നാനോ യൂറിയയുടെ കണ്ടുപിടിത്തത്തിന് ഇഫ്‌കോയ്ക്ക് 20 വര്‍ഷത്തേക്ക് പേറ്റന്റ്
ദ്രാവകരൂപത്തിലുള്ള നാനോ യൂറിയയുടെ കണ്ടുപിടിത്തത്തിനു സഹകരണരംഗത്തെ രാസവള നിര്‍മാണസ്ഥാപനമായ ഇഫ്‌കോയ്ക്കു ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) പേറ്റന്റ് ( നിര്‍മാണാവകാശക്കുത്തക ) ലഭിച്ചു. 2023 ജനുവരി 12 മുതല്‍ ഇരുപതു വര്‍ഷത്തേക്കാണു പേറ്റന്റിന്റെ കാലാവധി. നാനോ യൂറിയ രാസവളത്തിനും അതിന്റെ നിര്‍മാണരീതിക്കുമാണു പേറ്റന്റ് ലഭിച്ചത്. 1970 ലെ പേറ്റന്റ്‌സ് ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് ഇഫ്‌കോയ്ക്കു പേറ്റന്റ് അനുവദിച്ചിരിക്കുന്നത്.
നാനോ യൂറിയയുടെ കണ്ടുപിടിത്തം വിളകള്‍ക്കു ഫലപ്രദമായ രീതിയില്‍ നൈട്രജന്‍ എത്തിക്കുന്നതിലും ലാഭകരവും സുസ്ഥിരവുമായ കൃഷിയിലേക്കു നയിക്കുന്നതിലും കര്‍ഷകരെ ഏറെ സഹായിക്കുമെന്നു ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. യു.എസ്. അവസ്തി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്തോഷവാര്‍ത്തയില്‍ അഭിപ്രായപ്പെട്ടു.
ഇഫ്‌കോയുടെ നാനോ യൂറിയയും ഫോസ്‌ഫേറ്റ് അടിസ്ഥാനമാക്കിയുള്ള നാനോ DAP ( ഡൈ അമോണിയം ഫോസ്‌ഫേറ്റ് ) യും കാര്‍ഷികസാങ്കേതികവിദ്യയിലെ വലിയൊരു കുതിച്ചുചാട്ടമാണ്. മണ്ണ്, വായു, ജലം എന്നിവയുടെ മലിനീകരണം കുറയ്ക്കുന്നതില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുമെന്നാണു കരുതപ്പെടുന്നത്. ആഗോളതലത്തില്‍ നാനോ രാസവളങ്ങള്‍ക്കു കിട്ടിയ അംഗീകാരം ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ കുതിപ്പിനുള്ള സഹകരണമേഖലയുടെ വലിയ സംഭാവനയായാണു വിശേഷിപ്പിക്കപ്പെടുന്നത്. പരിസ്ഥിതിസൗഹൃദമായ, നൈട്രജന്‍ കണികകളടങ്ങിയിട്ടുള്ള, ദ്രാവകരൂപത്തിലുള്ള നാനോ യൂറിയ രാസവളങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. സംഭരിക്കാനും കൊണ്ടുപോകാനും വളരെ എളുപ്പമാണിത്.
[mbzshare]