നാട്ടുകാര്‍ക്ക് ശുദ്ധ മത്സ്യം, അംഗങ്ങള്‍ക്ക് നല്ല വരുമാനം
(2020 ഒക്ടോബര്‍ ലക്കം)
ഫിഷറീസ് വകുപ്പിനു കീഴില്‍ വയനാട്ടിലുള്ള രണ്ടു പട്ടികജാതി / പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ ആലസ്യത്തില്‍ നിന്നുണര്‍ന്ന് സജീവ പ്രവര്‍ത്തനത്തിലേക്ക് കടന്നുകഴിഞ്ഞു. കാരാപ്പുഴ, ബാണാസുരസാഗര്‍ ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ സംഘങ്ങളിലെ ഇരുനൂറ്റിയമ്പതോളം അംഗങ്ങള്‍ക്ക് മീന്‍ പിടിച്ച് നല്ല വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.
വയനാട്ടില്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക ജാതി /പട്ടിക വര്‍ഗക്കാര്‍ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് രൂപവത്കരിച്ച രണ്ട് സഹകരണ സംഘങ്ങളും സജീവമായി മുന്നോട്ടു പോകുന്നു. കാരാപ്പുഴ പട്ടിക ജാതി /പട്ടിക വര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘവും ബാണാസുരസാഗര്‍ പട്ടിക ജാതി /പട്ടിക വര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘവുമാണ് മത്സ്യമേഖലയില്‍ പുതുചലനങ്ങളുണ്ടാക്കുന്നത്.
2012 ലാണ് രണ്ടു സംഘങ്ങളും രൂപവത്കരിച്ചത്. പൊതു ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നല്‍കും. പിന്നീടുള്ള പരിപാലനവും വിളവെടുപ്പുമൊക്കെ ചെയ്യേണ്ടത് സഹകരണ സംഘങ്ങളാണ്. മത്സ്യം വിറ്റാല്‍ കിട്ടുന്ന തുകയുടെ 80 ശതമാനവും മീന്‍ പിടിക്കുന്നവര്‍ക്കെടുക്കാം. സഹകരണ സംഘത്തിന്് 20 ശതമാനം നല്‍കണം. ആദ്യകാലത്ത് രണ്ടു സംഘങ്ങളിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. 2016 ല്‍ അവസ്ഥയ്ക്ക് മാറ്റം വന്നുതുടങ്ങി. കാരാപ്പുഴ സഹകരണ സംഘമാണ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലേക്ക് ആദ്യം ഇറങ്ങിത്തുടങ്ങിയത്. ബാണാസുരസാഗര്‍ സഹകരണ സംഘം അപ്പോഴും തണുപ്പില്‍ത്തന്നെയായിരുന്നു. 2020 ജൂണ്‍ 15 മുതല്‍ മാത്രമാണ് അവര്‍ക്ക് ചൂടു പിടിച്ചത്.
ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ സഹകരണം
ഫിഷറീസ് വകുപ്പിനു കീഴിലാണ് രണ്ട് സൊസൈറ്റികളും. കാരാപ്പുഴ സൊസൈറ്റിക്ക് മീന്‍പിടിക്കാനുള്ള അനുമതി ജലസേചന വകുപ്പും ബാണാസുരസാഗര്‍ സൊസൈറ്റിക്ക് വൈദ്യുതി വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. സാധാരണ സൊസൈറ്റികളുടെ പ്രവര്‍ത്തന രീതികള്‍ തന്നെയാണ് രണ്ടു സംഘങ്ങളും മാതൃകയാക്കുന്നതെന്ന് ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ നിഖില. കെ. ഐ. പറയുന്നു. വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കാണ് സംഘത്തില്‍ അംഗത്വം നല്‍കുന്നത്. മെമ്പര്‍ഷിപ്പ് ഫീസായി 11 രൂപയാണ് ഈടാക്കുന്നത്. ഒരു പ്രദേശത്ത് സമാന സ്വഭാവമുള്ള ഒന്നിലധികം സൊസൈറ്റികള്‍ക്ക് വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍കാത്തത് നിലവിലുള്ള സംഘങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. എല്ലാ മാസവും വകുപ്പുദ്യോഗസ്ഥര്‍ നേരിട്ടുവന്നു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. അംഗങ്ങളുടെ സംശയങ്ങള്‍ അപ്പപ്പോള്‍ തീര്‍ത്തുകൊടുക്കുന്നു.
