പ്രളയാനന്തര കേരളത്തിന് സഹകരണത്തിന്‍റെ 100കോടി
പ്രളയപ്രവാഹം കണ്ട് പകച്ചുപോയ മലയാളികള്‍ക്ക് സഹായം നല്‍കാന്‍ സഹകരണ മേഖലയും അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രളയബാധിതര്‍ക്ക് വീടും വായ്പയും ധനസഹായവും അനുവദിക്കാന്‍ കെയര്‍ കേരള എന്ന പദ്ധതിതന്നെ സഹകരണ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
കുത്തിയൊലിച്ചെത്തിയ വെള്ളത്തിനു മുന്നില്‍ കേരളം മുമ്പൊരിക്കലും ഇത്രയും പകച്ചുപോയിട്ടില്ല. ആറായിരത്തിലേറെപ്പേര്‍ക്ക് വീടില്ലാതെയായെന്നാണ് പ്രാഥമിക കണക്ക്. കൃഷിമാത്രമല്ല, കൃഷിഭൂമി തന്നെ ഒലിച്ചുപോയ കര്‍ഷകരുണ്ട്. റോഡും പാലങ്ങളും കെട്ടിടങ്ങളും നശിച്ചു. ജീവന്‍നഷ്ടമായവര്‍ക്കൊപ്പം, ജീവിതം തിരിച്ചുകിട്ടിയത് പോലും വിശ്വസിക്കാനാകാത്തവരുണ്ട്. ഇനി കേരളത്തെ പുന:സൃഷ്ടിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് 30,000 കോടി രൂപയെങ്കിലും വേണ്ടിവരും. ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂമിയും സ്വര്‍ണവും കൂലിയുമായി പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പല ഭാഗത്തുനിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സഹായങ്ങളെല്ലാം ഇതുവരെ 1200 കോടിയിലേറെയായിട്ടുണ്ട്. സര്‍ക്കാരിന്‍റെ ദൗത്യത്തിന് കരുത്തും പിന്തുണയും ഏറ്റവും കൂടുതല്‍ ലഭിച്ചത് സഹകരണ വകുപ്പില്‍നിന്നാണ്. അത് നല്‍കാനായത് നാട്ടുകൂട്ടായ്മയുടെ ഭാഗമായ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായതുകൊണ്ടാണ്.
പ്രളയബാധിതര്‍ക്ക് വീടും സാമ്പത്തിക സഹായവും വായ്പയുമെല്ലാം ലഭ്യമാക്കുന്നതിന് ‘കെയര്‍ കേരള’ എന്നൊരു പദ്ധതിതന്നെ സഹകരണ വകുപ്പ് ആവിഷ്കരിച്ചു. ആദ്യഘട്ടത്തില്‍ 1500 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതിന് 75 കോടി രൂപയാണ് വേണ്ടത്. ഇതെല്ലാം സഹകരണ സംഘങ്ങളില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ഓരോ ജില്ലയില്‍നിന്നും ശേഖരിക്കേണ്ട തുക എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച ജില്ലകള്‍ കുറഞ്ഞ തുകയാണ് നല്‍കേണ്ടത്. പ്രളയം സഹകരണ സംഘങ്ങളെയും ബാധിച്ചതിനാലാണിത്. 14 ജില്ലകളില്‍ നിന്നുമായി 40 കോടി രൂപയാണ് വീടുനിര്‍മാണ പദ്ധതിയിലേക്ക് സംഘങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ സമാശ്വാസ പദ്ധതിയില്‍ 35 കോടി രൂപയോളം ബാക്കിയുണ്ട്. ഇതും പദ്ധതിക്കായി ഉപയോഗിക്കാം. അങ്ങനെയാണ് 75 കോടി കണ്ടെത്തുന്നത്. സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ വിഹിതം നല്‍കാന്‍ ബാക്കിയുള്ള സംഘങ്ങളില്‍നിന്ന് അതും ഉടന്‍ വാങ്ങിയെടുക്കാനാണ് തീരുമാനം.
