പിൻവലിക്കുന്ന പണത്തിനു 2% നികുതി – വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്: അടുത്തദിവസം കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

നികുതി വിഷയത്തിൽ അടുത്തദിവസം കേന്ദ്ര സർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ ഐഎഎസ് പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രിയും സെക്രട്ടറിയും രജിസ്ട്രാറും അടങ്ങുന്നവരുടെ സംഘം അടുത്ത ദിവസം ഡൽഹിയിൽ ചെന്ന് കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു സാമ്പത്തിക വർഷം ഒരു കോടിയിലധികം രൂപ പണമായി പിൻവലിച്ചാൽ 2% നികുതി നൽകണം എന്ന വ്യവസ്ഥ സഹകരണ ബാങ്കുകൾക്ക് ബാധകമാക്കി ഇൻകം ടാക്സ് വിഭാഗം നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വകുപ്പിന് ഈ വിഷയത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നു മുതലാണ് പിൻവലിക്കുന്ന പണത്തിന് നികുതി ചുമത്താൻ ഉള്ള വ്യവസ്ഥ ധനമന്ത്രാലയം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ പിൻവലിച്ച പണത്തിന് നികുതി നൽകണം എന്ന് അന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ ബാധിക്കുന്നതാണ് ഇതെന്ന് സഹകാരികളിൽ നിന്ന് പരാതികൾ ഉയർന്നപ്പോൾ നികുതി അടയ്ക്കേണ്ടതില്ല എന്നായിരുന്നു സഹകരണ വകുപ്പിന്റെ നിലപാട്. അതുകൊണ്ടുതന്നെ ജില്ലാ ബാങ്കുകൾ നികുതി ഈടാക്കിയില്ല. കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് ഈ വ്യവസ്ഥ കൊണ്ടുവന്നപ്പോൾ മുതൽ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ നിറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തെ സംസ്ഥാന സർക്കാരും വകുപ്പും ഗൗരവപൂർവം കണ്ടില്ലെന്നാണ് സഹകാരികൾ പറയുന്നത്. തന്നെയുമല്ല വിഷയത്തെ ഗൗരവപൂർവം സമീപിച്ച കർണാടക സംസ്ഥാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് സംസ്ഥാന സർക്കാരിനും വകുപ്പിനും ക്ഷീണം ആവുകയും ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത് വൈകി എന്നാണ് സഹകാരികളുടെ പക്ഷം. കോട്ടയം, തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകൾക്ക് ആണ് ഇതിനകം ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നാല് ബാങ്കുകളിൽ നിന്നായി 25 കോടി രൂപയോളം അടക്കേണ്ടതായാണ് നോട്ടീസ്. ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾ ജില്ലാ ബാങ്കുകൾക്ക് ലഭിച്ചവിവരം അവർ അറിയിച്ചിരുന്നുവെന്നും രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News