നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ കേരള ബാങ്കിന് ആക്ഷന്‍ പ്ലാന്‍;കുടിശ്ശിക തീര്‍ക്കാര്‍ സര്‍ക്കാരിന്റെ സഹായം തേടും

Deepthi Vipin lal

നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കി ഓരോ മാസവും പ്രവര്‍ത്തിക്കാന്‍ കേരള ബാങ്ക് തീരുമാനിച്ചു. ആഗസ്റ്റില്‍ ഇത്തരത്തില്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസം കൊണ്ട് 848 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാങ്കിന് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബാങ്ക് അവലോകന യോഗം വിലയിരുത്തിയത്. അതുകൊണ്ടാണ് ഈ കര്‍മ്മപദ്ധതി ആവര്‍ത്തിച്ച് തയ്യാറാക്കി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചത്.

ഒരു മാസത്തിനിടയില്‍ ഇത്രയധികം നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനായി പ്രവര്‍ത്തിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ലാഭം കുറഞ്ഞ കാലയളവിനുള്ളില്‍ ബാങ്കിനെ പ്രവര്‍ത്തന ലാഭത്തിലേയ്ക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു. വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദ്ദപരമായി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍വെച്ചു.

ചെറുകിട കച്ചവടക്കാരെ കടക്കെണിയില്‍ നിന്നു രക്ഷിക്കാനായി അഞ്ചു ലക്ഷം രൂപ വരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തില്‍ താഴെ കുടിശ്ശികയുള്ളതുമായ വായ്പകളില്‍ ഇളവു നല്‍കുന്നത് പ്രത്യേകമായി പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു. മുതലില്‍ ഇളവു നല്‍കാനുള്ള അപേക്ഷ സര്‍ക്കാരിനു നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ സഹായം ലഭ്യമാകുമ്പോള്‍ അത് വായ്പയെടുത്തവര്‍ക്ക് കുറച്ചുനല്‍കും. ബോധപൂര്‍വ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയര്‍, മരിച്ചവര്‍, മാരക രോഗം ബാധിച്ചവര്‍, അപകടം മൂലം കിടപ്പിലായവര്‍, കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതില്‍ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവര്‍, മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവര്‍ തുടങ്ങിയവര്‍ക്കായിരിക്കും വായ്പാ മുതലില്‍ ഇളവ് ലഭിക്കുക.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാര്‍ക്കും ബസ് ഉടമകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നല്‍കുന്നതിനായി തയ്യാറാക്കിയ കെബി സുവിധ പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ പദ്ധതി ഉടന്‍ തുടങ്ങും. കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതുതലമുറ ബാങ്കുകള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള പരിപാടികളും യോഗം ചര്‍ച്ച ചെയ്തു. പ്രൊഫഷണലിസം കൂടുതല്‍ മികവോടെ നടപ്പിലാക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും വകുപ്പ് മന്ത്രിയുമടങ്ങുന്നവരുടെ അവലോകന യോഗം പതിവായി ചേരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം കൃത്യമായി ഭരണ സമിതി വിലയിരുത്തുന്നതിനും എല്ലാ മാസങ്ങളിലും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അവലോകന യോഗം ചേരുന്നതിനും നേരത്തെ സ്വീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം ചേര്‍ന്നത്. ഓണ്‍ ലൈനില്‍ നടന്ന അവലോകന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് എം. കെ. കണ്ണന്‍, സി.ഇ.ഒ. പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനേജര്‍മാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, എല്ലാ ജില്ലകളിലെയും ബ്രാഞ്ച് മാനേജര്‍മാര്‍ എന്നിവരടക്കം 847 പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News