പുതിയ സഹകരണ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങളോട്നിര്‍ദേശം തേടി

Deepthi Vipin lal

സഹകരണ മേഖലയ്ക്കായി പുതിയ നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
നേരത്തെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ നയരൂപീകരണ നടപടികള്‍ തുടങ്ങി. ഇതിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ സഹകരണ ഫെഡറേഷനുകളില്‍ നിന്നും മറ്റ് കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി കത്തയച്ചു. നവംബര്‍ പകുതിയോടെയാണ് നിര്‍ദ്ദേശങ്ങള്‍ തേടിയത്.

സംസ്ഥാനങ്ങളുടേതുള്‍പ്പടെയുള്ള അഭിപ്രായങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും നയത്തിന് അന്തിമ രൂപം നല്‍കുക. സഹകരണ മേഖലയിലെ സംഘടനയായ സഹകാര്‍ഭാരതിയും എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചിട്ടുണ്ട്. ഇതും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

സഹകരണ ബാങ്കിങ് നിയമഭേദഗതിയില്‍ റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് കേന്ദ്രം പുതിയ നയരൂപീകരണത്തിന് ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ഭേദഗതി പ്രകാരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റിസര്‍വ് ബാങ്ക്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. നയരൂപീകരണ വേളയില്‍ വിഷയത്തില്‍
പരിഹാരം കാണണമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടേക്കും.


ഇതോടൊപ്പം 2002ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമവും
കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യും. പുതിയ സാമ്പത്തിക നയത്തിനനുസരിച്ച്
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. മാര്‍ക്കറ്റിങ് മേഖലയിലടക്കം
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളെ കാലോചിതമായി പരിഷ്‌കരിക്കും. ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ആ തരത്തിലായിരിക്കും നിയമഭേദഗതിയെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷം ജൂലൈയിലാണ് സഹകരണമേഖലയ്ക്കായി പ്രത്യേക വകുപ്പ്
കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. പുതിയ സഹകരണനയം രൂപീകരിക്കുമെന്ന്
സെപ്തംബറില്‍ ചേര്‍ന്ന ദേശീയ സഹകരണ കോണ്‍ഗ്രസില്‍ മന്ത്രി
അമിത് ഷാ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2002ല്‍ ആണ്
ഇപ്പോഴത്തെ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News