പഞ്ചാബ് ആന്റ് മഹാരാഷ്ട്ര ബാങ്കിന്റെ ലയനം റിസര്‍വ് ബാങ്കിന്റെ സാമ്പിള്‍ വെടിക്കെട്ട്- സി.എന്‍. വിജയകൃഷ്ണന്‍

Deepthi Vipin lal

റിസര്‍വ് ബാങ്ക് ആദ്യ സാമ്പിള്‍ വെടിക്കെട്ട് നടത്തിക്കൊണ്ട് പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കിനെ സ്വകാര്യ സ്മാള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിച്ചിരിക്കുകയാണെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏതു സ്മോള്‍ ഫിനാന്‍സ് ബാങ്കിനെക്കൊണ്ടും മറ്റു സ്വകാര്യ ബാങ്കുകളെക്കൊണ്ടും അര്‍ബന്‍ ബാങ്കുകളെ ഏറ്റെടുപ്പിക്കാം എന്നുളളതിന്റെ സൂചനയാണിത്. കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്കു മേലും ഇതേ പരീക്ഷണം ആര്‍.ബി.ഐ. നടത്താന്‍ തുടങ്ങിയിരിക്കുന്നു. അതുപോലെത്തന്നെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പേര് മാറ്റാനും ആര്‍.ബി.ഐ. കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതുപോലെത്തന്നെ സഹകരണ മേഖലയെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സഹകരണമേഖലയിലെ ഏറ്റവും വലിയ ബാങ്കുകള്‍ക്ക്, അതായത് 4000, 5000 കോടി രൂപ പ്രവര്‍ത്തന മൂലധനമുള്ള ബാങ്കുകള്‍ക്ക്, മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെ വന്നാല്‍ കേരളത്തിലെ ഒരു സഹകരണ സ്ഥാപനവും നിലനില്‍ക്കില്ല. മഹാരാഷ്ട്രയില്‍ മൂവായിരവും നാലായിരവും കോടിക്കു മേലെ പ്രവര്‍ത്തന മൂലധനമുള്ള അര്‍ബന്‍ ബാങ്കുകളാണുള്ളത്. ഇങ്ങനെയുള്ളവ മാത്രം മതി എന്നാണ് ആര്‍.ബി.ഐ. യുടെ കണ്ടെത്തല്‍ – വിജയകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ 59 അര്‍ബന്‍ ബാങ്കുകളില്‍ എത്രയെണ്ണം ബാക്കിയാവുമെന്നു രണ്ടു കൊല്ലം കഴിഞ്ഞിട്ടേ പറയാന്‍ കഴിയുകയുള്ളൂ. ഒരു കാര്യം സത്യമാണ്. കേരളത്തില്‍ ഇപ്പോള്‍ കാണുന്ന അര്‍ബന്‍ ബാങ്കുകളുടെ പകുതിപോലും അന്നുണ്ടാകില്ല. ഇതൊന്നും മനസ്സിലാക്കാന്‍ കേരളത്തിലെ സഹകാരികള്‍ക്കോ സഹകരണ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കോ കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. നമ്മള്‍ എങ്ങോട്ടാണ് ഇനിയും കാത്തു നില്‍ക്കുന്നത് ? നമ്മള്‍ കാത്തു നിന്നാല്‍ സഹകരണ മേഖല എവിടെ എത്തും ? കേരളത്തിലെ സഹകരണ വകുപ്പ് ഈ സമയത്ത് ചെയ്യുന്നത് എങ്ങനെയൊക്കെ റിസര്‍വ് വെച്ച് സഹകരണ ബാങ്കുകളെ നഷ്ടത്തിലാക്കാന്‍ പറ്റും എന്നാണ്. അതില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും ഇത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് നമ്മുടെ സര്‍വീസ് സഹകരണ ബാങ്കുകള്‍ മുഴുവന്‍ ലാഭത്തിലാക്കാന്‍ എന്തു മാര്‍ഗ്ഗം എന്ന് ആലോചിക്കേണ്ട സഹകരണ വകുപ്പ് എങ്ങനെയൊക്കെ നഷ്ടത്തിലാക്കാന്‍ പറ്റും എന്നാണ് ആലോചിക്കുന്നത്. റിസര്‍വ് വെക്കുന്ന രീതി മാറ്റണമെന്നു തന്നെപ്പോലുള്ള സഹകാരികള്‍ രണ്ടു കൊല്ലമായി പറയുന്നതാണ്. കോവിഡ് കാലത്ത് പൂര്‍ണമായും ഓഡിറ്റിലും ആക്ടിലും പറഞ്ഞത് പോലുള്ള ഓഡിറ്റ് നിര്‍ബന്ധമായി ഒഴിവാക്കുകയും റിസര്‍വ് പൂര്‍ണമായും വെക്കാതിരിക്കുകയും ചെയ്യണം. അങ്ങനെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലല്ല എന്നു വരുത്താന്‍ നമുക്ക് കഴിയണം. അത് സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കേണ്ടതാണ്. അല്ലെങ്കില്‍, കേരളത്തിലെ എഴുപതു ശതമാനത്തോളം സര്‍വീസ് സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കണ്ടെത്തി അതിന്റെ മുകളില്‍ എന്തൊക്കെ നടപടിയെടുക്കാന്‍ പറ്റും എന്ന് റിസര്‍വ് ബാങ്ക് ആലോചിക്കും.

