നാലുലക്ഷം ലിറ്റര്‍ പാല്‍ അധികം; പൊടിയാക്കാന്‍ വഴിയില്ലാതെ മില്‍മ
ക്ഷീരകര്‍ഷകരും ക്ഷീരസംഘങ്ങളും അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ലോക്ഡൗണില്‍ നേരിട്ട അതേപ്രതിസന്ധിയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. സംഭരിക്കുന്ന പാല്‍ അധികമുള്ളത് പൊടിയാക്കി മാറ്റാന്‍ കേരളത്തില്‍ സംവിധാനമില്ല. തമിഴ്നാടിനെ ആശ്രയിച്ചാണ് ഇത് ചെയ്യുന്നത്. ഇപ്പോള്‍ ലോക്ഡൗണ്‍ വന്നതും പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റില്‍ തിരക്ക് കൂടിയതും മില്‍മയെ പ്രതിസന്ധിയിലാക്കി. നാലുലക്ഷം ലിറ്റര്‍ പാലാണ് മില്‍മയ്ക്ക് ഒരുദിവസം അധികമായി വരുന്നത്. ഇത് പൊടിയാക്കി മാറ്റാന്‍ കഴിയാത്തതോടെ സംഭരണം നിര്‍ത്തി രക്ഷനേടുകയാണ് മില്‍മ ചെയ്യുന്നത്. പക്ഷേ, ഇതോടെ ക്ഷീരകര്‍ഷകരുടെ ജീവിതമാണ് കഷ്ടത്തിലാകുന്നത്.
സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം കുടുംബങ്ങളിലായി 25 ലക്ഷം പേരാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത്. 2016-17 ല്‍ മില്‍മ നിയോഗിച്ച എന്‍.എആര്‍.ഉണ്ണിത്താന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരുലിറ്റര്‍ പാലിന്റെ ഉല്‍പാദന ചെലവ് 42.67 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍, പാലിന്റെ ഗുണമേന്മനോക്കിയുള്ള വില്‍പനയില്‍ കര്‍ഷകര്‍ക്ക് ശരാശരി ലഭിക്കുന്നത് 38-39 രൂപയാണ്. സ്വന്തമായുള്ള അദ്ധ്വാന ചെലവ് കണക്കാക്കാത്തതുകൊണ്ടും ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുമ്പോള്‍ കൃത്യമായി വിലലഭിക്കുന്നതുകൊണ്ടുമാണ് ഈ മേഖലയില്‍ കര്‍ഷകര്‍ നിലനില്‍ക്കുന്നത്.
ക്ഷീരസംഘങ്ങളില്‍ നല്‍കുന്നതിന്റെ ബാക്കി പ്രാദേശിക വിപണിയില്‍ കൂടി നല്‍കാറുണ്ട്. ഇതിന് കുറച്ച് കൂടുതല്‍ വിലകിട്ടും. ലോക്ഡൗണില്‍ ഈ സാധ്യതയും ഇല്ലാതായി. ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ളവ അടച്ചതിനാല്‍ പ്രാദേശികമായി വില്‍പ്പന നടത്തിയിരുന്ന പാല്‍ അധികമായി ക്ഷീരസംഘങ്ങളിലേക്ക് വന്നതും സംഭരിക്കുന്നതിന്റെ അളവ് കൂടാന്‍ കാരണമായിട്ടുണ്ട്. മില്‍മ മലബാര്‍ മേഖലയില്‍ മാത്രം മൂന്നുലക്ഷം ലിറ്ററും എറണാകുളം മേഖലയില്‍ ഒരുലക്ഷം ലിറ്റര്‍ പാലും അധികമാണ്. നേരത്തെ 1.5 ലക്ഷം ലിറ്റര്‍ പാല്‍ പുറമെ നിന്നു വാങ്ങിയിരുന്ന തിരുവനന്തപുരം മേഖലയില്‍ ഇപ്പോള്‍ ഏതുനിമിഷവും പാല്‍ മിച്ചംവരുന്ന അവസ്ഥയാണ്. പ്രതിദിനം ശരാശരി 20 ലിറ്റര്‍ പാല്‍ കൊണ്ടുവന്നവര്‍ ഇപ്പോള്‍ ഇരട്ടിയില്‍ കൂടുതല്‍ പാലാണ് ക്ഷീരസംഘങ്ങളില്‍ എത്തിക്കുന്നത്.
ദിവസേന കൂടുതല്‍ ടാങ്കറുകള്‍ വിട്ടാണ് ഈ പാല്‍ മില്‍മ സംഭരിക്കുന്നത്. മലബാര്‍ മേഖലയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരത്തെ പാല്‍ സംഭരിച്ച് മില്‍മയിലേക്ക് അയക്കരുതെന്ന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം മെയ് ഒന്ന് മുതല്‍ 10 വരെ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയ പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ സംഭരിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. എറണാകുളം മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തീരുന്നതുവരെ പാല്‍ സംഭരണം 20 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചു.
അധികമായി എത്തുന്ന പാല്‍, പാല്‍പ്പൊടിയാക്കാന്‍ തമിഴ്നാട് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ഈറോഡ്, പുഷ്പഗിരി പ്ലാന്റുകെളയും കര്‍ണാടകയേയുമാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന പാല്‍ സ്വീകരിക്കുന്നത് തമിഴ്നാട്ടിലെ പ്ലാന്റുകള്‍ നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടിലേക്ക് പോയ ലോറിയില്‍ നിന്നും പാല്‍ ഇറക്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ലോക്ഡൗണില്‍ ഒരുദിവസം മില്‍മ സംഭരണം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും സംഭരണം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അധികമുള്ള പാല്‍ അതിഥി തൊഴിലാളികള്‍ക്ക് അടക്കം വിതരണം ചെയ്താണ് പ്രശ്നം തീര്‍ത്തത്. അധിക പാല്‍ പൊടിയാക്കി മാറ്റാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതില്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. പാല്‍ കറന്നെടുക്കാതിരുന്നാല്‍ പശുക്കള്‍ക്ക് അകിടുവീക്കം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മൃഗസംരക്ഷണ മേഖലയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലത്തീറ്റയുടെ വിലകുറയ്ക്കുകയും ഉല്‍പാദന ബോണസ്, സബ്സിഡി എന്നിവയിലൂടെ കര്‍ഷകര്‍ക്ക് സഹായം എത്തിക്കുകയും വേണമെന്നാണ് ആവശ്യം.