നാഫെഡും എന്‍.സി.സി.എഫും തക്കാളിവില്‍പ്പനയുമായി മുന്നേറുന്നു

moonamvazhi

തക്കാളിയുടെ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയ നാഫെഡ് ( ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ) ഡല്‍ഹിയിലെ തങ്ങളുടെ സ്റ്റോറുകളിലൂടെ തക്കാളിവില്‍പ്പന തുടങ്ങി. പല ഭാഗങ്ങളിലും തക്കാളി കിലോയ്ക്കു 200 രൂപയിലധികമുള്ളപ്പോള്‍ നാഫെഡ് സ്റ്റോറുകളില്‍ 90 രൂപയാണു വില. ഡല്‍ഹിക്കു പുറമേ ബിഹാറിലെ പട്‌ന, മുസഫര്‍പൂര്‍ എന്നിവിടങ്ങളിലും നാഫെഡ് കുറഞ്ഞ വിലയ്ക്കു തക്കാളി വില്‍ക്കുന്നുണ്ട്.

തക്കാളിയുടെ വില പിടിച്ചുനിര്‍ത്താന്‍ ഡല്‍ഹിയിലെ നാഫെഡ് ബസാര്‍ സ്റ്റോറുകളിലൂടെ കിലോയ്ക്കു 90 രൂപ നിരക്കില്‍ വില്‍പ്പന തടങ്ങിയതായി നാഫെഡ് ട്വിറ്ററില്‍ കുറിച്ചു. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും ( എന്‍.സി.സി.എഫ് ) ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും 90 രൂപയ്ക്കു തക്കാളി വില്‍ക്കുന്നുണ്ട്. എന്‍.സി.സി.എഫിന്റെ വാനുകളിലാണു തക്കാളി വില്‍ക്കുന്നത്. നോയിഡയില്‍ മാത്രം മൂന്നു വാനുകള്‍ തക്കാളിവില്‍പ്പനയ്ക്കായി രംഗത്തുണ്ട്. ഒരാള്‍ക്കു രണ്ടു കിലോയിലധികം നല്‍കില്ല. സഞ്ചരിക്കുന്ന വാനുകള്‍ തങ്ങളുടെ പ്രദേശത്തും വരണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ വിളിക്കുന്നുണ്ടെന്നു എന്‍.സി.സി.എഫിന്റെ മധു ശര്‍മ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു നാഫെഡും എന്‍.സി.സി.എഫും തക്കാളിസംഭരണവും വില്‍പ്പനയുമായി വെള്ളിയാഴ്ച മുതല്‍ രംഗത്തിറങ്ങിയത്. ആന്ധപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണു തക്കാളി സംഭരിച്ചു ഉത്തരേന്ത്യന്‍ നഗരങ്ങളിലെത്തിക്കുന്നത്. നാഫെഡും എന്‍.സിസി.എഫും ഞായറാഴ്ച മുതല്‍ പത്തു രൂപ കുറച്ച് 80 രൂപയ്ക്കായിരിക്കും തക്കാളി വില്‍ക്കുകയെന്നു കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാര്‍ സിങ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു തക്കാളിവില്‍പ്പന വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ചമാത്രം 18,000 കിലോ തക്കാളിയാണു നാഫെഡും എന്‍.സി.സി.എഫും ഡല്‍ഹിയില്‍ വിറ്റത്. കിലോയ്ക്കു 240 രൂപവരെ ഉയര്‍ന്ന തക്കാളിവില ആഗസ്റ്റാകുമ്പോഴേക്കും കുറയുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കുറയുന്നതിനാല്‍ സാധാരണ ജൂലായ്-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തക്കാളിവില കുതിച്ചുയരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News