പത്തുകോടിയോളം സഹായവുമായി മഹാരാഷ്ട്രയിലെ സഹകരണ സംഘങ്ങള്‍

[mbzauthor]

കേരളത്തെ സഹായിക്കാന്‍ മഹാരാഷ്ട്രയിലെ സഹകരണ വകുപ്പിന്റെ തീരുമാനം.എല്ലാ സഹകരണ സംഘങ്ങളും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നാണ് നിര്‍ദ്ദേശം. പുണെയിലെ മലയാളി സമാജം പ്രവര്‍ത്തകയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായി ഷൈലജ വിജയന്റെ അപേക്ഷയെത്തുടര്‍ന്നാണ് തീരുമാനം. ഈ മലയാളി സമാജത്തിന്റെ നേതൃത്തില്‍ രണ്ടു ട്രക്ക് നിറയെ സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മേഖലയില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാനുള്ള നടപടികളും പുണയിലെ മലയാളി സമാജം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്നും സഹകരണ സംഘങ്ങളില്‍നിന്നും ഷൈലജ സഹായം തേടിയത്. ഇതിലാണ് സഹകരണ വകുപ്പിന്റെ അനുകൂല നടപടിയുണ്ടായിട്ടുള്ളത്.

മഹാരാഷ്ട്ര സഹകരണ സംഘം രജിസ്ട്രാറായ കമ്മീഷ്ണറുടെതാണ് ഉത്തരവ്. പത്തുകൊടിയോളം രൂപയെങ്കിലും സംഘങ്ങളില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര തുകവീതം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. അസാധാരണമായ സ്ഥിതിഗതികളാണ് കേരളത്തിലേതെന്നും ഇവിടേക്ക് ആവശ്യമായ സഹായങ്ങള്‍ സംഘം ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ 14 ജില്ലകളിലും സഹകരണ സംഘങ്ങള്‍ ശക്തമാണ്. താന ഉള്‍പ്പെടുന്ന മേഖലയിലാണ് ഏറ്റവുകൂടുതല്‍ സഹകരണ ഹൗസിങ് സംഘങ്ങളുള്ളത്. അര്‍ബന്‍ സഗഹകരകണ ബാങ്കുകള്‍ ശക്തമായ സംസ്ഥാന കൂടിയാണ് മഹാരാഷ്ട്ര. അതിനാല്‍, സംഘങ്ങളിലുള്ള വിഹിതം കേരളത്തിന് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘങ്ങളുടെ പണം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നാണ് കമ്മീഷ്ണറുടെ നിര്‍ദ്ദേശം. ഇതിന് ശേഷം മൊത്തമായ തുക കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം. രണ്ടായിരം രൂപയെങ്കിലും ഒരു സംഘങ്ങളില്‍നിന്ന് ശേഖരിക്കാനായാല്‍ പത്തുകോടിയിലേറെ രൂപ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷൈലജ വിജയന്‍ പറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തിന്റെ അവസ്ഥ വിവരിച്ചുള്ള അപ്പീലാണ് അവര്‍ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് നല്‍കിയത്. മരിച്ചവരുടെയും വീടുനഷ്ടപ്പെട്ടവരുടെയും കണക്ക്, പാലങ്ങളുടെ റോഡുകളുടെയും തകര്‍ച്ച ഇതൊക്കെ വിവരിക്കുന്നുണ്ട്. 50വര്‍ഷത്തിനിടയില്‍ കേരളം ഒരിക്കലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ അപേക്ഷയാണ് സംഘങ്ങളോട് സഹായം നല്‍കണമെന്ന ഉത്തരവിറക്കാന്‍ കാരണമായത്. അപേക്ഷ ഡെപ്യൂട്ടി രജിസ്ട്രാര്‍ സഹകരണ സംഘം കമ്മീഷ്ണര്‍ക്ക് കൈമാറി. ഇതനുസരിച്ചാണ് കമ്മീഷ്ണര്‍ ഉത്തരവിറക്കിയത്. കേരളത്തിന് പുറത്തുള്ള സഹകരണ സംഘങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതും തുക സംഭാവന നല്‍കുന്നതും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് സഹകരണ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് സാധനങ്ങളെത്തിച്ചിരുന്നു. ഔദ്യോഗികമായി സഹായം നല്‍കാന്‍ തീരുമാനിച്ചത് മഹാരാഷ്ട്ര സഹകരണ വകുപ്പാണ്.

[mbzshare]

Leave a Reply

Your email address will not be published.