പഞ്ചാബ് ആന്റ് മഹാരാഷ്ട്ര ബാങ്ക് ലയനം: കരടു പദ്ധതിയില്‍ നിക്ഷേപകര്‍ക്ക്എതിര്‍പ്പ്

Deepthi Vipin lal

ക്രമക്കേടുകളെത്തുടര്‍ന്നു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കിയിട്ടുള്ള പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കിനെ ( പി.എം.സി. ബാങ്ക് ) ഡല്‍ഹി ആസ്ഥാനമായുള്ള യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡില്‍ ( USFB ) ലയിപ്പിക്കുന്നതിനുള്ള കരടു നിര്‍ദേശത്തെ ഓഹരിയുടമകളും നിക്ഷേപകരും ഒരുമിച്ചെതിര്‍ത്തു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ അസംബന്ധം എന്നു വിശേഷിപ്പിച്ചാണു ഓഹരിയുടമകളും നിക്ഷേപകരും എതിര്‍ക്കുന്നത്.

പി.എം.സി. ബാങ്കിന്റെ ആസ്തികളും ബാധ്യതയും നിക്ഷേപവും USFB ഏറ്റെടുക്കുന്ന വിധത്തിലാണു കരട് നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നിര്‍ദേശങ്ങളില്‍ ബാങ്കംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും എതിരഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാന്‍ റിസര്‍വ് ബാങ്ക് 2021 ഡിസംബര്‍ പത്തുവരെ അവസരം കൊടുത്തിരുന്നു. അപ്പോഴാണു പി.എം.സി.ബി. ഷെയര്‍ഹോള്‍ഡേഴ്‌സ് ആന്റ് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ഫോറം ഇതിനെതിരെ രംഗത്തുവന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെഴുതിയ കത്തിലാണു ഫോറം തങ്ങളുടെ എതിര്‍പ്പറിയിച്ചത്. ലയനത്തിനുള്ള അന്തിമ പദ്ധതി തയാറാക്കുമ്പോള്‍ തങ്ങളുടെ പ്രതിനിധിയെയും പാനലില്‍പ്പെടുത്തണമെന്നു ഫോറം അഭ്യര്‍ഥിച്ചു.

ആറു സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള പി.എം.സി. ബാങ്ക് എന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കില്‍ 2019 സെപ്റ്റംബര്‍ 23 നാണു റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. 1983 ല്‍ തുടങ്ങിയ ഈ ബാങ്കിനു 137 ശാഖകളുണ്ട്. ഇവയില്‍ നൂറും മഹാരാഷ്ട്രയിലാണ്.

ഓഹരിയുടമകളെ സംബന്ധിച്ചിടത്തോളം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാടെ നിരാശാജനകമാണെന്നു ഫോറത്തിന്റെ കത്തില്‍ പറയുന്നു. അന്തിമ പദ്ധതി തയാറാക്കുമ്പോള്‍ തങ്ങളുടെ പ്രതിനിധികള്‍ക്കും പാനലില്‍ അവസരം നല്‍കണമെന്നു കത്തില്‍ അഭ്യര്‍ഥിക്കുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, മുന്‍ ബാങ്കര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഏഴംഗങ്ങളെയെങ്കിലും പാനലില്‍പ്പെടുത്തണമെന്നാണ് ഓഹരിയുടമകളുടെ ആവശ്യം. ഈ പാനല്‍ റിസര്‍വ് ബാങ്കിനും സഹായകമാവും. മാത്രവുമല്ല, നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും ആവശ്യങ്ങള്‍ ഇവര്‍ വഴി അധികൃതരെ അറിയിക്കാനും പറ്റും – കത്തില്‍ പറയുന്നു.

സഹകാര്‍ ഭാരതിയും കരടു പദ്ധതിയിലെ പല നിര്‍ദേശങ്ങളിലും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബാങ്കിനുണ്ടായ മൊത്തം നഷ്ടം നിക്ഷേപകരുടെ ചുമലിലാക്കാനാണ് ശ്രമിക്കുന്നതെന്നു സംഘടന കരുതുന്നു. പൊതുജന താല്‍പ്പര്യം കണക്കിലെടുത്ത് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) USFB ക്കു മതിയായ സാമ്പത്തിക സഹായം നല്‍കണം. ഡി.ഐ.സി.ജി.സി. യുടെ താല്‍പ്പര്യ സംരക്ഷണത്തിനായി രണ്ടു ഡയരക്ടര്‍മാരെ USFB ബോര്‍ഡില്‍ നിയമിക്കണം. പി.എം.സി. ബാങ്കിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ലയന പദ്ധതി വേണ്ടവിധത്തില്‍ ഭേദഗതി ചെയ്യണം – സഹകാര്‍ ഭാരതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News