ദേശീയ സഹകരണനയം: സമിതിയംഗങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തി
മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ദേശീയ സഹകരണനയ രൂപവത്കരണസമിതിയംഗങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ദേശീയ സഹകരണ ബാങ്ക് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സഹകരണമേഖലയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനുമുള്ള പുതിയ ദേശീയ സഹകരണനയത്തിനാവശ്യമായ കരടു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ഈ ദേശീയസമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനും സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഗുണം കിട്ടാനും സഹകരണമേഖലയെ ശക്തിപ്പെടുത്തുക എന്നതാണു തങ്ങളുടെ ദൗത്യമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. അര മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ ദേശീയ സഹകരണനയ രൂപവത്കരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതായി സമിതിയിലെ ഒരംഗം അറിയിച്ചു. നബാര്‍ഡിന്റെ മാതൃകയില്‍ രൂപം കൊടുക്കാനുദ്ദേശിക്കുന്ന ദേശീയ സഹകരണ ബാങ്കിനെക്കുറിച്ചും അവര്‍ സംസാരിച്ചു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെയായിരിക്കും ദേശീയ സഹകരണ ബാങ്ക് സ്ഥാപിക്കുക. 63,000 ത്തോളം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്ക് ( PACS ) ഫണ്ട് അനുവദിക്കുകയെന്നതാകും ഈ ബാങ്കിന്റെ പ്രധാന ലക്ഷ്യം.
ദേശീയനയത്തിന്റെ കരടുരൂപം ഏതാണ്ട് പൂര്‍ത്തിയാകാറായിട്ടുണ്ട്. 2024 മുതല്‍ 25 വര്‍ഷം മുന്‍കൂട്ടിക്കണ്ട് സഹകരണമേഖലയ്ക്കാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കരടില്‍ നിര്‍ദേശങ്ങളുണ്ടാവും. ദേശീയ സഹകരണ സര്‍വകലാശാല, ദേശീയ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ദേശീയ സഹകരണ ഓഡിറ്റ് ആന്റ് അക്കൗണ്ടിങ് ബോര്‍ഡ്, കയറ്റുമതിക്കായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം, ദേശീയ സഹകരണ ട്രിബ്യൂണല്‍ എന്നിവയുടെ രൂപവത്കരണത്തെക്കുറിച്ചും കരടില്‍ നിര്‍ദേശങ്ങളുണ്ടാവും.
[mbzshare]