നിയമസഭയില്‍ നിറഞ്ഞ സഹകരണ ചര്‍ച്ച

[mbzauthor]

സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന നിയമസഭാ സമ്മേളനം ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. സഹകരണ സംഘങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് നിഷേധിച്ചതും പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തിയതും സഹകരണ മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.


സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഹകരണ മേഖല അതിഗുരുതരമായ പ്രതിസന്ധിയും കാതലായ മാറ്റവും അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് 14-ാം നിയമസഭയുടെ 16-ാം സമ്മേളനം നടന്നത്. സ്വാഭാവികമായും അതിന്റെ അലയൊലികള്‍ സഭാതലത്തിലുമുണ്ടായി. ആദായനികുതി സംബന്ധിച്ചുളള കാര്യങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നുവെന്നാണ് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒരേ പോലെ ചൂണ്ടിക്കാട്ടിയത്. കേരളബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയ ശേഷം നടന്ന ആദ്യ സമ്മേളനം കൂടിയായിരുന്നു നവംബറിലേത്. മലപ്പുറം ജില്ലാബാങ്ക് കേരളബാങ്കിനൊപ്പം ചേരാതെ വിട്ടു നില്‍ക്കാനുള്ള നിലപാട് സ്വീകരിച്ചതിന്റെ ആശയക്കുഴപ്പും സര്‍ക്കാരിലും പ്രതിപക്ഷത്തും ഒരേ പോലെ നില്‍ക്കുന്ന ഘട്ടം കൂടിയാണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താല്‍പര്യമാണ് കേരളബാങ്കിനെ എതിര്‍ക്കാന്‍ കാരണമെന്ന് സഭയ്ക്ക് പുറത്ത് സ്വീകരിച്ച നിലപാട് അകത്തും സഹകരണ മന്ത്രി ആവര്‍ത്തിച്ചു. സഹകരണ മേഖലയുടെ നന്മയുടെ രാഷ്ട്രീയമാണ് പ്രതിപക്ഷത്തിന്റേതെന്നും അത് വ്യക്തതയും കൃത്യതയുമുള്ള നിലപാടാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശദീകരിക്കുന്നതും സഭയില്‍ കണ്ടു.

സഹകരണ സംഘങ്ങള്‍ക്ക് 80-പി. വകുപ്പനുസരിച്ച് ലഭിക്കേണ്ട ആദായനികുതി ഇളവ് നിഷേധിക്കുന്നതായിരുന്നു ചര്‍ച്ചയിലുയര്‍ന്ന ഒന്നാമത്തെ കാര്യം. 194-എന്‍. എന്ന പുതിയ വ്യവസ്ഥയിലൂടെ, പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി നല്‍കണമെന്ന കേന്ദ്ര ധനകാര്യവകുപ്പിന്റെ നിര്‍ദേശം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കിയതാണ് രണ്ടാമത്തേത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ വ്യവസ്ഥ നിലവില്‍ വന്നതാണ്. ഇത് സഹകരണ സംഘങ്ങളെ ബാധിക്കില്ലെന്നായിരുന്നു സഹകരണ മന്ത്രിയും വകുപ്പുദ്യോഗസ്ഥരും പറഞ്ഞിരുന്നത്. എന്നാല്‍, ഈ വ്യവസ്ഥ സഹകരണ മേഖലയെ തകര്‍ക്കുന്ന വിധം ബാധിക്കുമെന്ന് നിയമസഭയില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മതിച്ചു. സഭയില്‍ നിറഞ്ഞ സഹകരണ ചര്‍ച്ചയുടെ വിശദമായ ചിത്രമാണ് ‘ മൂന്നാംവഴി ‘ ഇവിടെ നല്‍കുന്നത്. ഓരോ അംഗവും ഉന്നയിച്ച ചോദ്യവും അവയ്ക്ക് സഹകരണ മന്ത്രി നല്‍കിയ മറുപടിയും വായിക്കാം :

 

ആദായനികുതി: നടപടി ഉണ്ടാകുന്നില്ല

 

പി.കെ. ബഷീര്‍ : നമ്മള്‍ നിവേദനം നല്‍കുന്നതല്ലാതെ അതിന് കാര്യമായ ഒരു മാറ്റവും ഉണ്ടാകുന്നതായി കണ്ടിട്ടില്ല. ആദായനികുതിയുടെ കാര്യത്തില്‍ ഇതേ നിയമസഭതന്നെ മുമ്പ് ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നിട്ടെന്തായി? ഇതിനൊക്കെ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും മറുപടി തന്നിട്ടുണ്ടോയെന്ന് പോലും വ്യക്തമല്ല. ഇക്കാര്യത്തില്‍ എന്തു നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്.

