പുതിയ മള്‍ട്ടി സംഘങ്ങളുടെ ‘ബാങ്കിങ്’ കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ.യുടെ നിലപാട് തേടി

[mbzauthor]

പുതിയതായി തുടങ്ങിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാട് ഉള്‍പ്പടെയുള്ള ക്രഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടി. ആര്‍.ബി.ഐ.യുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ലെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.

അതേസമയം, പുതിയ മള്‍ട്ടി സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പണം കൈമാറ്റം ഉള്‍പ്പെടെയുള്ളവയ്ക്ക് സൗകര്യമൊരുക്കുമെന്നാണ് ബൈലോയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് എങ്ങനെ സാധ്യമാക്കുമെന്നതിനെ കുറിച്ച് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അംഗങ്ങള്‍ക്ക് മാത്രമായി ക്രഡിറ്റ് സൗകര്യം നല്‍കുന്നതിന് റിസര്‍വ് ബാങ്കിന് എതിര്‍പ്പില്ല. അതേസമയം, അത് ബാങ്കിങ് പ്രവര്‍ത്തനമായി മാറരുതെന്നാണ് നിലപാട്. നിലവില്‍ സഹകരണ സംഘങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള സംവിധാനമില്ല. അതുറപ്പാക്കാതെ ബാങ്കിങ് പ്രവര്‍ത്തനം അനുവദിച്ചാല്‍ സമാന്തര സമ്പദ് വ്യവസ്ഥ രാജ്യത്തുണ്ടാക്കും. ഇതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.

ക്രഡിറ്റ് സൗകര്യം എത്രവരെയാകാമെന്നതിനും നിലവില്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനയുണ്ട്. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ അടച്ചുതീര്‍ത്ത ഓഹരി മുലധനവും കരുതല്‍ ധനവുമുണ്ടെങ്കില്‍ അത്തരം സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് എടുത്തതിന് ശേഷം മാത്രമേ ക്രഡിറ്റ് സൗകര്യം നല്‍കാവൂവെന്നാണ് വ്യവസ്ഥ. ഈ നിബന്ധന അനുസരിച്ചാണെങ്കില്‍ പുതുതായി തുടങ്ങിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് ക്രഡിറ്റ് സൗകര്യം നല്‍കാനാവില്ല. ഇതില്‍ ഏതൊക്കെ രീതിയില്‍ മാറ്റം വരുത്താനാകുമെന്ന കാര്യമാണ് റിസര്‍വ് ബാങ്കില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്.

[mbzshare]

Leave a Reply

Your email address will not be published.