പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് വേദിയൊരുക്കുന്നു.
തൃശൂർ നഗരത്തിലെ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തൃശ്ശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് വേദിയൊരുക്കുന്നു. ബാങ്കിന്റെ ഗ്രീൻ മൈത്രി സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് ഇന്നുമുതൽ 31 വരെ നൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഗുണമേൻമയുള്ള നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രീൻ മൈത്രി ഉല്പന്നങ്ങൾക്ക് പുറമേ കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളും രാത്രി 11 വരെ പ്രവർത്തിക്കും. മുപ്പതിലധികം ഗ്രീൻ മൈത്രി ഇനങ്ങൾക്ക് വിലയിൽ ഇളവുണ്ട്.
പ്ലാസ്റ്റിക് കാരി ബാഗുകൾ കിലോഗ്രാമിന് 30 രൂപ നിരക്കിൽ തിരിച്ചെടുക്കുന്ന പദ്ധതിക്കും ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി തുണിസഞ്ചി വൻതോതിൽ നിർമ്മിച്ച് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുറ്റത്തെ മുല്ല പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് 20 ലക്ഷം രൂപ വീതം ബാങ്ക് വായ്പ നൽകും. പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. ബാങ്കിന്റെ മുൻ പ്രസിഡണ്ടും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ അനൂപ് കിഷോർ, ബാങ്ക് പ്രസിഡണ്ട് എം.ആർ. ഷാജൻ വൈസ് പ്രസിഡന്റ് കെ.ആർ. ഉദയൻ, സെക്രട്ടറി ടി.ആർ.രാജൻ, ഗ്രീൻ മൈത്രി മാനേജർ സി. എൽ.തോമസ് തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.