 

സഹകരണ മന്ത്രി : സഹകരണ സംഘങ്ങളുടെ മേല്‍ ചുമത്തുന്ന ആദായനികുതിയെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയേയും ഇപ്പോഴത്തെ മന്ത്രി നിര്‍മലാ സീതാരാമനെയും കേന്ദ്ര കൃഷിമന്ത്രിയേയുമെല്ലാം സഹകരണ മന്ത്രി എന്ന നിലയില്‍ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതാണ്. 80-പി. ഇളവ് നിഷേധിക്കുന്നതും 194-എന്‍ അനുസരിച്ച് പിന്‍വലിക്കുന്ന പണത്തിന് നികുതി ചുമത്തുന്നതും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. ഇതിന്റെ ഗൗരവം അവര്‍ക്ക് ബോധ്യപ്പെട്ടുവെന്ന രീതിയിലാണ് മറുപടി നല്‍കിയത്. പോസിറ്റീവായാണ് പ്രതികരിച്ചത്. എന്നാല്‍, നടപടികള്‍ ഉണ്ടാകുന്നില്ല. കേന്ദ്രമന്ത്രിമാരോട് പ്രശ്‌നങ്ങള്‍ പറയുമ്പോള്‍, അവര്‍ അപ്പോള്‍ത്തന്നെ ഉദ്യോഗസ്ഥരോട് അന്വേഷിക്കാനൊക്കെ നിര്‍ദേശം നല്‍കുന്നുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ എന്തെങ്കിലും മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.

 

പി. ഉബൈദുള്ള : വാണിജ്യ ബാങ്കുകളോട് മത്സരിക്കാന്‍ ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയുന്നുണ്ട്. എന്നിട്ടും, 20,000 രൂപയ്ക്ക് മുകളില്‍ പണമിടപാട് പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. നോട്ട് അസാധുവാക്കല്‍ ഘട്ടത്തിലുള്‍പ്പടെ ഈ നിലപാട് നമ്മള്‍ കണ്ടതുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത് മിനുറ്റ്‌സാക്കുകയോ കേന്ദ്രം രേഖാമൂലം എന്തെങ്കിലും മറുപടി നല്‍കുകയോ ചെയ്തിട്ടുണ്ടോ ?

 

സഹകരണമന്ത്രി : സംസ്ഥാനം ഇതുസംബന്ധിച്ച് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതൊന്നും മിനുറ്റ്‌സാക്കുകയോ തീരുമാനമുണ്ടാവുകയോ ഉണ്ടായിട്ടില്ല. നോട്ട് അസാധുവാക്കല്‍ ഘട്ടത്തിലുണ്ടായ രീതിയില്‍ത്തന്നെ ആദായനികുതിയുടെ കാര്യത്തിലും ഇടപെടല്‍ ഉണ്ടാവണം. നിയമപരമായ പോരാട്ടം തുടരുന്നതിനൊപ്പം ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

 

ടി.വി. ഇബ്രാഹിം : ആദായനികുതി ചുമത്തുന്നതും ഒരു കോടിയിലധികം രൂപ പിന്‍വലിക്കുമ്പോള്‍ രണ്ടു ശതമാനം നികുതി ഈടാക്കുന്നതും സംഘങ്ങളെ കടക്കെണിയിലാക്കുന്ന തീരുമാനമാണ്. സഹകരണ സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള നിയമ ഭേദഗതിക്കെതിരെ ഇതേ സഭതന്നെ ഒരിക്കല്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സഹകാരികള്‍ ഇപ്പോള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണയുമായി ഈ സഭ ഒരു പ്രമേയം പാസാക്കുന്നത് പരിഗണിക്കാവുന്നതല്ലേ ? ഒപ്പം, സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമോ ?

