പലിശ രഹിത കാര്‍ഷക വായ്പയെക്കുറിച്ച് മന്ത്രി പറഞ്ഞതല്ല സത്യം

moonamvazhi

സഹകരണ ബാങ്കുകളിലൂടെ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ പലിശ രഹിതമാണെന്ന കൃഷിമന്ത്രി പി.പ്രസാദിന്റെ പരാമര്‍ശം സഹകരണ സംഘങ്ങളെയാണ് പ്രതിസന്ധിയിലാക്കുന്നത്. കാര്‍ഷിക വായ്പ പലിശ രഹിതമാക്കുന്നതിന് ‘ഉത്തേജന പലിശയിളവ് പദ്ധതി’ നടപ്പാക്കുന്നുണ്ടെന്നാണ് നിയമസഭയില്‍ മന്ത്രി പറഞ്ഞത്. എന്നാല്‍, പത്തുവര്‍ഷമായി ഒരുരൂപപോലും സഹകരണ സംഘങ്ങള്‍ക്ക് അനുവദിക്കാത്തതിനാല്‍ മരവിച്ചുകിടക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകരുടെ പലിശ പൂര്‍ണണായി ഒഴിവാക്കി പലിശ രഹിത വായ്പയായി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജന പലിശയിളവ് നടപ്പാക്കി വരുന്നു. കേരളത്തിലെ കര്‍ഷകര്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും എടുത്തിട്ടുള്ള വായ്പകള്‍ രണ്ടുലക്ഷം രൂപവരെ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന കടാശ്വാസം അനുവദിക്കുന്നുണ്ട്- എന്നാണ് മന്ത്രി നല്‍കിയ മറുപടി.

ഉത്തേജന പലിശ ഇളവ് പദ്ധതി ഇപ്പോള്‍ കടലാസില്‍ മാത്രമാണ്. പത്തുവര്‍ഷമായി സബ്‌സിഡി തുക സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയിട്ട്. അതിനാല്‍, സഹകരണ ബാങ്കുകള്‍ നല്‍കിയ കാര്‍ഷിക വായ്പയുടെ കണക്ക് പോലും ഇപ്പോള്‍ പലിശ ഇളവിനായി കാര്യമായി ശേഖരിക്കുന്നില്ല. കുടിശ്ശിക കുമിഞ്ഞുകൂടി നിലനില്‍പ് അപകടത്തിലാകുമെന്ന സ്ഥിതിയിലെത്തിയതിനാല്‍ പലിശ രഹിതമായി വായ്പ നല്‍കാന്‍ ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്കും കഴിയുന്നില്ല.

നബാര്‍ഡില്‍നിന്ന് മൂന്നുശതമാനവും സര്‍ക്കാര്‍ നാലുശതമാനവും പലിശ സബ്‌സിഡി നല്‍കുന്നതായിരുന്നു പലിശ രഹിത കാര്‍ഷക വായ്പ പദ്ധതി. പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതിന് രണ്ടുരീതിയില്‍ കണക്ക് തയ്യാറാക്കി സമര്‍പ്പിക്കണം. നബാര്‍ഡിന്റെ സബ്‌സിഡി ലഭ്യമാകാന്‍ കണക്ക് കേരളബാങ്ക് വഴിയാണ് നബാര്‍ഡിന് നല്‍കേണ്ടത്. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍വഴി സര്‍ക്കാരിന് നല്‍കണം. മിക്ക സംഘങ്ങളും ഇത്തരത്തില്‍ ഇപ്പോള്‍ കണക്ക് നല്‍കുന്നില്ല. കേരളബാങ്കുവഴി നബാര്‍ഡിന്റെ പലിശ സബ്‌സിഡി ആനൂകൂല്യവും ഇപ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മുടങ്ങിയിരിക്കുകയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് ഇളവ് അനുവദിച്ച വകയിലും സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ കുടിശ്ശികയുണ്ട്. ചുരുക്കത്തില്‍ മന്ത്രിയുടെ പ്രസ്താവന കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കൂ.

Leave a Reply

Your email address will not be published.