നിയമനം കിട്ടിയയാള്‍ രാജിവെച്ചാല്‍ അതേ റാങ്ക് പട്ടികയില്‍നിന്ന് നികത്തേണ്ടതില്ല

Deepthi Vipin lal

സഹകരണ സംഘത്തില്‍ ഒരു തസ്തികയില്‍ നിയമനം കിട്ടിയയാള്‍ രാജിവെച്ചാല്‍ ആ ഒഴിവ് അതേ റാങ്ക് പട്ടികയില്‍നിന്ന് നികത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. കോട്ടയം ജില്ലയിലെ കണ്ണുകെട്ടുശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ സെക്രട്ടറി തസ്തികയിലേക്കുള്ള നിയമനം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് പരാതി തീര്‍പ്പാക്കി ക്ഷീരവികസന വകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വിജ്ഞാപനം ചെയ്ത ഒഴിവിലേക്കാണ് ഒരുറാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തേണ്ടത്. വീണ്ടും വരുന്ന ഒഴിവുകള്‍ പുതിയപരീക്ഷ നടത്തിയാണ് നിയമിക്കേണ്ടത് എന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കണ്ണുകെട്ടുശ്ശേരി ക്ഷീരസംഘത്തിലെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമനത്തിനായി പരീക്ഷ നടത്തി മൂന്നുപേരെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കി. ഇതില്‍ ഒന്നാം റാങ്കുകാരി നിയമനം നേടുകയും ചെയ്തു. എന്നാല്‍, അവര്‍ സ്ഥാനം രാജിവെച്ചതോടെ സെക്രട്ടറി തസ്തികയില്‍ വീണ്ടും ഒഴിവുവന്നു. ഈ തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്ന് കാണിച്ച് രണ്ടാം റാങ്കുകാരി കോട്ടയം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. ഇതെക്കുറിച്ച് വൈക്കം ക്ഷീര വികസന ഓഫീസറില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. നിയമനം നല്‍കാമെന്നായിരുന്നു ക്ഷീരവികസന ഓഫീസറുടെ റിപ്പോര്‍ട്ട്. റാങ്ക് പട്ടികയ്ക്ക് രണ്ടരമാസത്തോളം കാലാവധിയുള്ളതിനാല്‍ രണ്ടാം റാങ്കുകാരിയെ 15 ദിവസത്തിനുള്ളില്‍ നിയമിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സംഘം പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതിനെതിരെ സംഘം പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. ആദ്യം അപ്പീല്‍ അധികാരി എന്ന നിലയില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ അപ്പീലിന്റെ അടിസ്ഥാനത്തില്‍ ക്ഷീരവികസന വകുപ്പ് ജോയിന്റ് സെക്രട്ടറി ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്തി. റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ് പത്തുദിവസത്തിന് ശേഷമാണ് രണ്ടാം റാങ്കുകാരി നിവേദനം നല്‍കിയതെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍) അറിയിച്ചു. സെക്രട്ടറി രാജിവെച്ച ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തിയത് റദ്ദാക്കി റാങ്ക് പട്ടികയില്‍നിന്ന് നിയമിക്കണമെന്ന് അപേക്ഷകയായ രണ്ടാം റാങ്കുകാരിയും ആവശ്യപ്പെട്ടു.

ക്ഷീരസംഘത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ക്ഷീരസഹകരണ സംഘങ്ങളിലെ റാങ്ക് പട്ടികയ്ക്ക് കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന് വാദിച്ചു. സഹകരണ പരീക്ഷ ബോര്‍ഡ് പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് പട്ടികകള്‍ക്ക് മാത്രമാണ് രണ്ടുവര്‍ഷം കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇത് ക്ഷീര സംഘങ്ങള്‍ക്ക് ബാധകമല്ല. മാത്രവുമല്ല, ഒരുറാങ്ക് പട്ടികയില്‍നിന്ന് ‘നോട്ടിഫൈഡ് വേക്കന്‍സി’യില്‍ അല്ലാതെ നിയമനം നടത്തരുതെന്ന് ‘കോ ഓപ്പറേറ്റീവ് ബാങ്ക് ഡെല്‍സണ്‍ ഡേവിസ് കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇബേ സൂസന്‍ ഐസക്ക് അനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് കേസില്‍ ഹൈക്കോടതി വിധിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ വാദങ്ങള്‍ കേട്ടശേഷമാണ് സംഘം പ്രസിഡന്റ് നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. സംഘത്തിന്റെ വിജ്ഞാപനത്തില്‍ റാങ്ക് പട്ടികയ്ക്ക് കാലാവധി പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, സഹകരണ നിയമചട്ടത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി പ്രസിദ്ധീകരിച്ച ദിവസം മുതല്‍ രണ്ടുവര്‍ഷമായിരിക്കുമെന്ന് പറയുന്നുണ്ട്. ഈ കാലാവധിക്ക് ശേഷമാണ് രണ്ടാം റാങ്കുകാരി അപേക്ഷ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്താന്‍ ഭരണസമിതിയോട് നിര്‍ദ്ദേശിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അധികാരമില്ല. മാത്രവുമല്ല, സംഘം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി-സുപ്രീംകോടതി വിധികളില്‍ നോട്ടിഫൈഡ് വേക്കന്‍സിയില്‍ മാത്രമേ ഒരുപട്ടികയില്‍നിന്ന് നിയമനം നല്‍കാവൂവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ക്ഷീരവികസന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News