 

 

സഹകരണ മന്ത്രി : കടക്കെണിയിലായവരെ സഹായിക്കാനുള്ള നടപടികള്‍ എന്നും സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകളില്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. പിഴപ്പലിശ ഒഴിവാക്കി നല്‍കാറുണ്ട്. സംഘം ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ച് പലിശയിലും ഇളവ് നല്‍കാറുണ്ട്. 80.പി വകുപ്പ് അനുസരിച്ച് ആദായനികുതി ഇളവ് നിഷേധിക്കുന്നതും 194 എന്‍ പ്രകാരം പിന്‍വലിക്കുന്ന പണത്തിന് നികുതി ചുമത്തുന്നതും സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി സഹകരിച്ച് ഒരു പ്രമേയം പാസാക്കുന്ന കാര്യം പരിശോധിക്കാവുന്നതാണ്. ഈ സഭാസമ്മേളനത്തില്‍ത്തന്നെ അത് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും.

 

വി. ജോയ് : ആദായനികുതി ചുമത്തുന്നുവെന്ന് മാത്രമല്ല, അതിന്റെ നിരക്ക് പോലും അംഗീകരിക്കാവുന്നതല്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 22 ശതമാനമാണ് നികുതി. സഹകരണ സംഘങ്ങള്‍ 30 ശതമാനം നല്‍കണം. പിന്‍വലിക്കുന്ന പണത്തിന് നികുതി നല്‍കേണ്ടിവരുന്നത് സഹകരണ സംഘങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമോ?

 

സഹകരണമന്ത്രി : കേന്ദ്രനിയമത്തെ നിയമപരമായി സംസ്ഥാനത്തിന് നേരിടാന്‍ കഴിയില്ല. ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയമായും ഭരണപരമായുമുള്ള ഇടപെടല്‍ നടത്തുകയെന്നതാണ് സംസ്ഥാനത്ത് കരണീയമായ മാര്‍ഗം. ജീവനക്കാരും സഹകാരികളും എല്ലാ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ച് ശബ്ദിച്ചാല്‍ കേന്ദ്രത്തിന് വഴങ്ങേണ്ടി വരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

 

എം.സ്വരാജ് : ഗ്രാമീണ മേഖലയുടെ വളര്‍ച്ചയും വികാസവുമെല്ലാം സഹകരണ മേഖലയുമായി ബന്ധപ്പെട്ടതാണ്. അത്തരം സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ കടന്നുകയറ്റമുണ്ടാകുന്നത്. ഇതില്‍ നിശ്ചിത വരുമാനമെങ്കിലും ആദായനികുതി ബാധകമാക്കാത്തവിധമുള്ള എന്തെങ്കിലും ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമാകുമോ?

സഹകരണ മന്ത്രി : അത്തരമൊരു പരിധിയൊന്നും സംസ്ഥാനത്തിന് നിശ്ചയിക്കാനാവില്ല. കേരളത്തിലെ സഹകരണമേഖലയെ മോശമായി ചിത്രീകരിക്കുന്ന രീതി പൊതുവേ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. നോട്ട് നിരോധന ഘട്ടത്തിലാണ് ഇത് പ്രകടമായത്. അന്ന് മലപ്പുറം ജില്ലാബാങ്കിലും അതിന്റെ ശാഖകളിലും ഒരേസമയം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മലപ്പുറം കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇത്. റെയ്ഡ് നടക്കുന്ന ഘട്ടത്തില്‍ത്തന്നെ എല്ലാ മാധ്യമങ്ങളിലും ബ്രേക്കിങ് ന്യൂസ് വന്നു. ‘സഹകരണ ബാങ്കില്‍ കള്ളപ്പണം’, ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു’- എന്നിങ്ങനെയായിരുന്നു വാര്‍ത്ത. അന്ന് ഉച്ചവരെ ആ വാര്‍ത്തയായിരുന്നു. ഒരു കള്ളപ്പണവും പിടിച്ചില്ല. അതോടെ വാര്‍ത്തയും ഇല്ലാതായി. ഇതൊക്കെ സഹകരണ മേഖലയ്‌ക്കെതിരെയുള്ള വ്യാജപ്രചരണമായിരുന്നു. ഇതിനെയൊക്കെ നമ്മള്‍ ഒറ്റക്കെട്ടായാണ് നേരിട്ടത്. സംഘങ്ങളെ ദോഷമായി ബാധിക്കുന്ന നികുതി നിയമഭേദഗതിക്കുമെതിരെ നമുക്ക് ഒറ്റക്കെട്ടായി പൊരുതാനാകണം. ഈ ഘട്ടത്തില്‍ നമ്മള്‍ മറ്റൊന്നുകൂടി മനസ്സിലാക്കണം. ഇത്തരം ശ്രമങ്ങള്‍ കൊണ്ടൊന്നും സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകര്‍ക്കാനായിട്ടില്ല. മാത്രമല്ല, ജനങ്ങള്‍ കൂടുതല്‍ വിശ്വാസ്യമര്‍പ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നോട്ട് നിരോധനഘട്ടത്തില്‍ 1.5 ലക്ഷം കോടി രൂപയായിരുന്നു സഹകരണ മേഖലയിലെ നിക്ഷേപം. ഇപ്പോളത് 2.08 ലക്ഷം കോടിയായി വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ച ജനങ്ങള്‍ ഇപ്പോഴും സഹകരണ മേഖലയെയാണ് വിശ്വസിക്കുന്നത് എന്നതിന്റെ തെളിവാണ്.

