പരിയാരത്ത് എം.വി.ആര്‍. തുടങ്ങിയ കാന്റീന്‍ സഹകരണ സംഘം പൂട്ടുന്നു

Deepthi Vipin lal

സഹകരണ മേഖലയില്‍ ആദ്യമായി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് മുന്‍ സഹകരണ മന്ത്രി എം.വി. രാഘവനായിരുന്നു. അതാണ് പരിയാരം മെഡിക്കല്‍ കോളേജ്. ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിന് പിന്നാലെ, ഈ മെഡിക്കല്‍ കോളേജില്‍ ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീന്‍ പൂട്ടാനും ഇപ്പോള്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. കാന്റീന്‍ തൊഴിലാളികള്‍ക്ക് ക്ഷേമവും കൂലിയും ഉറപ്പുവരുത്താന്‍ സഹകരണ സംഘമെന്ന രീതി കൊണ്ടുവന്നതും എം.വി. രാഘവനാണ്.

സഹകരണ കാന്റീനിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് 30 ദിവസത്തിനകം കെട്ടിടത്തിന്റെ താക്കോല്‍ കോളേജ് അധികൃതര്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോളേജ് കാമ്പസിനകത്തുള്ള വാടകക്കെട്ടിടങ്ങള്‍ ടെന്‍ഡര്‍ നടപടികളിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പരിയാരത്ത് മെഡിക്കല്‍ കോളേജും കെ.സി.എച്ച്.സി. ആസ്പത്രിയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലംമുതല്‍ താഴത്തെ നിലയില്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരള ഫുഡ് ഹൗസ് ആന്‍ഡ് കാറ്ററിങ് സഹകരണസംഘം എന്ന പേരില്‍ 2004 ല്‍ എം.വി. രാഘവന്റെ സഹയാത്രികനായ സി.പി. നാരായണന്‍ പ്രസിഡന്റായി തുടങ്ങിയ ഈ സൊസൈറ്റിയുടെ കീഴില്‍ ജീവനക്കാരും തൊഴിലാളികളുമായി 75 പേര്‍ ജോലി ചെയ്യുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ആശ്രയമായി 17 വര്‍ഷമായി പരാതിയോ പരിഭവമോ ഇല്ലാതെ, പണിമുടക്കമോ ഹര്‍ത്താലോ ബാധിക്കാതെ, ഒരു ദിവസംപോലും മുടങ്ങാതെ പ്രവര്‍ത്തിച്ചുവരികയാണ് കാന്റീന്‍. ഡയാലിസ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണമടക്കം സാമൂഹികപ്രതിബന്ധത നിറവേറ്റി മുന്നോട്ടുപോകുന്ന ഈ കാന്റീനില്‍ ജീവനക്കാര്‍ക്ക് സഹകരണനിയമത്തിനനുസൃതമായി ശമ്പളം, ക്ഷാമബത്ത അലവന്‍സ്, ഇ.പി.എഫ്., ഇ.എസ്.ഐ., വെല്‍ഫെയര്‍ ഫണ്ട്, ഗ്രാറ്റ്വിറ്റി, അവധി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്.

എം.വി. രാഘവന്‍ ചെയര്‍മാനായിരിക്കെ വെള്ളം, വൈദ്യുതി എന്നിവയടക്കം ഒരു ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് നല്‍കിയതായിരുന്നു കാന്റീന്‍ കെട്ടിടമുറികള്‍. ഇപ്പോള്‍ നാലര ലക്ഷത്തോളം പ്രതിമാസ വാടകയിലാണ് പ്രവര്‍ത്തനം. കെട്ടിടം ടെന്‍ഡര്‍ നടപടികളിലൂടെയാക്കുമ്പോള്‍ സൊസൈറ്റിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാകും. ഇതുവരെയുള്ള വാടകയും വെള്ളം, വൈദ്യുതിച്ചെലവിലെ കുടിശ്ശികയും പിഴപ്പലിശയോടെ അടച്ചുതീര്‍ത്ത് 30 ദിവസത്തിനകം പ്രവര്‍ത്തനം നിര്‍ത്തി താക്കോല്‍ നല്‍കണമെന്നാണ് നോട്ടീസ്.

മെഡിക്കല്‍ കോളേജ് കാന്റീന്‍ പൂട്ടണമെന്ന നിര്‍ദേശം വന്നതോടെ 17 വര്‍ഷത്തിലേറെയായി സൊസൈറ്റിയില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. സൊസൈറ്റിക്ക് ടെന്‍ഡര്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുകയും അത് നിരവധി കുടുംബങ്ങളെ ബാധിക്കുകയും ചെയ്യും. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി കാന്റീന്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് കാണിച്ച് തൊഴിലാളികള്‍ ഒപ്പിട്ട് കളക്ടര്‍, ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News