പലിശ രഹിത കാര്‍ഷിക വായ്പയില്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 302 കോടി

moonamvazhi

കാര്‍ഷിക വായ്പ പലിശരഹിതമായി നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ സംഘങ്ങള്‍ക്ക് കോടികളുടെ കുടിശ്ശിക. 302 കോടിരൂപയാണ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. മുഴുവന്‍ കാര്‍ഷിക വായ്പയുടെയും കണക്ക് സംഘങ്ങള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാലാണ് സംഘങ്ങള്‍ കണക്ക് നല്‍കുന്നത് നിര്‍ത്തിയത്.

ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്കാണ്. 48.08 കോടിരൂപയാണ് തൃശൂര്‍ ജില്ലയില്‍ നല്‍കാനുള്ളത്. രണ്ടാമത് കാസര്‍ക്കാട് ജില്ലയിലാണ്. 47.95 കോടിരൂപ. തിരുവനന്തപുരം 34.94 കോടി, കൊല്ലം 1.75 കോടി, പത്തനംതിട്ട 2.09 കോടി, ആലപ്പുഴ 35.47 കോടി, ഇടുക്കി 32.47 കോടി, എറണാകുളം 7.35 കോടി, പാലക്കാട് 14.93 കോടി, മലപ്പുറം 10.61 കോടി, കോഴിക്കോട് 34.80 കോടി, വയനാട് 27.68 കോടി, കണ്ണൂര്‍ 38.06 കോടി എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കുടിശ്ശിക.

കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കാണ് ഉത്തേജന പലിശ ഇളവ് നല്‍കിയിരുന്നത്. നാലുശതമാനം നബാര്‍ഡ് സബ്‌സിഡി കഴിച്ച് ബാക്കി പലിശയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. നബാര്‍ഡില്‍നിന്ന് ലഭിക്കേണ്ട സബ്‌സിഡി കേരളബാങ്ക് വഴിയും സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട് ജോയിന്റ് രജിസ്ട്രാര്‍മുഖേന സര്‍ക്കാരിനുമാണ് സമര്‍പ്പിക്കേണ്ടത്. കേരളബാങ്ക് വഴിയുള്ള നബാര്‍ഡിന്റെ സബ്‌സിഡി നിലച്ചിട്ട് മൂന്നുവര്‍ഷത്തോളമായി. ജില്ലാബാങ്കുകളില്ലാതായതോടെ ഈ സബ്‌സിഡി കാര്യമായി ലഭിച്ചിട്ടില്ല.

സര്‍ക്കാരില്‍നിന്നുള്ള പലിശ വിഹിതവും സഹകരണ ബാങ്കുകള്‍ക്ക് കിട്ടാതായിട്ട് പത്തുവര്‍ഷമെങ്കിലുമായി. ഫലത്തില്‍ പലിശ രഹിത കാര്‍ഷിക വായ്പയെന്ന സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമാണ്. എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് ലഭിക്കുന്ന നബാര്‍ഡ് സബ്‌സിഡിയും കേരളത്തിന് കിട്ടാത്ത സ്ഥിതിയായി. പലിശ സബ്‌സിഡി കൂടി ഇല്ലാതായതോടെ വായ്പയുടെ തിരിച്ചടവിലും കുറവുണ്ടായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ കുടിശ്ശിക കൂടിയത് കാരണം പ്രതിസന്ധി നേരിടുന്നത് കൂടുതലാണ്. ആലപ്പുഴ ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് 35.47 കോടിരൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News