ജോണ്‍ ഫെര്‍ണാണ്ടസ് : സഹകാരികളെയും സര്‍വകക്ഷി സംഘടനകളെയും ഒന്നിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമോ? അതിനുവേണ്ടി എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്?

സഹകരണ മന്ത്രി : പിന്‍വലിക്കുന്ന പണത്തിന് സഹകരണ സംഘങ്ങള്‍ നികുതി നല്‍കേണ്ടിവരുന്നതിനെക്കുറിച്ച് സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. നികുതി ഈടാക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ അസോസിയേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സര്‍ക്കാരും ഉണ്ടാകും. നിയമനടപടിക്ക് പുറമെ പ്രതിഷേധ പരിപാടികള്‍ കൂടി ഏകോപിപ്പിച്ച് നടത്തേണ്ടതുണ്ട്. ഈ നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ സഹകാരികളെ യോജിപ്പിച്ച് പോരാട്ടത്തിന് നേതൃത്വം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

സി.കൃഷ്ണന്‍ : ആദായനികുതി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ കയറിയിറങ്ങുകയാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. നികുതി ഇളവും നല്‍കുന്നില്ല. പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തുകയാണ്. ഇതിനെയൊക്കെ നേരിടുന്നതിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമോ?

 

സഹകരണ മന്ത്രി : പിന്‍വലിക്കുന്ന പണത്തിന് നികുതി ചുമത്തുന്നതിന് ആധാരമായി കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഡിജിറ്റലൈസേഷനോട് നമുക്കും അനുകൂല നിലപാടാണുള്ളത്. കേരളത്തിലെ സഹകരണ ബാങ്കുകളെ ഈ രീതിയിലേക്ക് മാറ്റിക്കൊണ്ടുവരാനാണ് കേരളബാങ്ക് രൂപവത്കരണത്തിലടക്കം നമ്മള്‍ ശ്രമിക്കുന്നത്. പക്ഷേ, അത് വേഗത്തില്‍ മാറണമെന്ന നിര്‍ദേശത്തോടാണ് നമുക്ക് വിയോജിപ്പ്. അല്ലെങ്കില്‍ നികുതി ചുമത്തുമെന്ന് പറയുന്നതിനെയാണ് എതിര്‍ക്കുന്നത്. ആവശ്യമായ സമയം നല്‍കി ഡിജിറ്റലൈസേഷനിലേക്ക് മാറുകയാണ് വേണ്ടത്.

എല്‍ദോ എബ്രഹാം : പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് ശേഷം അവയുടെ ശാഖകള്‍ പൂട്ടുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഈ കുറവ് സഹകരണ ബാങ്കുകളിലൂടെ പരിഹരിക്കാന്‍ നമുക്ക് സാധിക്കുമോ? അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ?