ഈ പദ്ധതി ആവിഷ്കരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് സംഘങ്ങളോട് സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലേക്കും സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് കോടികള്‍ നല്‍കിയിട്ടുണ്ട്. ഇതും കെയര്‍കേരള പദ്ധതി വിഹിതവുമടക്കം ഇതിനകം നൂറു കോടിയിലധികം രൂപ സഹകരണ സ്ഥാപനങ്ങളിലൂടെ പ്രളയാനന്തര കേരളത്തിന് ലഭിച്ചുകഴിഞ്ഞു. അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഓരോ ജില്ലയില്‍നിന്നും സംഘങ്ങള്‍ ഒറ്റയ്ക്കും വകുപ്പുതലത്തിലും നല്‍കിയ സംഭാവനകളുടെയും സഹായത്തിന്‍റെയും കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതേയുള്ളൂ. ഇതു കഴിയുമ്പോഴേക്കും 150 കോടിക്ക് മുകളില്‍ സഹകരണ മേഖലയുടെ സഹായം മാറുമെന്ന് ഉറപ്പ്. ഇതിനുപുറമെയാണ് ‘കെയര്‍ കേരള’ പദ്ധതിയില്‍ ഏറ്റെടുക്കുന്ന തുടര്‍പരിപാടികള്‍.
നാടിനൊപ്പം സഹകരണ സ്ഥാപനങ്ങള്‍
12 ജില്ലകളിലാണ് പ്രളയം കാര്യമായി ബാധിച്ചത്. ആലപ്പുഴയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് മാത്രം നാലു കോടി രൂപയുടെ നഷ്ടം പ്രാഥമിക പരിശോധനയില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. ചേന്നമംഗലം കൈത്തറിയെന്നത് പേരില്‍മാത്രം ഒതുങ്ങുന്നവിധം സംഘങ്ങളെ പ്രളയം തകര്‍ത്തെറിഞ്ഞു. പക്ഷേ, ഇതിനൊക്കെയപ്പുറം ദുരിതമേഖയില്‍ ഏറ്റവുമധികം സഹായമെത്തിച്ചതും സഹകരണ സ്ഥാപനങ്ങളാണ്.
സര്‍ക്കാര്‍ സംവിധാനമെല്ലാം ഒരുമനസ്സോടെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്നും ഒരുപടി കടന്ന് നാടിനൊപ്പം നിന്നുമാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രളയബാധിതരെ സഹായിക്കാനെത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ പലതും വാഹനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനമെത്തിക്കുന്നതിനും മറ്റും വിട്ടുനല്‍കി. ചില സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി. ദുരിതമേറ്റു വാങ്ങുന്നവര്‍ക്ക് സാധനങ്ങളെത്തിക്കാന്‍ അവ ശേഖരിക്കുന്നതിന് മുന്നിട്ടിറങ്ങി.
സാധനങ്ങളും സഹായവും നല്‍കാന്‍ പലര്‍ക്കും മനസുങ്കെിലും അത് എവിടെ എത്തിക്കുമെന്ന സംശയമായിരുന്നു പലര്‍ക്കും. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചവരുണ്ട്. സാധനങ്ങള്‍ കളക്ടറേറ്റുകളിലും മറ്റും സ്വീകരിക്കുന്നുങ്കെിലും എല്ലാവരും അവിടെ എത്തിപ്പെടുന്നില്ല. ഇവര്‍ക്കിടയിലേക്കാണ് സഹകരണ സ്ഥാപനങ്ങളും ജീവനക്കാരും ഇറങ്ങിയത്. നാടിന്‍റെ ആവശ്യം നാട്ടുകാര്‍ക്കൊപ്പം നിന്ന് നിറവേറ്റാന്‍ ഈ സഹകരണ കൂട്ടായ്മ മാതൃക തീര്‍ത്തു. ഇതിനൊപ്പം സഹകരണ ജീവനക്കാരും സംഘങ്ങളും സഹായവും പണം നല്‍കിയിട്ടുണ്ട്.
പ്രളയഘട്ടത്തിലും പിന്നീടുമായി മൂന്നു സര്‍ക്കുലറുകളാണ് സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായംനല്‍കുക, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കുകയും പ്രാദേശികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേറ്റെടക്കുകയും ചെയ്യുക എന്നിങ്ങനെ പോകുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളില്‍ പലതും സര്‍ക്കുലര്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്. സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ഒരു സഹകരണ സംഘത്തിന്‍റെ കരുത്തും പ്രാധാന്യവും ഇവിടെ തെളിഞ്ഞു.