റിസര്‍വോയറുമായി ബന്ധപ്പെട്ടു കിടക്കുന്ന പഞ്ചായത്തുകളിലെ പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സൊസൈറ്റികളില്‍ അംഗത്വം കിട്ടുക. അമ്പലവയല്‍, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളാണ് കാരാപ്പുഴ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍ ബാണാസുരസാഗര്‍ സംഘത്തിന്റെ കീഴിലും വരുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് നേരിട്ടുവന്ന് അപേക്ഷ നല്‍കി അംഗത്വമെടുക്കാം. കാരാപ്പുഴ സൊസൈറ്റിക്ക് ഒമ്പതംഗ ഭരണസമിതിയും ബാണാസുരസാഗറിന് ഏഴംഗ സമിതിയുമാണ് നിലവിലുള്ളത്.
വനിതകളും ഭരണ സമിതിയിലുണ്ട്.
മീന്‍ പിടിക്കാനും വില്‍പ്പനയ്ക്കും ആവശ്യമായ അഞ്ച് കൊട്ടത്തോണി, വല, തൂക്കുന്ന യന്ത്രം (വലുതും ചെറുതും), ബില്ലിങ് യന്ത്രം എന്നിവ രണ്ട് സംഘത്തിനും ജലാശയ മത്സ്യ വികസന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുണ്ട്. 2014 മുതല്‍ ഡാമില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. രോഹു, കട്ല, മൃഗാള്‍, കാര്‍പ് തുടങ്ങിയ മീനുകളെയാണ് ( ചെറിയ മീനുകളെ തിന്നാത്തവ ) ഡാമില്‍ നിക്ഷേപിക്കുന്നത്. സ്വയം തീറ്റ കണ്ടെത്തുന്ന ഇനങ്ങളില്‍പ്പെട്ട മീനുകളാണിവ. ആറ് മാസം കൊണ്ട് ഇവ വളരും. ഓരോ മീനിനും വില്‍പ്പനവില നിശ്ചയിച്ചിട്ടുണ്ട്. കട്ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ് തുടങ്ങിയവക്ക് 150 രൂപ. ഫിലോപ്പിയ 200 ഗ്രാമില്‍ താഴെയാണെങ്കില്‍ 150 രൂപയും അതില്‍ക്കൂടിയാല്‍ 170 രൂപയും നല്‍കണം. ആരല്ല് 170 രൂപ , മനങ്ങ് 220 രൂപ എന്നിങ്ങനെ പോകുന്നു മീന്‍വില. ഈ നിരക്കിലേ സംഘങ്ങള്‍ മീന്‍ വില്‍ക്കാവൂ.
പദ്ധതി നടപ്പായതോടെ റിസര്‍വോയറില്‍ മീന്‍ പിടിക്കാനുള്ള പൂര്‍ണാധികാരം ഈ സൊസൈറ്റികള്‍ക്ക് മാത്രമാണ്. സംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും മീന്‍ പിടിക്കാം. അംഗങ്ങള്‍ വൈകിട്ട് വലയിട്ട് വെക്കും. പിറ്റേന്നു രാവിലെ അഞ്ച് മണിയ്ക്ക് പോയി മീന്‍ ശേഖരിക്കും. അവ ഒമ്പത് മണിയോടെ സംഘങ്ങളില്‍ എത്തിക്കും. രണ്ട് സൊസൈറ്റിയ്ക്കും കണക്കുകള്‍ എഴുതാനും സൂക്ഷിക്കാനുമുള്ള പരിശീലനം ഫിഷറീസ് വകുപ്പ് കൊടുക്കുന്നുണ്ട്. എല്ലാ അംഗങ്ങള്‍ക്കും ഐ.ഡി. കാര്‍ഡ് കൊടുത്തിട്ടുണ്ട്. ഈ കാര്‍ഡ് ധരിച്ചാണ് അംഗങ്ങള്‍ മീന്‍ വില്‍പ്പന നടത്തുന്നത്. ചെറിയ മീനുകളെ പിടിക്കരുതെന്നു ഫിഷറീസ് വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഒരു വര്‍ഷം ഡാമില്‍ നിന്ന് പിടിക്കുന്ന മീനിന്റെ എണ്ണം, തൂക്കം, മീനിന്റെ പേര് തുടങ്ങിയ എല്ലാ കണക്കുകളും ഫിഷറീസ് വകുപ്പിന് സൊസൈറ്റി സമര്‍പ്പിക്കണം. ഇതനുസരിച്ച് ഏതു മീനാണ് കുറവ് ലഭിക്കുന്നതെന്ന് കണ്ടെത്തി ആ മീന്‍കുഞ്ഞുങ്ങളെ കൂടുതല്‍ നിക്ഷേപിക്കും.
