പഞ്ചായത്ത് തലത്തില്‍ സഹകരണ മത്സ്യബൂത്ത്ഒരുക്കാന്‍ മത്സ്യഫെഡ്

[mbzauthor]

നല്ല മത്സ്യം പഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കുന്ന സഹകരണ വില്പന ശൃംഖല ഒരുക്കാനുള്ള ശ്രമത്തിലാണ് മത്സ്യഫെഡ്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും മത്സ്യഫെഡിന്റെ മത്സ്യബൂത്തുകള്‍ തുടങ്ങാനാണ് തീരുമാനം. ഇതിന്റെ അടുത്ത ഘട്ടമായി തദ്ദേശതലത്തില്‍ സ്റ്റാളുകള്‍ എത്തിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ, മായം കലരാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് മത്സ്യബൂത്തുകളുടെ ക്രമീകരണം.

സര്‍ക്കാറിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണു മത്സ്യബൂത്തുകള്‍ തുടങ്ങുന്നത്. മത്സ്യത്തൊഴിലാളികളില്‍നിന്ന് മത്സ്യഫെഡ് നേരിട്ട് മുഴുവന്‍ മത്സ്യവും സംഭരിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. മത്സ്യഫെഡ് ബേസ് സ്റ്റേഷന്‍ വഴിയാണ് മത്സ്യം വിതരണം ചെയ്യുക. മത്സ്യത്തിന്റെ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ (ഉണക്കമത്സ്യം ഉള്‍പ്പെടെ) വിതരണം നടത്തും. പ്രധാനമായും പച്ചമത്സ്യം വൃത്തിയാക്കി വില്‍പ്പന നടത്തുന്ന രീതിയായിരിക്കും നടപ്പാക്കുക.

വിവിധ ജില്ലകളിലായി 107 ഫിഷ് സ്റ്റാളുകള്‍ ഇപ്പോഴുണ്ട്. സ്റ്റാളുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങളിലാണ് പുതിയവ ആരംഭിക്കുക. എം.എല്‍.എ.മാരുമായി ചര്‍ച്ച നടത്തിയ ശേഷം മണ്ഡലത്തില്‍ എവിടെ വേണം സ്റ്റാളെന്ന് തീരുമാനിക്കും. മികച്ച സ്ഥലങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി നല്‍കണം. 400 മുതല്‍ 750 ചതുരശ്രയടി വരെ വിസ്തീര്‍ണം വേണം. ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് സാധ്യത വിലയിരുത്തും. സ്ഥലം മത്സ്യഫെഡ് പാട്ടത്തിനെടുക്കുകയും മത്സ്യഫെഡ് കെട്ടിടം പണിയുകയും ചെയ്യും. മറ്റ് ഉത്പന്നങ്ങളും ഫിഷ് സ്റ്റാളുകള്‍ മുഖേന വില്ക്കാനും പദ്ധതിയുണ്ട്. കേരള ചിക്കന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്കാണ് മുന്‍ഗണന.

പ്രധാനമായും സ്ത്രീകളായിരിക്കും ഫിഷ് മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കുക. മത്സ്യം വൃത്തിയാക്കുന്നതിന് മീന്‍ മുറിച്ചുനല്‍കുന്ന തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് പരിശീലനം നല്‍കും. വില്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും വേതനം. മത്സ്യഫെഡ് തൊഴിലാളികള്‍ക്ക് വിറ്റുവരവിന്റെ മൂന്നു ശതമാനവും ലാഭത്തിന്റെ 20 ശതമാനവുമാണ് നല്‍കി വരുന്നുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍സാധ്യതയുള്ള പദ്ധതിയാണിത്.

ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈല്‍ ഫിഷ്മാര്‍ട്ട് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും മത്സ്യഫെഡ് നടപടി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇപ്പോള്‍ അന്തിപ്പച്ചയുള്ളത്. ആദ്യഘട്ടത്തില്‍ തീരദേശ ജില്ലകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. കുറ്റമറ്റ ഫ്രീസിംഗ് സംവിധാനം വാഹനത്തില്‍ ഉണ്ടാകും. മത്സ്യം, റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യങ്ങള്‍, മറ്റു മത്സ്യ ഉത്പ്പന്നങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. സ്ത്രീകളാണ് അന്തിപ്പച്ച വാഹനങ്ങളില്‍ വില്പന നടത്തുന്നത്. ഇവര്‍ അതത് മേഖലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പതിവായെത്തും.

[mbzshare]

Leave a Reply

Your email address will not be published.