പ്രളയം- മിൽമ വഴി ക്ഷീര സംഘങ്ങൾക്കുള്ള ഫണ്ട് വിതരണം തുടങ്ങി.
പ്രളയം മൂലം കേരളത്തിലെ ക്ഷീരമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങൾ വിശദമായി പ്രതിപാദിച് മിൽമ കേന്ദ്ര കൃഷി മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച 44 കോടി രൂപ, മൂന്ന് മേഖലാ യൂണിയനുകൾ വിതരണം ആരംഭിച്ചു. കേന്ദ്രസംഘം പ്രളയ ദുരിതം കൂടുതൽ നേരിട്ട പ്രദേശങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടാണ് മിൽമ സമർപ്പിച്ച 54 കോടി രൂപയുടെ പ്രൊജക്ടിൽ 44 കോടി രൂപയ്ക്ക് അംഗീകാരം നൽകിയത്. ഇതിൽ 33 കോടി രൂപ ഗ്രാൻഡ് ആണ്. സഹകരണ സംഘങ്ങളുടെ പുനർനിർമാണം, ഉപകരണങ്ങൾ വാങ്ങൽ, കമ്പ്യൂട്ടർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കാണ് പ്രഥമപരിഗണന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മേഖല യൂണിയനുകൾക്കു 33 കോടി രൂപയുടെ ഗ്രാൻഡ് തുല്യമായി നൽകും. പശുവിനെ വാങ്ങാൻ മുപ്പതിനായിരം രൂപയും പശുക്കുട്ടിക്ക് 15,000 രൂപയും തൊഴുത്തിന് 75,000 രൂപയുമാണ് ക്ഷീര കർഷകനു നൽകുക. സംസ്ഥാനത്ത് മൊത്തം ഏകദേശം ആയിരത്തോളം കന്നുകാലികളെ ഇതുവഴി കർഷകർക്ക് ലഭിക്കും. ഒപ്പം ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും. നാഷണൽ പ്രോജക്ട് ഓഫ് ഡയറി ഡെവലപ്മെന്റ് പദ്ധതിപ്രകാരമാണ് തുക അനുവദിച്ചത്. 2020 മാർച്ച് 31നകം പദ്ധതി പൂർത്തീകരിക്കണം. തിരുവന്തപുരം യൂണിയൻ ഇതിനകം തുക വിതരണം തുടങ്ങി. എറണാകുളം, കോഴിക്കോട് മേഖല യൂണിയനുകളുടെ ഔദ്യോഗിക വിതരണ ഉദ്ഘാടനം ഈ മാസം അവസാനം നടക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.
[mbzshare]