പ്രവര്‍ത്തന മികവില്‍ കാരാപ്പുഴ സംഘം
സംഘം തുടങ്ങിയ സമയത്ത് 88 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 106 പേര്‍ കാരാപ്പുഴ സൊസൈറ്റിയില്‍ അംഗങ്ങളാണ്. നെല്ലറച്ചാലില്‍ 1400 രൂപ വാടകയ്ക്കാണ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ ഭരണസമിതിയില്‍ എ.ആര്‍. സുകുമാരന്‍ പ്രസിഡന്റും എന്‍.എസ്. ഗോപി സെക്രട്ടറിയുമായിരുന്നു. എന്നാല്‍, 2012 മുതല്‍ 16 വരെ ഇവരുടെ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിരുന്നില്ല. 2016 ല്‍ പുതിയ ഭരണസമിതി ദാമോദരന്‍ എ.കെ. പ്രസിഡന്റും ധനേഷ് എന്‍.ഡി. സെക്രട്ടറിയുമായി ചുമതലയേറ്റു. അതോടെ, സംഘം ഉണര്‍ന്നു.
ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 2019 ല്‍ 25 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഡാമില്‍ നിക്ഷേപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. കൂലിപ്പണിയ്ക്ക് പോകുന്നതിനേക്കാള്‍ വരുമാനം മീന്‍പിടിത്തത്തില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് ദാമോദരന്‍ അഭിപ്രായപ്പെട്ടു. വൈകീട്ട് നാല് മുതല്‍ ആറ് വരെ വലയിടാനും പിറ്റേന്നു രാവിലെ അഞ്ച് മുതല്‍ എട്ട് വരെ മത്സ്യം ശേഖരിക്കാനുമുള്ള സമയമാണ്. എട്ടിനും ഒമ്പതിനുമിടയില്‍ മീന്‍ സൊസൈറ്റിയില്‍ എത്തിക്കും. ഡാമിന്റെ പരിസരത്താണ് മീന്‍ വില്‍പ്പന. ഓരോ ദിവസവും പിടിക്കുന്ന മീന്‍ അതത് ദിവസംതന്നെ വിറ്റുപോകുന്നത് സംഘത്തിന്റെ പ്രവര്‍ത്തന മികവ് വ്യക്തമാക്കുന്നു. ചില ദിവസങ്ങളില്‍ മീന്‍ തികയാത്ത അവസ്ഥയും വരുന്നുണ്ട്. ധാരാളം മീന്‍ കിട്ടുന്ന ദിവസം പ്രതീക്ഷിച്ചപോലെ വില്‍പ്പന നടന്നില്ലെങ്കില്‍ വില കുറച്ചാണെങ്കിലും പൂര്‍ണമായും വിറ്റൊഴിക്കാറുണ്ട്. മീന്‍ സൂക്ഷിക്കാന്‍ ആധുനിക സൗകര്യങ്ങളില്ലാത്തത് ഒരു പോരായ്മയാണെന്ന് സംഘം സെക്രട്ടറി ധനേഷ് പറഞ്ഞു. ഡാമിന്റെ പരിസരം കണ്ടെയ്ന്‍മെന്റ് സോണില്‍ വന്നപ്പോള്‍ മീന്‍ പിടിത്തം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
2018, 19 വര്‍ഷങ്ങളിലെ പ്രളയത്തില്‍ റിസര്‍വോയറില്‍ നിന്ന് ധാരാളം മീന്‍ ഒഴുകിപ്പോയിരുന്നു. അതിനാല്‍ ഇത്തവണ കാലവര്‍ഷം തുടങ്ങിയപ്പോള്‍ത്തന്നെ വെള്ളം ക്രമീകരിച്ച് മുന്‍ കരുതലുകള്‍ എടുത്തിരുന്നു. ഇതുകാരണം ഇത്തവണ മീനുകള്‍ ഒഴുകിപ്പോയില്ലെന്ന് സംഘം പ്രസിഡന്റ് ദാമോദരന്‍ പറഞ്ഞു.