സഹകരണ മന്ത്രി : കേരളബാങ്കിന്റെ ലക്ഷ്യംതന്നെ ഇതാണ്. സഹകരണ മേഖലയില്‍ വലിയ നിക്ഷേപം ഇന്നുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം കാര്യമില്ല. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന സേവനം കൊടുക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയാത്തൊരു സ്ഥിതിയുണ്ട്. അതിനാല്‍, യുവജനങ്ങളുടെ പങ്കാളിത്തം സഹകരണ ബാങ്കുകളില്‍ കുറവാണ്. മൊത്തം ബാങ്കിങ് ഇടപാടിന്റെ പകുതിയിലേറെയും നടത്തുന്നത് യുവജനങ്ങളാണ്. എന്നാല്‍, 23 ശതമാനം യുവജനങ്ങള്‍ക്കു മാത്രമാണ് സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളത്. ഈ സ്ഥിതി മാറ്റാന്‍ കേരളബാങ്കിലൂടെ കഴിയും. എല്ലാ ആധുനിക ബാങ്കിങ് സേവനങ്ങളും നല്‍കാന്‍ കേരളബാങ്കിന് കഴിയും. ആ സേവനങ്ങള്‍ കേരളത്തിലെ എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെയും നല്‍കാനുമാകും. ഇങ്ങനെ വന്നാല്‍ ബാങ്കിങ് രംഗത്ത് സംസ്ഥാനത്ത് ഏറ്റവും വലിയ ശ്രൃംഖലയുള്ള ബാങ്കായി കേരളബാങ്കിനെ മാറ്റാനാകും. ഇന്ന് വാണിജ്യബാങ്കുകള്‍ ഈടാക്കുന്ന ഒളിഞ്ഞിരിക്കുന്ന സര്‍വീസ് ചാര്‍ജുകളൊന്നുമില്ലാതെ കേരളബാങ്കിന് പ്രവര്‍ത്തിക്കാനാകും.

 

കേരളബാങ്കിലെ നിലപാടുകള്‍

 

കേരളബാങ്ക് രൂപവത്കരണം സംബന്ധിച്ച് ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് വ്യക്തമാക്കല്‍ കൂടിയാണ് നിയമസഭയിലുണ്ടായത്. ജില്ലാബാങ്ക് ജീവനക്കാരിലെ യു.ഡി.എഫ്. അനുകൂല സംഘടനകളടക്കം കേരളബാങ്കിനൊപ്പം മലപ്പുറത്തെ ചേര്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍, കേരളബാങ്കിനെ എതിര്‍്ക്കുന്ന യു.ഡി.എഫ്., പഴയ നിലപാടില്‍നിന്ന് പിന്നോക്കം പോകുന്നുവെന്ന ചര്‍ച്ചയും സഹകരണ മേഖലയില്‍ സജീവമായിരുന്നു. ഇതിലൊക്കെയുള്ള രാഷ്ട്രീയ വ്യക്തതയാണ് നിയമസഭയിലെ ചര്‍ച്ചയിലുണ്ടായത്.

പി.കെ.ബഷീര്‍ : കേരളബാങ്ക് വരുമ്പോള്‍ ജില്ലാബാങ്ക് ശാഖകളില്‍ കുറെ പൂട്ടേണ്ടിവരുമെന്ന ആശങ്ക നിലവിലുണ്ട്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ബാധിക്കുമെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിയുമോ? കേരളബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെ കുറ്റം പറയുന്ന മന്ത്രി, ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതിന് മുമ്പ് ഒരു സര്‍വകക്ഷിയോഗം പോലും വിളിച്ചിട്ടില്ല. ബസ് പോയിട്ട് കൈനീട്ടുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നടപടി.

സഹകരണ മന്ത്രി : കേരളബാങ്ക് സംബന്ധിച്ച് വലിയ തെറ്റിദ്ധാരണയിലാണ് പ്രതിപക്ഷാംഗങ്ങളുള്ളത്. 1465 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അതിനെ പറ്റാവുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കാനുള്ള നടപടികളാണ് കേരളബാങ്കിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്നത് ശരിയാണ്. പക്ഷേ, ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറയരുത്. ഒരു നൂറു തവണയെങ്കിലും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ്, പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ നേതാക്കള്‍ പറഞ്ഞത് ഇത് രാഷ്ട്രീയമായ തീരുമാനമാണ്, അതുകൊണ്ടാണ് എന്നാണ്. ഇനിയെങ്കിലും അതില്‍നിന്ന് പിന്മാറണം.