സഹായം നല്‍കിയ സ്ഥാപനങ്ങളും ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ച സഹകരണ ജീവനക്കാരും പട്ടിക നിരത്താന്‍ കഴിയുന്നതിനേക്കാള്‍ ഏറെയാണ്. ഇതുവരെ ഒരു ഫോട്ടോ പോലും പകര്‍ത്തി സമൂഹ മാധ്യമത്തിലിടാത്തവരുമു് ഇക്കൂട്ടത്തില്‍. ഈ നാടിനൊപ്പമാണ് സഹകരണ സ്ഥാപനങ്ങള്‍. അവരുടെ ദുരിതത്തില്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു സ്ഥാപനവും ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല. ഓരോ നാട്ടിലും എല്ലാവര്‍ക്കുമിടയില്‍ ഒരാളായി ഓരോ സംഘവും നിലകൊണ്ടു. സഹകരണ പ്രസ്ഥാനം നാടിന്‍റെ ശക്തിയാണെന്ന് വീണ്ടും തെളിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഘങ്ങളുടെ സഹായപ്രവാഹം
സഹകരണ സ്ഥാപനങ്ങളുടെ പൊതുനډാഫില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് ഒഴുകിയെത്തിയത്. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പൊതുനഖജനാവിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ ബാങ്കുകളില്‍നിന്ന് ആദ്യസഹായം മുഖ്യമന്ത്രിയെ ഏല്പിച്ചത് തൃശ്ശൂരാണ്. പിന്നീട് ബാക്കി ജില്ലാബാങ്കുകളും പ്രാഥമിക ബാങ്കുകളും സഹകരണ സംഘങ്ങളുമെല്ലാം സംഭാവന നല്‍കി.
സഹകരണ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും രണ്ടുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം.എന്നാല്‍, മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഒരു മാസത്തെ ശമ്പളം ഭൂരിഭാഗം ജീവനക്കാരും നല്‍കി. സഹകരണ സ്ഥാപനങ്ങള്‍ പൊതുഖജനാവിൽ നിന്ന് പരമാവധി തുകയോ സംഘത്തിന്‍റെ തനതായ സംഭാവനയോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓരോ പ്രദേശത്തേയും ദുരന്ത ബാധിതര്‍ക്ക് അതത് മേഖലയിലെ സംഘങ്ങള്‍ സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങണം. സംഘത്തിന്‍റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആശ്വാസ നടപടികള്‍ സ്വീകരിക്കാം. ഇത് ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതും സംഘങ്ങള്‍ ഏറ്റെടുത്തു.
സഹകരണ സംഘത്തിന്‍റെ ലാഭവിഹിതവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കും. കെയര്‍ കേരള പദ്ധതിക്ക് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളുടെയും സഹകാരികളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്. ഈ പദ്ധതി വിജയത്തിലെത്തിക്കാന്‍ എല്ലാ സഹകരണ സംഘങ്ങളും വ്യക്തിഗത അംഗങ്ങള്‍ക്ക് നല്‍കുന്ന ലാഭവിഹിതം കെയര്‍ ഹോം എന്ന പദ്ധതിക്കായി നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒടുവില്‍ അംഗീകരിച്ച ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം നിശ്ചയിക്കേണ്ടത്. ഇത് പൊതുയോഗത്തിന്‍റെ അംഗീകാരത്തോടെ സഹകരണസംഘം രജിസ്ട്രാറുടെ പേരില്‍ സംസ്ഥാന സഹകരണ സഹകരണ ബാങ്കിന്‍റെ മെയിന്‍ ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് (നമ്പര്‍-001101023000278) സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
മറുനാട്ടില്‍നിന്നും സഹായം
കേരളത്തില്‍നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളും കേരളത്തിന് സഹായം നല്‍കാനെത്തി. പ്രളയഘട്ടത്തില്‍ത്തന്നെ തമിഴ്നാട്ടില്‍നിന്ന് സഹകരണ സ്ഥാപനങ്ങള്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. കേരളത്തിനൊപ്പം പ്രളയക്കെടുതി ബാധിച്ച സ്ഥലമാണ് കര്‍ണാടകയിലെ കുടക്. കര്‍ണാകടത്തിലെ സഹകരണ സ്ഥാപനങ്ങളോട് കുടകിനുവേണ്ടി സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം, പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിനും സഹായം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഇത് നല്ലരീതിയില്‍ സംഘങ്ങള്‍ ഏറ്റെടുത്തു.