2016 നു ശേഷം 7,30,000 രൂപ സംഘത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞത് ചെറുതല്ലാത്ത നേട്ടമാണ്. കോവിഡ് -19 ന്റെ സാഹചര്യത്തില്‍ അംഗങ്ങളെ പണം കടം നല്‍കിയും സംഘം സഹായിക്കുന്നുണ്ട്. ഈ പണം മെമ്പര്‍മാര്‍ മീന്‍ വില്‍ക്കാന്‍ കൊണ്ടുവരുമ്പോള്‍ അതില്‍ നിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും സംഘത്തിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സീസണ്‍ സമയങ്ങളില്‍ ( ജൂണ്‍-ഒക്ടോബര്‍ ) ഒരാള്‍ക്ക് ഒരു ദിവസം 500 രൂപ മുതല്‍ 4000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിച്ച ഉപകരണങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും തികയാത്തതിനാല്‍ സൊസൈറ്റിതന്നെ കൊട്ടത്തോണിയും വലയും മറ്റും വാങ്ങി നല്‍കി. നെല്ലറച്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനാവശ്യമായ 200 പ്ലെയിറ്റും ഗ്ലാസും നല്‍കാന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. മീന്‍ സൂക്ഷിക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് സ്വന്തമായി സ്ഥലം വാങ്ങാനുള്ള പദ്ധതിയുണ്ട്. കൃഷ്ണദാസ് എന്‍.ജി, ജയപ്രകാശ്, രതീഷ് എ.കെ, അജീഷ് ബി.എന്‍, സവിത എന്‍.ജി, ശാന്ത, രചിത്ര പി. എന്നിവരാണ് കാരാപ്പുഴ സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍.
ലാഭം കൊയ്യാനൊരുങ്ങി ബാണാസുരസാഗര്‍ സംഘം
2012 ല്‍ ചലനമറ്റ ബാണാസുര സാഗര്‍ സൊസൈറ്റി 2018 ലാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. സന്തോഷ് കുമാര്‍ എ. ആര്‍ പ്രസിഡന്റും സന്ദീപ് കെ.എന്‍. സെക്രട്ടറിയുമായുള്ള സമിതിയാണ് ഇപ്പോഴുള്ളത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കാപ്പിക്കളം കുറ്റിയാംവയല്‍ പ്രദേശത്താണ് സൊസൈറ്റിയുടെ ഓഫീസ് . ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് സൊസൈറ്റി മീന്‍പിടിത്തം തുടങ്ങിയത്. സൊസൈറ്റി രൂപവത്കരിച്ച ശേഷം മൂന്നു ഘട്ടമായി ഡാമില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും കൊട്ടത്തോണി ലഭിക്കാത്തത് മൂലം മുള ഉപയോഗിച്ച് സ്വന്തമായി ചങ്ങാടങ്ങള്‍ നിര്‍മിച്ച് മീന്‍ പിടിക്കാന്‍ പോകുന്നവരും സംഘത്തിലുണ്ട്.
തരിയോട് പഞ്ചായത്തിലെ മഞ്ഞൂറാം, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റിയാംവയല്‍ എന്നിവിടങ്ങളിലാണ് മത്സ്യ വില്‍പ്പനസ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. തണ്ടാലി, ചൂണ്ട, നാടന്‍ വലകള്‍ തുടങ്ങിയവയാണ് മീന്‍ പിടിക്കാന്‍ സംഘം പ്രോത്സാഹിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് തണ്ടാലിയില്‍ മീന്‍ കയറുന്നത് കുറവായിരിക്കുമെന്നതിനാല്‍ ചൂണ്ട ഉപയോഗിക്കാന്‍ സംഘം അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. സ്വയം തീറ്റ കണ്ടെത്തുന്നവയാണെങ്കിലും നല്ല വളര്‍ച്ചയുള്ള മീനുകളാണ് ഡാമില്‍ നിന്ന് ലഭിക്കുന്നതെന്ന് സംഘം സെക്രട്ടറി സന്ദീപ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന വിവിധ ബോധവല്‍ക്കരണ ക്ലാസുകളില്‍ സംഘം പ്രസിഡന്റും സെക്രട്ടറിയും പങ്കെടുത്തത് അവരുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്.