രമേശ് ചെന്നിത്തല ( പ്രതിപക്ഷ നേതാവ് ) : കേരളബാങ്കിന്റെ കാര്യത്തില്‍ യു.ഡി.എഫിന് എന്തോ അബദ്ധം പറ്റി, ഇപ്പോള്‍ തീരുമാനം മാറ്റാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് എന്നൊക്കെ സഹകരണ മന്ത്രി പറയുന്നത് കേട്ടു. അതില്‍ ഒരു കാര്യം വ്യക്തമാക്കുകയാണ്. ഇക്കാര്യത്തില്‍ ഒരാശയക്കുഴപ്പവും തര്‍ക്കവും യു.ഡി.എഫിലില്ല. കേരളബാങ്കിന്റെ കാര്യത്തില്‍ നല്ല വ്യക്തതയും കൃത്യമായ നിലപാടുമാണ് യു.ഡി.എഫിനുള്ളത്. അത് കേരളബാങ്കിനെതിരാണ്. കേന്ദ്രത്തിന്റെ ഇടപെടലും മറ്റുമാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് കേരളത്തിലെ സഹകരണ മേഖലയെ കൊണ്ടുവെക്കുന്നതാണ് കേരളബാങ്ക് രൂപവത്കരണത്തിലൂടെ സംഭവിക്കുന്നത്. ഇത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ തിരിച്ചറിയും. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നിലപാടാണിത്. അതിനാല്‍, കേരളബാങ്ക് രൂപവത്കരണത്തെ നിയമപരമായും രാഷ്ട്രീയമായും യു.ഡി.എഫ്. എതിര്‍ക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇനിയും ആകാവുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ച് അത് തുടരും. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സഹകരണ മന്ത്രി ഇവിടെ പറയുന്നത് കേട്ടു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്നോട് ഒരിക്കലും സഹകരണ മന്ത്രി ചര്‍ച്ച നടത്തിയിട്ടില്ല. പോകുമ്പോഴും വരുമ്പോഴും കാണുമ്പോള്‍ മന്ത്രി ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ പറയാറുണ്ട്. അത് ചര്‍ച്ചയാകില്ല. എതെങ്കിലും ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെയോ പ്രതിപക്ഷ കക്ഷി നേതാക്കളെയോ ഔദ്യോഗികമായി മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഇനി അത് ഞങ്ങളുടെ നിലപാടിനെ ബാധിക്കുന്ന കാര്യവുമല്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ മന്ത്രി ഉന്നയിക്കുന്നതും ശരിയല്ല.

സഹകരണ മന്ത്രി : ഇത്തരം നിഷേധപരമായ ഒരു സമീപനം പ്രതിപക്ഷനേതാവില്‍നിന്ന് പ്രതീക്ഷിച്ചില്ല. സഹകരണ മേഖലയുടെ ഉള്ളടക്കത്തിന് ഒരു കോട്ടവും തട്ടാതെയാണ് കേരളബാങ്ക് രൂപവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. റിസര്‍വ് ബാങ്കിന്റെ ഒരു നിയന്ത്രണവും അധികമായി ഇവിടെ ഉണ്ടാകുന്നില്ല. നിലവില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ആ സാഹചര്യം തന്നെയേ കേരളബാങ്കിന് ശേഷവും സഹകരണ മേഖലയിലുണ്ടാകൂ. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളബാങ്കിന് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. അതില്‍ ഒന്നാമത്തേത്, കേരള സഹകരണ സംഘം നിയമവും ചട്ടവും പാലിച്ചുവേണം ലയനം നടത്തേണ്ടത് എന്നാണ്. ഇതിനര്‍ത്ഥം, കേരള സഹകരണ നിയമത്തിന്റെ അന്തസ്സത്തയില്‍നിന്നാണ് കേരളബാങ്കും രൂപവത്കരിക്കുകയും പ്രവര്‍ത്തിക്കുകയും വേണ്ടത് എന്നാണ്. ജില്ലാ ബാങ്കുകളുടെ ഭരണസമിതികള്‍ ഇല്ലാതാകുന്നുവെന്ന മാറ്റം മാത്രമാണ് കേരളത്തിലെ സഹകരണ മേഖലയില്‍ സംഭവിക്കുന്നത്. അതിനുവേണ്ടി പ്രതിപക്ഷ നേതാവും പ്രതിപക്ഷ കക്ഷികളും ഇതുപോലൊരു നിഷേധ സമീപനം സ്വീകരിക്കുന്നത് കഷ്ടമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഇനിയും ചര്‍ച്ച നടത്താന്‍ തയാറാണ്.

[mbzshare]

Leave a Reply

Your email address will not be published.