ഡല്‍ഹി കണ്‍സ്യൂമേഴ്സ് ഹോള്‍സെയില്‍ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ കേരളത്തിനായി 9.51 ലക്ഷം രൂപ നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണ് ചെക്ക് കൈമാറിയത്. ഡല്‍ഹിയില്‍ എല്ലാഭാഗത്തും സ്റ്റോറുകളുള്ളതും പ്രാഥമിക സംഘങ്ങളിലൂടെ കണ്‍സ്യൂമര്‍ സാധനങ്ങളുടെ വിതരണം നടത്തുന്നതുമായ അപ്പക്സ് സംഘമാണിത്. സംഘം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആദ്യമായാണ് തുക കൈമാറുന്നത്. അത് കേരളത്തിനുവേണ്ടിയാണ്. കേരളത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് ഡല്‍ഹി കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് ഹോള്‍സെയില്‍ സ്റ്റോര്‍ പണം നല്‍കിയതെന്ന് ചെയര്‍മാന്‍ കപില്‍ ഭരദ്വാജ് പറഞ്ഞു.
ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡും ( ഇഫ്കോ ) കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ഇഫ്കോ നല്‍കിയത്. സ്ഥാപന പ്രതിനിധികള്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
മഹാരാഷ്ട്രയില്‍നിന്ന് മുഴുവന്‍ സംഘങ്ങളും
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:സൃഷ്ടിക്കുന്നതിന് മഹാരാഷ്ട്രയിലെ മുഴുവന്‍ സഹകരണ സംഘങ്ങളോടും പണം നല്‍കാന്‍ മഹാരാഷ്ട്ര സഹകരണ സംഘം കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. സംഘങ്ങളുടെ പണം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് കൈമാറുകയും ഇവ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനുമാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവും മഹാരാഷ്ട്ര സഹകരണ സംഘം കമ്മീഷണര്‍ പുറത്തിറക്കി.
കണ്ണൂര്‍ സ്വദേശിയും മഹാരാഷ്ട്ര ഹൈക്കോടതിയിലെ അഭിഭാഷകയുമായ ഷൈലജ വിജയനാണ് ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. പ്രളയാനന്തര കേരളത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചാണ് അവര്‍ അപ്പീല്‍ നല്‍കിയത്. മരിച്ചവരുടെയും വീട് നഷ്ടമായവരുടെയും കണക്ക്, തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും വിശദാംശങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. കേരളം ഇതുവരെ നേടിയതെല്ലാം പ്രളയത്തില്‍ ഇല്ലാതായെന്നും ഇതില്‍ പറയുന്നു. അതിനാല്‍, സഹകരണ സംഘങ്ങളുടെ സഹായം ലഭ്യമാക്കി കേരളത്തിലെ പുനര്‍നിര്‍മിക്കാന്‍ താങ്ങാവണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിക്കണമെന്ന ശുപാര്‍ശയോടെ ഡെപ്യൂട്ടി രജിസ്ട്രാര്‍ സഹകരണ സംഘം കമ്മീഷണര്‍ക്ക് കൈമാറി. ഇതനുസരിച്ചാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. എല്ലാ സംഘങ്ങളോടും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏത് ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കാത്ത സംഘങ്ങള്‍ക്കും പണം നല്‍കുന്നതിന് തടസ്സമുണ്ടാകില്ല.
കേരളത്തിലെ സഹകരണ സംഘങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സംഘത്തിന്‍റെ പൊതുഖജനാവിൽ നിന്ന് തുക നല്‍കാനായിരുന്നു അനുമതി. ലാഭത്തില്‍നിന്നാണ് പൊതുഖജനാവിലേക്ക് സംഘങ്ങള്‍ പണം മാറ്റിവെക്കുന്നത്. എന്നാല്‍, ഇത്തരമൊരു വ്യവസ്ഥ നിര്‍ദ്ദേശിക്കാത്തതിനാല്‍ മഹാരാഷ്ട്രയിലെ സംഘങ്ങള്‍ക്ക് ഏത് ഫണ്ട് ഉപയോഗിച്ചും കേരളത്തെ സഹായിക്കാന്‍ പണം നല്‍കാനാകും.