പുതുവിപ്ലവത്തിന് ഒരുങ്ങി ഫറോക്ക് റീജണൽ അഗ്രികൾച്ചറിസ്‌റ് ലേബർ വെൽഫെയർ സൊസൈറ്റി.
കോഴിക്കോട് പട്ടണത്തെയും രാമനാട്ടുകര, ഫറോക്ക് നഗരങ്ങളെയും കടലുണ്ടി പഞ്ചായത്തിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഫറോക്ക് റീജനൽ അഗ്രികൾച്ചറിസ്റ് ആൻഡ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. കാർഷികരംഗത്തും ഒപ്പം തൊഴിലാളി രംഗത്തും ഒരേപോലെ പ്രവർത്തനം സജീവമാക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. കൃഷിയുമായി ജനങ്ങളെ കൂടുതൽ അടുപ്പിക്കാനും അതുവഴി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്താനും തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പുവരുത്താനും സൊസൈറ്റി ലക്ഷ്യമിടുന്നു. ഒരു വർഷം മുമ്പ് ആരംഭിച്ച സൊസൈറ്റിയിൽ ഇതിനകം തന്നെ മൂന്നരക്കോടിയുടെ നിക്ഷേപമുണ്ട്. അരലക്ഷം രൂപയുടെ ലോണുകളാണ് വ്യക്തികൾക്ക് നൽകുന്നത്. പ്രദേശത്തെ പരമാവധി കർഷകരെയും സാധാരണക്കാരെയും സാമ്പത്തികമായും കാർഷിക പരമായും ബോധവാന്മാരാക്കാനും ഉയർത്താനും സംഘത്തിനു സാധിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് എം.രാജൻ പറയുന്നു. വ്യക്തിഗത വായ്പകൾക്ക് പുറമേ ഹയർ പർച്ചേസ് വായ്പകൾ,വെഹിക്കിൾ വായ്പകൾ എന്നിവയും ബാങ്കിൽ നിന്ന് പരമാവധി നൽകുന്നുണ്ട്. സഹകരണരംഗത്തെ പൂർണമായി ഉപയോഗപ്പെടുത്തി പ്രദേശത്തെ ജനങ്ങളെ കൂടുതൽ സൊസൈറ്റിയുമായി ബന്ധപ്പെടുത്തി മുന്നോട്ടുപോകാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഇതിനായി ഒട്ടേറെ പദ്ധതികളാണ് ഭരണസമിതി ലക്ഷ്യം വെച്ചിരിക്കുന്നത്.