ഏഴ് കിലോ മീറ്റര്‍ പരിധിയിലാണ് മീന്‍ പിടിക്കാന്‍ അനുമതിയുള്ളത്. റിസര്‍വോയറില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ അതിവേഗം കരയിലെത്തിക്കാന്‍ സ്പീഡ് ബോട്ട് അനുവദിക്കാന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് 40 അംഗങ്ങള്‍ ഇവിടെ മീന്‍ പിടിക്കുന്നുണ്ട്.
ഹൈഡല്‍ ടൂറിസമുള്ളതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട അഞ്ച് വരെ മീന്‍ പിടിക്കരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിര്‍ദേശം. ഇപ്പോള്‍ കോവിഡ്-19 കാരണം വിനോദ സഞ്ചാരികള്‍ക്ക് അണക്കെട്ടില്‍ പ്രവേശനമില്ലെങ്കിലും വൈദ്യുതിവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. നാല് മാസം കൊണ്ട്തന്നെ നല്ല ലാഭമുണ്ടാക്കാന്‍ സംഘത്തിന് കഴിയുന്നുണ്ട്. സൊസൈറ്റി തുടങ്ങുമ്പോള്‍ 90 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴത് 150 ആയിട്ടുണ്ട്. രാജന്‍ കെ. ആര്‍, ബാബു പി.വി, മനോജ് റ്റി, മോഹന്‍ദാസ് എ.കെ, വിലാസിനി വിനോദ് എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.
കൂട്ടിനുള്ളിലെ മീന്‍ വളര്‍ത്തല്‍
റീ ബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുരസാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യക്കൃഷി പദ്ധതി സെപ്റ്റംബര്‍ എട്ടിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. വയനാട് ജില്ലയില്‍ ആദ്യമായാണ് ജലാശയത്തില്‍ കൂട് മത്സ്യക്കൃഷി നടത്തുന്നത്. വൈദ്യുതിവകുപ്പിന് കീഴിലുള്ള അണക്കെട്ടില്‍ അവരുടെ അനുമതിയോടെയാണ് മത്സ്യക്കൃഷി. ജല-കൃഷി വികസന ഏജന്‍സിക്കാണ് പദ്ധതിയുടെ നിര്‍വഹണച്ചുമതല. ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള ( അഡാക് ) എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ നേതൃത്വത്തിലാണ് കൂട് പണി നടന്നത്.
ഗിഫ്റ്റ്, തിലാപ്പിയ ഇനത്തില്‍പ്പെട്ട ഒരു ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിച്ചത്. ആറു മാസം കൊണ്ട് വിളവെടുക്കാം. കൂടുകളിലെ വലയിലാണ് മീനിനെ വളര്‍ത്തുക. 3.2 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 90 കൂടുകളാണ് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തയാറാക്കിയിരിക്കുന്നത്. ഒരു കൂട്ടില്‍ 3840 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.
അണക്കെട്ടിന്റെ കുറ്റിയാംവയല്‍ ഭാഗത്ത് ഒമ്പത് ബ്ലോക്കുകളിലായാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒമ്പത് യൂണിറ്റ് 10 പേര്‍ക്ക് എന്ന കണക്കില്‍ 90 കൂടുകളാണ് നിര്‍മിച്ചിരിക്കുന്നത്. സൊസൈറ്റി രൂപവത്കരിച്ച സമയത്ത് അംഗങ്ങളായ 90 പേര്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കിയത്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് മീന്‍ പിടിച്ച് ഉടന്‍തന്നെ വില്‍പ്പന നടത്താന്‍ സാധിക്കും. ആവശ്യത്തിലധികം മീന്‍ ലഭിച്ചാല്‍ ബാക്കിയുള്ളവ തിരിച്ച് കൂടുകളില്‍ത്തന്നെ നിക്ഷേപിക്കാം എന്നത് ഇത്തരം മത്സ്യക്കൃഷിയുടെ പ്രത്യേകതയാണ്.
കാരാപ്പുഴ അണക്കെട്ടിലും കൂട് മത്സ്യക്കൃഷി തുടങ്ങാന്‍ പദ്ധതിയുണ്ട്. ജില്ലയുടെ ഉള്‍നാടന്‍പ്രദേശങ്ങളില്‍ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ നിഖില പറഞ്ഞു. സൊസൈറ്റി അംഗങ്ങളുടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒക്ടോബറോടെ കാരാപ്പുഴയിലും കൂട് മത്സ്യക്കൃഷിയുടെ പ്രവര്‍ത്തനം തുടങ്ങാമെന്നാണ് ഫിഷറീസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.