‘പയസ്വിനി’ക്ക് സഹകരണ മേഖലയില്‍ വളരാന്‍ സര്‍ക്കാരിന്റെ സഹായം
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വളരാന്‍ കൂടുതല്‍ സഹായം ഉറപ്പാക്കി സര്‍ക്കാര്‍. കാസര്‍ക്കോടുനിന്ന് നാളീകേരത്തിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് ആധുനിക യൂണിറ്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കി. 50 ലക്ഷം രൂപഅനുവദിക്കാന്‍ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറിക്കി. ‘പയസ്വിനി’ എന്ന ബ്രാന്‍ഡിലായിരിക്കും ഈ ഉല്‍പന്നങ്ങളെത്തുക.
കാസര്‍ക്കോട് ജില്ലാ മൊത്തവ്യാപാര സഹകരണ കണ്‍സ്യൂമര്‍ സ്റ്റോഴ്‌സിന്റെ ഉല്‍പന്നമാണ് പയസ്വിനി. ഈ സംരംഭം ആധുനീകരിച്ച് ഓയില്‍കേക്ക്, വെളിച്ചെണ്ണ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ സഹായം അനുവദിച്ചത്. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്കും നീതി സ്‌റ്റോറുകള്‍ക്കുമുള്ള സഹായ പദ്ധതിയില്‍നിന്നാണ് പയസ്വിന് പ്ലാന്റ് വിപുലീകരണത്തിന് പണം അനുവദിച്ചിട്ടുള്ളത്.
25 ലക്ഷം രൂപവീതം ഒഹരി, സബ്‌സിഡി എന്നി ശീര്‍ഷകത്തിലാണ് ഫണ്ട് അനുവദിക്കുക. ഇതിന്റെ വിനിയോഗം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രാര്‍ ചെയര്‍മാനായി ഒരുമോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനാണ് നിര്‍ദ്ദേശം. ഈ സമിതി മൂന്നുമാസത്തിലൊരിക്കല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദന സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിളകളെ അടിസ്ഥാനമാക്കി സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സഹായം സംഘങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന വികസന നിധി ഉപയോഗപ്പെടുത്തി ഒട്ടേറെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ട്. എന്നാല്‍ നബാര്‍ഡ് ഫണ്ട് കാര്‍ഷികേതര സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് കാസര്‍ക്കോട് ജില്ലാ മൊത്തവ്യാപാര സഹകരണ കണ്‍സ്യൂമര്‍ സ്റ്റോഴ്‌സിന്റെ സംരംഭം വിപുലീകരണത്തിന് പണം അനുവദിച്ചത്.