങ്കിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഈ മികച്ച നേട്ടം കൈവരിച്ചതിനാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ ,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾക്കുള്ള അവാർഡുകളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. ജൂലൈ 6 അന്താരാഷ്ട്ര സഹകരണ ദിനത്തിൽ എറണാകുളത്ത് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രിയിൽ നിന്നും ബാങ്ക് പ്രസിഡണ്ട് ബി. എൻ.ശ്യാംകുമാറും സെക്രട്ടറി പി.എസ്.ബിജുവും ഭരണസമിതി അംഗം എം. മഹേന്ദ്രനും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ കാട്ടാക്കടയുടെ മണ്ണിലേക്ക് കാർഷിക വിപ്ലവത്തിന്റെ അംഗീകാരമാണ് എത്തിച്ചേർന്നത്.

കാലതാമസം കൂടാതെ അർഹതപ്പെട്ടവർക്ക് വായ്പകൾ നൽകാൻ സാധിക്കുന്നത് ഇടപാടുകാരെ ബാങ്കുമായി അടുപ്പിച്ചു. കൂടാതെ കാർഷിക അനുബന്ധ മേഖലയിലെ ചെറുകിട നാമമാത്ര കർഷകർക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ ക്ഷീരമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീരഗ്രാമം എന്നപേരിൽ സമഗ്ര ക്ഷീര വികസനം ലക്ഷ്യമാക്കി ക്ഷീര വികസന പദ്ധതി നടപ്പാക്കിയത് കർഷകർക്ക് ഏറെ ഗുണം ചെയ്തു.
ബാങ്കിന്റെ പ്രവർത്തന പരിധിയായ കാട്ടാക്കട താലൂക്കിലെ 13 വില്ലേജുകളിലും കർഷക കൂട്ടായ്മ രൂപീകരിച്ച് നൂതന കൃഷി സമ്പ്രദായങ്ങളെകുറിച്ച് കർഷകരെ ബോധവാന്മാരാക്കാനും നബാർഡിൽ നിന്നുള്ള പലവിധത്തിലുള്ള സബ്സിഡികൾ വാങ്ങി നൽകാനും ബാങ്ക് കർഷകർക്കൊപ്പം നിന്നതുവഴി കർഷക കൂട്ടായ്മകൾ ബാങ്കുമായി കൂടുതൽ അടുത്തു.

ഗ്രാമീണർക്കും കർഷകർക്കും വീട് നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും വായ്പകൾ നൽകുന്നതോടൊപ്പം നിർമാണത്തിനാവശ്യമായ ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ബാങ്കിന്റെ കീഴിൽ വില്പന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണസമിതിയും ജീവനക്കാരും. കൂടാതെ വായ്പകാരുമായുള്ള  നിരന്തര സൗഹൃദബന്ധം തിരിച്ചടവ് കാര്യക്ഷമമാക്കുന്നതിന് സഹായിച്ചതായി ബാങ്ക് പ്രസിഡണ്ടും സെക്രട്ടറിയും ഒരുപോലെ പറയുന്നു. ഇതുവഴി ബാങ്കിന്റെ കുടിശ്ശിക കുറയ്ക്കുന്നതിനും കാര്യക്ഷമമായി ബാങ്കിംഗ് പ്രവർത്തനം നടത്തുന്നതിനും ചുരുങ്ങിയ കാലം കൊണ്ട് ബാങ്കിന് സാധിച്ചു.

മൂന്നുവർഷംകൊണ്ട് സംസ്ഥാന സഹകരണ വകുപ്പിന്റെ മികവിന്റെ അംഗീകാരം ലഭിച്ചത് ഭരണസമിതിയുടേയും ജീവനക്കാരുടെയും അതിലേറെ അംഗങ്ങളുടെയും പരിശ്രമം കൊണ്ടാണെന്ന് പറയുന്നതിൽ അഭിമാനമേയുള്ളൂ എന്ന് ബാങ്ക് പ്രസിഡണ്ട് പറയുന്നു.
ഇതുവഴി കാട്ടാക്കട താലൂക്കിന്റെ കാർഷിക സാമ്പത്തിക മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത വിധത്തിൽ കാട്ടാക്കട പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് മാറാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News