ഇതിനൊക്കെ അപ്പുറത്ത് ഇങ്ങനെയുള്ള അര്‍ബന്‍ ബാങ്കുകളെ എങ്ങനെയൊക്കെ ഏറ്റെടുക്കാന്‍ പറ്റുമെന്ന് കേരളത്തിലെയും തമിഴ്നാട്ടിലേയും മഹാരാഷ്ട്രയിലെയും ചില സ്വകാര്യ ബാങ്കുകള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലെങ്കില്‍ സഹകരണ മേഖല പൂര്‍ണമായും നമുക്ക് നഷ്ടപ്പെടും. ഇന്നുള്ള ആളുകള്‍ ഉണ്ടാക്കിയതല്ല ഇപ്പോഴത്തെ ഈ സഹകരണ പ്രസ്ഥാനം എന്ന് എല്ലാവര്‍ക്കും ബോധ്യം വേണം. എത്രയോ ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇന്ന് താനടക്കമുളള സഹകാരികള്‍ നിലനില്‍ക്കുന്നത് എന്ന ബോധം സഹകാരികള്‍ക്കും ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന അനുകൂല്യങ്ങളൊക്കെ ഈ സഹകരണ മേഖലയുള്ളതുകൊണ്ടാണ് എന്ന ബോധം ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടില്ലെങ്കില്‍ വളരെ അപകടമാണ്. സഹകരണ പ്രസ്ഥാനത്തില്‍ ആര്‍.ബി.ഐ. കൈകടത്തിയപ്പോള്‍ ആദ്യനഷ്ടം തങ്ങള്‍ക്കാണെന്നു സഹകരണ വകുപ്പ് മനസ്സിലാക്കണം. അറുപതോളം അര്‍ബന്‍ ബാങ്കുകളിലെ കണ്‍കറന്റ് ഓഡിറ്റര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. അവിടെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരാണ് ഓഡിറ്റ് ചെയ്യാന്‍ വേണ്ടത് എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇതെല്ലാം മനസ്സിലാക്കി അടിയന്തരമായി സഹകാരികള്‍ കൂട്ടമായി ആലോചന നടത്തണം. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്നു തീരുമാനമെടുക്കണം. ഇതിനു വളരെ പെട്ടെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും മുന്‍കൈയെടുക്കണം. ആര്‍.ബി.ഐ. നടപടിക്കെതിരെ കേരളത്തില്‍ നിന്നുള്ള എല്ലാ എം.പി.മാരും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം- വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.